മീററ്റ്: ഒരു പിതാവിന്റെ സ്നേഹം നിരുപാധികമാണെന്ന് തെളിയിച്ചുകൊണ്ട്, ഉത്തർപ്രദേശിലെ മീററ്റില്‍ ഒരു വിരമിച്ച ജഡ്ജി തന്റെ മകളെ വിവാഹമോചനത്തിനുശേഷം ആഡംബരത്തോടെയും വൈഭവത്തോടെയും തിരികെ കൊണ്ടുവന്നു.
തന്റെ മകളുടെ സന്തോഷം, ആളുകള്‍ എന്ത് പറയും? എന്നതിനേക്കാള്‍ വളരെ വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. വിവാഹ മോചനം നേടിയ മകളെ ബാൻഡും മേളവുമായാണ് പിതാവ് സ്വീകരിച്ച് വീട്ടിലേക്ക് എത്തിച്ചത്.
വിവാഹമോചനം മറ്റുള്ളവർ അറിയിക്കാതെ മൂടിവയ്ക്കുന്ന സാഹചര്യത്തിലാണ് മീററ്റിലെ സംഭവം. വിവാഹമോചനം ഒരു മോശം കാര്യമല്ലെന്ന സന്ദേശമാണ് ഈ അച്ഛൻ മുന്നോട്ട് വയ്ക്കുന്നത്. ഇന്ത്യൻ ആർമിയില്‍ മേജറായ യുവാവിനെ 2018ലാണ് അഭിഭാഷകനായ ജ്ഞാനേന്ദ്ര കുമാറിൻ്റെ മകള്‍ പ്രണിത വസിഷ്ഠ് വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ് വർഷങ്ങള്‍ക്കുള്ളില്‍ തന്നെ ഭർതൃവീട്ടില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ പ്രണിതയ്ക്ക് ഏല്‍ക്കേണ്ടി വന്നത് ഒരു കുഞ്ഞ് ജനിച്ച ശേഷവും കാര്യങ്ങള്‍ മെച്ചപ്പെട്ടില്ല. ഇതോടെയാണ് മീററ്റിലെ കുടുംബ കോടതിയില്‍ പ്രണിത വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്.
ശനിയാഴ്ച കോടതി വിവാഹമോചനം അനുവദിച്ചതോടെ പ്രണിതയെ കുടുംബാംഗങ്ങള്‍ വലിയ ആഘോഷമായാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. അച്ഛൻ ജ്ഞാനേന്ദ്ര കുമാർ പൂമാലയിട്ട് മകളെ സ്വീകരിക്കുകയും മധുരം വിതരണം ചെയ്ത് സന്തോഷം പങ്കുവെക്കുകയും ചെയ്തു. ഞാൻ എൻ്റെ മകളെ സ്നേഹിക്കുന്നു എന്ന് എഴുതിയ കറുത്ത ടീ ഷർട്ടായിരുന്നു ജ്ഞാനേന്ദ്രയും കുടുംബാംഗങ്ങളും ധരിച്ചിരുന്നത്.
എൻ്റെ മകളുടെ ദാമ്പത്യ ജീവിതം സന്തോഷകരമല്ലെങ്കില്‍, ആ സാഹചര്യത്തില്‍ നിന്ന് അവളെ രക്ഷിക്കേണ്ടത് എൻ്റെ കടമയാണ്. ഒരു രൂപ പോലും ജീവനാംശം ആവശ്യപ്പെടാതെയാണ് ഞാൻ അവളെ തിരികെ കൊണ്ടുവന്നത്. പെണ്‍മക്കള്‍ ഒരു വസ്തുവല്ല. സമൂഹത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് അവരുടെ സന്തോഷത്തിനും അഭിമാനത്തിനുമാണ് ജ്ഞാനേന്ദ്ര വിശദമാക്കുന്നത്. വിവാഹമോചനത്തെക്കുറിച്ചുള്ള സമൂഹത്തിലെ മോശം കാഴ്ചപ്പാടുകള്‍ മാറ്റിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പീഡനം നേരിടുന്ന സ്ത്രീകള്‍ നിശബ്ദത പാലിക്കരുതെന്ന് അവർ ആവശ്യപ്പെട്ടു. "നിങ്ങള്‍ക്കുവേണ്ടി നിലകൊള്ളുക. വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതിനുമുമ്പ് ശക്തരാകുക, സ്വയം വിദ്യാഭ്യാസം നേടുക, സ്വതന്ത്രരാകുക," അവർ പറഞ്ഞു.

