മലപ്പുറം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്. അധ്വാനിച്ചവര്‍ പരിഗണിക്കപ്പെടുന്നില്ലെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ പരാതി.
അർഹതപ്പെട്ടവർ അവഗണിക്കപ്പെടുന്നുവെന്നും എസ്‌എഫ് സംസ്ഥാന ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക് തുറന്നടിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു അഷ്ഹറിന്റെ പ്രതികരണം.
സ്വിഗി ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ച എംഎസ്‌എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ പള്ളത്തിന്റെ ചിത്രം പങ്കുവെച്ചായിരുന്നു വിമര്‍ശനം. പേഴ്‌സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് അതൃപ്തി അറിയിച്ച് നേരത്തെ യൂത്ത് ലീഗ് പരാതി നല്‍കിയിരുന്നു.
'അധ്വാനം പ്രവര്‍ത്തകരുടേത്, പ്രതീക്ഷയും അവരുടേത്, എന്നാല്‍ പരിഗണനയുടെ മാനദണ്ഡങ്ങള്‍ മറ്റെവിടയോ എഴുതപ്പെടുമ്പോള്‍, നിരാശപ്പെടുന്നത് ഒരു വ്യക്തിയല്ല, ആത്മാര്‍ത്ഥമായി വിയര്‍പ്പൊഴുക്കുന്ന മുഴുവന്‍ പ്രവര്‍ത്തകരുമാണ്'- എന്ന കുറിപ്പോടെയാണ് അഷ്ഹര്‍ പെരുമുക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റില്‍ സ്വിഗി ജീവനക്കാരനായി ജോലി ചെയ്യുന്ന ഫിറോസ് പള്ളത്തിന്റെ ചിത്രവും ഉണ്ട്.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ അര്‍ഹതപ്പെട്ടവർക്ക് പരിഗണ നല്കുന്നില്ലെന്ന ആരോപണവുമായി യൂത്ത് ലീഗിന്റെ സംസ്ഥാന ഭാരവാഹി ആയ എംകെ സമദും രംഗത്തുവന്നിരുന്നു. പി എം സാധിക്കലിയെ പോലുള്ള നേതാക്കന്മാരെ പരിഗണിക്കുന്നില്ലെന്നായിരുന്നു സമദിന്റെ വിമർശനം.

