കാസർകോട്: അധ്യാപികയായ ഭാര്യയെ സ്കൂളിലേക്ക് പോകാൻ ബസ് സ്റ്റോപ്പില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ മധ്യവയസ്കൻ ജീവനൊടുക്കി.
കാസർകോട് പനത്തടിയിലെ ശങ്കർ ബേക്കറി ആന്റ് കൂള്‍ ബാർ ഉടമയും പൊതുപ്രവർത്തകനുമായ കെ എൻ വേണു ആണ് മരിച്ചത്. 52 വയസായിരുന്നു.
ഇന്ന് രാവിലെ ഇദ്ദേഹം ഭാര്യയെ പനത്തടി ബസ് സ്റ്റോപ്പിലെത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തുകയും ജീവനൊടുക്കുകയുമായിരുന്നു എന്നാണ് വിവരം. വീട്ടിലെത്തിയ വേണു ഒന്നാം നിലയിലേക്ക് പോകുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടുണ് അച്ഛനെ കാണാതെ വന്നതോടെ വേണുവിന്റെ മകള്‍ അന്വേഷിച്ചെത്തിയപ്പോള്‍ കണ്ടത് കിടപ്പുമുറിയില്‍ തൂങ്ങി നില്ക്കുന്ന വേണുവിനെയാണ്. ഉടൻ തന്നെ അയല്‍വാസികളുടെ സഹായത്തോടെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ബളാന്തോട് സ്കൂള്‍ മുൻ പിടിഎ പ്രസിഡന്റ്, പനത്തടി വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡന്റ്, കോളിച്ചാല്‍ ലയണ്‍സ് ക്ലബ് ഭാരവാഹി എന്നീ നിലകളില്‍ പ്രവർത്തിച്ച ആളായിരുന്നു വേണു. ഭാര്യ സരിതകാഞ്ഞങ്ങാട് അജാനൂർ ഇഖ്ബാല്‍ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയാണ്. മക്കള്‍: ശങ്കർ, അഞ്ജന.

