പത്തനംതിട്ട: കെഎസ്‌ആർടിസിയുടെ പ്രിയദർശിനി ബസുകള്‍ കൂടുതല്‍ സർവീസ് ആരംഭിച്ചതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞത് സ്വകാര്യ ബസുകള്‍ക്ക് തിരിച്ചടിയായി.
ഇതിനൊപ്പം ഡീസല്‍ വിലവർധനയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ബസ്സിനുള്ളില്‍ പലഹാര കച്ചവടം നടത്തി പത്തനംതിട്ടയിലെ കണ്ടക്ടർമാർ പ്രതിഷേധിക്കുകയാണ്. വരുമാന മാർഗം കൂട്ടാൻ പുതിയ വഴി എന്ന് പറഞ്ഞാണ് കച്ചവടം നടത്തുന്നത്.
കെ.എസ്.ആർ.ടി.സിക്ക് നിരവധി ഓർഡിനറി ബസ്സുകള്‍ ഉള്ളതിനാല്‍ 'പ്രിയദർശിനി' പദ്ധതി സ്വകാര്യ ബസുകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ജില്ലകളില്‍ ഒന്നാണ് പത്തനംതിട്ട. യാത്രക്കാർ കുറഞ്ഞതോടെ ഡീസല്‍ അടിക്കാനുള്ള പണം പോലും കിട്ടാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു. ഇതിനു പിന്നാലെയാണ് ബസ് ഉടമകള്‍ ടിക്കറ്റ് ഇതര വരുമാനത്തെ കുറിച്ച് ആലോചിക്കണമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍ പറഞ്ഞത്. ഇതോടെ ബസ്സിനുള്ളില്‍ അചപ്പം ഉള്‍പ്പെടെയുള്ള പലഹാര കച്ചവടം നടത്താൻ ജീവനക്കാർ തീരുമാനിക്കുകയായിരുന്നു.
'100 രൂപയ്ക്ക് 10 രൂപ വീതം കമ്മീഷനാണ് ഞങ്ങള്‍ക്ക് കിട്ടിയിരുന്നത്. അതായത് 100 ഓടുമ്പോള്‍ 80 രൂപ മുതലാളിക്കും 10രൂപ വീതം ഞങ്ങള്‍ക്ക് രണ്ടുപേർക്കും കിട്ടും. 10,000 രൂപ ഓടിയാല്‍ 1,000 രൂപ ശമ്പളമുണ്ട്. ഇപ്പോള്‍ കിട്ടുന്നത് 6000 മുതല്‍ 8,000 രൂപ വരെയാണ്. മുന്നോട്ട് പോകാൻ വലിയ പാടാണ്' -പലഹാരം വിറ്റ് പ്രതിഷേധിക്കുന്ന കണ്ടക്ടർ പറഞ്ഞു.
അതിനിടെ, സൗജന്യയാത്ര മൂലമുള്ള പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കില്‍ വാഹന ബന്ദിലേക്ക് നീങ്ങാനാണ് സ്വകാര്യ ബസ് ഉടമകളുടെ നീക്കം. ടൂറിസ്റ്റ് ബസ്, ടാക്സി, ഓട്ടോ എന്നിവരെ അണിനിരത്തിയാകും ബന്ദ് നടത്തുക. ഇത് സംബന്ധിച്ച് ജൂലൈ ആറിന് യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കുമെന്നും സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കി.
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി വന്നതിന് ശേഷം സ്വകാര്യ ബസുകള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒഴിഞ്ഞ ബസുമായി സർവിസ് പൂർത്തിയാക്കേണ്ട സ്ഥിതിയാണ് ഉള്ളതെന്ന് ഇവർ പറയുന്നു. ഡീസല്‍ ചെലവിനും തൊഴിലാളികളുടെ വേതനത്തിന് പോലും പണം കണ്ടെത്താനാവാത്തത്രയും മോശം അവസ്ഥയിലാണ് ഉള്ളതെന്നും ഉടമകള്‍ പറയുന്നു.
അതേസമയം, മലയോര റൂട്ടുകളിലെ കെ.എസ്.ആർ.ടി.സി ബസുകളില്‍ സുരക്ഷപരിധി ലംഘിച്ച് ഇരട്ടിയോളം യാത്രക്കാരെ കുത്തിനിറച്ച് സർവിസ് നടത്തുന്നത് അപകട സാധ്യത വർധിപ്പിക്കുകയാണ്. സുരക്ഷപരിധി 64 ആണെങ്കിലും പ്രിയദർശിനി സർവിസുകള്‍ വന്നതോടെ 120ലധികം പേരെ കയറ്റേണ്ട അവസ്ഥയാണ് പല കെ.എസ്.ആർ.ടി.സി ബസുകളിലും.
15 വർഷത്തിലധികം പഴക്കമുള്ള ബസുകള്‍ വീതി കുറഞ്ഞ മലയോര റോഡുകളിലൂടെ ഇത്തരത്തില്‍ സർവിസ് നടത്തുന്നത് അപകടകരമാണ്. മലക്കപ്പാറ, നെല്ലിയാമ്പതി, മൂന്നാർ, ഗവി എന്നിവിടങ്ങളിലെല്ലാം റോഡുകളുടെ വീതിക്കുറവും യാത്രക്കാരുടെ എണ്ണം വർധിക്കുന്നതും ബസുകളെ ബാധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ 7.55 ന് ചാലക്കുടിയില്‍ നിന്ന് മലക്കപ്പാറയിലേക്ക് പുറപ്പെട്ട ആർ.എൻ.ഇ 276 നമ്പർ ബസില്‍ ചാലക്കുടി സ്റ്റാൻഡില്‍ നിന്ന് തന്നെ 95 ലധികം പേർ കയറിയിരുന്നു. തുടർന്ന് സ്വകാര്യ ബസ് സ്റ്റാൻഡിയെത്തിയപ്പോള്‍ വീണ്ടും ആളുകള്‍ കയറിയതോടെ 120 ലധികം യാത്രക്കാരുമായാണ് സർവിസ് പൂർത്തിയാക്കിയത്.
മോട്ടോർ വാഹന ചട്ട പ്രകാരം 51 സീറ്റിങ്ങും 25 ശതമാനം സ്റ്റാൻഡിങ്ങുമുള്‍പ്പെടെ പരമാവധി 64 പേർക്ക് മാത്രം യാത്ര ചെയ്യാവുന്നിടത്താണിത്. ദുർഘടമായ മലയോര പാതയിലൂടെ അമിതഭാരം കയറ്റി സർവിസ് നടത്തുന്നത് വൻ ദുരന്തത്തിന് കാരണമായേക്കാം. കാലവർഷം കനത്തതോടെ റോഡിന്റെ വശങ്ങള്‍ ഇടിയാനും വണ്ടി തെന്നിമാറാനുമുള്ള സാധ്യത കൂടുതലാണെന്നും ഇത് ഗുരുതര സുരക്ഷ വീഴ്ചയാണെന്നും കാണിച്ച് സ്വതന്ത്ര ട്രാൻസ്പോർട്ട് എംപ്ലോയീസ് ഫെഡറേഷൻ ഗതാഗതമന്ത്രിക്കും കെ.എസ്.ആർ.ടി.സി സി എം.ഡിക്കും കത്ത് നല്‍കി.
അതേസമയം വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ പല റൂട്ടുകളിലും ജീവനക്കാർക്ക് പകുതി ശമ്പളമാണ് നല്‍കുന്നതെന്ന് ബസുടമകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യം തുടർന്നാല്‍ ജീവനക്കാർ ജോലി ഉപേക്ഷിക്കാനുള്ള സാധ്യതയും വർധിക്കുമെന്ന ആശങ്കയുണ്ട്. സർക്കാർ പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് പല ഉടമകളും ജി ഫോം സമർപ്പിക്കാതെ കാത്തിരിക്കുന്നത്.

