ഭോപ്പാല്‍: മധ്യപ്രദേശില്‍ ആരോഗ്യ-അടിസ്ഥാന സൗകര്യങ്ങളുടെ ദയനീയാവസ്ഥ തുറന്നുകാട്ടുന്ന മറ്റൊരു ദാരുണ സംഭവം കൂടി പുറത്ത്.
കൃത്യസമയത്ത് ആംബുലൻസ് ലഭ്യമാകാത്തതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ ഗോത്രവർഗ്ഗ സ്ത്രീയെ കട്ടിലില്‍ ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യാത്രാമധ്യേ മരണമടഞ്ഞു. മധ്യപ്രദേശിലെ രേവ ജില്ലയിലുള്ള മാംഗവാനിലാണ് സംഭവം.
സംസ്ഥാന ആരോഗ്യ മന്ത്രി രാജേന്ദ്ര ശുക്ലയുടെ സ്വന്തം ജില്ലയില്‍ തന്നെയാണ് ഇത്തരമൊരു ദുരന്തം സംഭവിച്ചിരിക്കുന്നത് എന്നത് വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ വ്യാപകം; പ്രതിഷേധം ശക്തം
നാലോ അഞ്ചോ പേർ ചേർന്ന് സ്ത്രീയെ കട്ടിലില്‍ കിടത്തി തോളിലേറ്റിക്കൊണ്ട് ചെളി നിറഞ്ഞ വഴിയിലൂടെ ഓടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് ശരിയായ റോഡ് സൗകര്യമില്ലാത്തതിനാല്‍ കിലോമീറ്ററുകളോളം ദുഷ്കരമായ വഴിയിലൂടെയാണ് ഇവർക്ക് സഞ്ചരിക്കേണ്ടി വന്നത്. ആശുപത്രി ഇനിയും ഏറെ ദൂരമുണ്ടെന്ന് ആളുകള്‍ വിളിച്ചുപറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
കൃത്യമായ റോഡോ ആംബുലൻസ് സൗകര്യമോ ഒരുക്കാൻ സാധിക്കാത്ത ഭരണകൂടത്തിനും ആരോഗ്യ വകുപ്പിനുമെതിരെ പ്രാദേശിക തലത്തിലും സോഷ്യല്‍ മീഡിയയിലും കടുത്ത വിമർശനമാണ് ഉയരുന്നത്. മധ്യപ്രദേശില്‍ മുൻപും സമാനമായ രീതിയില്‍ കൃത്യസമയത്ത് ആംബുലൻസ് ലഭിക്കാതെ രോഗികള്‍ മരണപ്പെട്ട സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം.

