പിരീഡ് ക്രാമ്പുകള്‍, വൈദ്യശാസ്ത്രത്തില്‍ ഡിസ്മനോറിയ എന്നറിയപ്പെടുന്നു. ആർത്തവ വേദനയും വയറുവേദനയും സ്ത്രീകളുടെ പ്രതിമാസ കാലയളവിലുടനീളം സാധാരണ പരാതികളാണ്.
എന്നിരുന്നാലും, ആർത്തവ വേദന ഒരു സ്ത്രീയില്‍ നിന്ന് മറ്റൊന്നിലേക്ക് തീവ്രതയിലും ദൈർഘ്യത്തിലും വ്യത്യാസപ്പെടാം. ഈ സമയം പല മാറ്റങ്ങള്‍ക്കും സ്ത്രീകളുടെ ശരീരത്തില്‍ പ്രകടമാണ്. എന്നാല്‍
ആർത്തവത്തിന് മുൻപായി നിങ്ങള്‍ക്ക് മുഖക്കുരു വരാറുണ്ടോ?
ഇത് പലരെയും അലട്ടുന്ന ഒന്നാണ്. ആർത്തവത്തിന് മുൻപുള്ള ഹോർമോണ്‍ വ്യതിയാനങ്ങളാണ് ഈ മുഖക്കുരുവുന് പിന്നില്‍. ആർത്തവം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുകയും ആൻഡ്രോജന്റെ പ്രവർത്തനം കൂടുകയും ചെയ്യുന്നു.
ഈ ഹോർമോണ്‍ മാറ്റം ചർമത്തിലെ സെബേഷ്യസ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും സെബം എന്നറിയപ്പെടുന്ന എണ്ണമയം കൂടുതല്‍ ഉത്പാദിപ്പിക്കാൻ കാരണമാവുകയും ചെയ്യുന്നു. ഇത് ചർമത്തിലെ മൃതകോശങ്ങളുമായും ബാക്ടീരിയകളുമായും കലരുമ്പോള്‍ ചർമ സുഷിരങ്ങള്‍ അടയുകയും മുഖക്കുരു ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ടാണ് പല സ്ത്രീകള്‍ക്കും ആർത്തവത്തിന് തൊട്ടുമുമ്പ് പെട്ടെന്ന് ചെറിയ കുരുക്കള്‍, വൈറ്റ്‌ഹെഡ്‌സ്, അല്ലെങ്കില്‍ വേദനയേറിയ വലിയ മുഖക്കുരുക്കള്‍ എന്നിവ ഉണ്ടാകുന്നത്.
ഹോർമോണ്‍ വ്യതിയാനം മൂലമുള്ള മുഖക്കുരു സാധാരണയായി മുഖത്തിന്റെ താഴത്തെ ഭാഗങ്ങളായ താടിയെല്ല്, താടി, കവിളുകള്‍ എന്നിവയ്ക്ക് ചുറ്റുമാണ് ഉണ്ടാകാറ്. ഈ പാറ്റേണ്‍ ഹോർമോണ്‍ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. കൃത്യമായ ചർമ സംരക്ഷണം പിന്തുടരുന്ന സ്ത്രീകളില്‍ പോലും ഇത്തരം മുഖക്കുരുക്കള്‍ ഉണ്ടായേക്കാം.
ജീവിതശൈലി മുഖക്കുരു കൂടാൻ കാരണമാകും
ആർത്തവകാലത്തെ മുഖക്കുരുവിന് കാരണം ഹോർമോണുകള്‍ മാത്രമായിരിക്കണമെന്നില്ല. ചില ജീവിതശൈലീ ഘടകങ്ങള്‍ ആർത്തവത്തിന് തൊട്ടുമുമ്പ് ഈ ചർമ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കും. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാനസിക സമ്മർദ്ദം. സമ്മർദ്ദം കൂടുമ്പോള്‍ ശരീരം കോർട്ടിസോള്‍ എന്ന ഹോർമോണ്‍ പുറപ്പെടുവിക്കുന്നു. ഇത് ചർമത്തിലെ എണ്ണമയവും വീക്കവും വർധിപ്പിക്കും.
ഉറക്കമില്ലായ്മ, ശരീരത്തില്‍ ജലാംശം കുറയുന്നത്, മോശം ഭക്ഷണക്രമം, മധുരം അമിതമായി കഴിക്കുന്നത് എന്നിവയെല്ലാം മുഖക്കുരു ട്രിഗർ ചെയ്യാം. ആർത്തവത്തിന് തൊട്ടുമുമ്പ് ചർമം കൂടുതല്‍ സെൻസിറ്റീവ് ആകാറുണ്ട്. ഈ സമയത്ത് വീര്യമേറിയ സ്കിൻകെയർ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും മുഖം അമിതമായി ഉരച്ചു കഴുകുന്നതും കൂടുതല്‍ ദോഷം ചെയ്യും.
മുഖക്കുരുവിനൊപ്പം ഈ ലക്ഷണങ്ങള്‍ കൂടിയുണ്ടെങ്കില്‍ ശ്രദ്ധിക്കണം
ക്രമരഹിതമായ ആർത്തവം, മുഖത്ത് അമിത രോമം വളർച്ച, പെട്ടെന്ന് ശരീരഭാരം കൂടുക, മുടി കൊഴിച്ചില്‍ ഈ ലക്ഷണങ്ങള്‍ പിസിഒഎസ്, തൈറോയ്ഡ് പ്രശ്നങ്ങള്‍ അല്ലെങ്കില്‍ ആൻഡ്രോജൻ ഹോർമോണിന്റെ അളവ് കൂടുന്നത് എന്നിവയുടെ സൂചനയാകാം.
ആർത്തവത്തിന് മുമ്പുള്ള മുഖക്കുരു എങ്ങനെ നിയന്ത്രിക്കാം?
ഹോർമോണ്‍ മുഖക്കുരു കുറക്കുന്നതിനായി ചർമ സംരക്ഷണവും ആരോഗ്യകരമായ ജീവിതശൈലിയും ഒരുമിച്ച് കൊണ്ടുപോകാനാണ് വിദഗ്ദർ നിർദേശിക്കുന്നത്.
ചർമത്തിന് അനുയോജ്യമായ, സുഷിരങ്ങള്‍ അടയ്ക്കാത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക.
മുഖം അമിതമായി ഉരച്ചു കഴുകാതെ, മൃദുവായി പതിവായി വൃത്തിയാക്കുക.
ധാരാളം വെള്ളം കുടിക്കുക.
പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക.
അമിതമായി മധുരമുള്ളതും സംസ്കരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
മാനസിക സമ്മർദ്ദം കുറക്കുക.
കൃത്യമായി ഉറങ്ങുക.

