ന്യൂഡല്‍ഹി: ഏഷ്യൻ ഗെയിംസ് ട്രയല്‍ റണ്ണില്‍ വിനേഷ് ഫോഗട്ട് പങ്കെടുക്കുന്നത് തടയാൻ സുപ്രീം കോടതിയെ സമീപിച്ച് റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ.
ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. മെയ് 30, 31 തീയതികളില്‍ നടക്കുന്ന ട്രയലില്‍ പങ്കെടുക്കാൻ വിനേഷ് ഫോഗട്ടിന് നേരത്തെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.
പ്രസവാവധി കഴിഞ്ഞ് തിരികെയെത്തിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ഏഷ്യൻ ഗെയിംസിനുള്ള ട്രയല്‍ റണ്ണില്‍ പങ്കെടുക്കുന്നതില്‍നിന്ന് അയോഗ്യയാക്കിക്കൊണ്ട് റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച വിനേഷ് ഫോഗട്ടിന് മെയ് 18-ന് ലഭിച്ച വിധിയില്‍ നിരാശയായിരുന്നു ഫലം. എന്നാല്‍ ഈ വിധിക്കെതിരെ വിനേഷ് അപ്പീല്‍ നല്‍കി. തുടർന്ന് മെയ് 22-ന് താരത്തിന് ഏഷ്യൻ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുക്കാനുള്ള അനുമതി ഡല്‍ഹി ഹൈക്കോടതി നല്‍കി. താരത്തിന് ട്രയല്‍സില്‍ പങ്കെടുക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് ഡിവിഷൻ ബെഞ്ച് റെസ്‌ലിങ് ഫെഡറേഷന് നിർദേശവും നല്‍കിയിരുന്നു.
എന്നാല്‍ ഇതിനെതിരെ സുപ്രീം കോടതിയില്‍ ഹർജി സമർപ്പിച്ചിരിക്കുകയാണ് ഫെഡറേഷൻ. വിനേഷ് ഫോഗട്ടിനെ ട്രയല്‍സില്‍ പങ്കെടുപ്പിക്കരുത് എന്ന നിലപാടില്‍ ഫെഡറേഷന് ഒരു മാറ്റവുമില്ല. ഫെഡറേഷന്റെ ആവശ്യപ്രകാരം ഹർജി നാളെ വെള്ളിയാഴ്ച തന്നെ പരിഗണിക്കുമെന്നാണ് പുതിയ വാർത്ത.
പാരീസ് 2024 ഒളിമ്പിക്സില്‍ ആഗോളതലത്തില്‍ വാർത്തകളില്‍ ഇടംനേടിയ ഇന്ത്യൻ ഫ്രീസ്റ്റൈല്‍ ഗുസ്തി താരമാണ് വിനേഷ് ഫോഗട്ട്. ഒളിമ്പിക്സില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിനേഷ് ഫോഗട്ട്, 50 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച് നിലവിലെ ഒളിമ്പിക് ചാമ്പ്യനായ യുയി സുസാക്കിയെ പരാജയപ്പെടുത്തി ഫൈനലിലേക്ക് മുന്നേറിയിരുന്നു. ഇതോടെ ഒളിമ്പിക് ഗുസ്തിയില്‍ സ്വർണ്ണപ്പോരാട്ടത്തിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്രനേട്ടവും അവർ സ്വന്തമാക്കി. എന്നാല്‍, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഫൈനല്‍ മത്സരത്തിന്റെ അന്ന് രാവിലെ നടന്ന ഭാരപരിശോധനയില്‍ നിശ്ചിത പരിധിയേക്കാള്‍ 100 ഗ്രാം കൂടുതല്‍ ഭാരം രേഖപ്പെടുത്തിയതിനെ തുടർന്ന് വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു.

