Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആര്‍സിബി കിരീടം നേടിയതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ നടന്ന വിജയാഘോഷം അക്രമാസക്തമായി; ആരാധകര്‍ ബസ് തകര്‍ത്തു, ഗതാഗതം തടസ്സപ്പെടുത്തി

ആര്‍സിബി കിരീടം നേടിയതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ നടന്ന വിജയാഘോഷം അക്രമാസക്തമായി; ആരാധകര്‍ ബസ് തകര്‍ത്തു, ഗതാഗതം തടസ്സപ്പെടുത്തി

Media Mangalam 1 week ago

ഹൈദരാബാദ്: ഐ.പി.എല്‍ ഫൈനലില്‍ ആർസിബി കിരീടം നേടിയതിനെ തുടർന്ന് ആന്ധ്രാപ്രദേശിലെ കുർണൂലില്‍ നടന്ന വിജയാഘോഷം അക്രമാസക്തമായി.

ആർ.സി.ബി ആരാധകരുടെ ആഘോഷങ്ങള്‍ നിയന്ത്രണം വിട്ടതോടെ മേഖലയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉടലെടുത്തു. വിജയാഘോഷത്തിന്റെ ഭാഗമായി തെരുവുകളിലിറങ്ങിയ ചില ആരാധകർ റോഡുകള്‍ ഉപരോധിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തു.

ആഘോഷങ്ങള്‍ക്കിടെ വാഹനഗതാഗതം തടസ്സപ്പെടുകയും പ്രദേശത്ത് ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. ചിലയിടങ്ങളില്‍ പൊതുസൗകര്യങ്ങള്‍ക്കും നാശനഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രി വൈകി മത്സരം അവസാനിച്ചതിന് പിന്നാലെ നൂറുകണക്കിന് യുവാക്കളാണ് ആർ.സി.ബി പതാകകളും ബാനറുകളുമായി തെരുവിലിറങ്ങിയത്. ആഘോഷങ്ങള്‍ക്കിടെ കുർണൂലിലെ രാജു വിഹാർ സെന്ററില്‍ തടിച്ചുകൂടിയ ആരാധകർ റോഡ് പൂർണ്ണമായി ഉപരോധിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.

ആഘോഷത്തിമിർപ്പിനിടയില്‍ ഒരുസംഘം യുവാക്കള്‍ റോഡരികില്‍ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ബസിന്റെ ജനല്‍ച്ചില്ലുകള്‍ പൂർണ്ണമായി തകരുകയും വാഹനത്തിന് വലിയ തോതില്‍ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഈ സമയം ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ അപ്രതീക്ഷിത അക്രമത്തില്‍ പരിഭ്രാന്തരായി.

വിവരമറിഞ്ഞ് വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തുകയും അക്രമാസക്തരായ ജനക്കൂട്ടത്തെ ലാത്തിവീശി ഓടിക്കുകയുമായിരുന്നു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസിന് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും ഗതാഗതം പുനഃസ്ഥാപിക്കാനും കഴിഞ്ഞത്.

ആഘോഷങ്ങള്‍ ആകാമെന്നും എന്നാല്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബസിന്റെ ചില്ലുകള്‍ തകർത്ത അക്രമികളെ കണ്ടെത്താൻ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണെന്ന് കുർണൂല്‍ സർക്കിള്‍ ഇൻസ്പെക്ടർ അറിയിച്ചു.

ഫൈനല്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തകർത്താണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു തുടർച്ചയായ രണ്ടാം വർഷവും ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയത്. റണ്‍ചേസിങില്‍ തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത വിരാട് കോലി 42 പന്തില്‍ നിന്ന് 9 ഫോറുകളും 3 സിക്സറുകളുമടക്കം 75 റണ്‍സോടെ പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. കോലിയുടെ ഐ.പി.എല്‍ കരിയറിലെ ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ച്വറിയും (25 പന്തില്‍) ഈ മത്സരത്തിലായിരുന്നു.

അതേസമയം ആഘോഷങ്ങള്‍ അക്രമാസക്തമായ സംഭവത്തില്‍ ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച്‌ വരികയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam