Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'അമ്മ'യില്‍ രഹസ്യവിവര ചോര്‍ച്ച; സരയൂ മോഹനെതിരെ ഗുരുതര ആരോപണങ്ങളുമായി മായ വിശ്വനാഥ്

'അമ്മ'യില്‍ രഹസ്യവിവര ചോര്‍ച്ച; സരയൂ മോഹനെതിരെ ഗുരുതര ആരോപണങ്ങളുമായി മായ വിശ്വനാഥ്

Media Mangalam 1 week ago

'അമ്മ' സംഘടനയ്ക്കുള്ളില്‍ ഗുരുതര ആരോപണങ്ങളുമായി നടി മായ വിശ്വനാഥ് രംഗത്തെത്തി. സംഘടനയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന ഏറ്റവും വലിയ "സൈലന്റ് കില്ലർ പോയ്സണ്‍" സരയൂ മോഹനാണെന്നാണ് മായയുടെ വിമർശനം.

സംഘടനയുടെ നേതൃത്വത്തില്‍ മുൻപ് ആരംഭിച്ച 'കുടുംബസംഗമം' പരിപാടിയുമായി ബന്ധപ്പെട്ട് സരയൂ മോഹന്റെ ഭർത്താവ് രണ്ടര ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട് നടത്തിയെന്ന ആരോപണം സംഘടനയ്ക്കുള്ളില്‍ തന്നെ വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരുന്നുവെന്നും അവർ പറഞ്ഞു. 'അമ്മ'യുടെ ഔദ്യോഗിക ഇമെയിലുകളും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗങ്ങളില്‍ കൈക്കൊള്ളുന്ന അതീവ രഹസ്യ തീരുമാനങ്ങളും നിരന്തരം ഓണ്‍ലൈൻ മാധ്യമങ്ങളിലേക്ക് ചോർന്നുപോകുന്ന സാഹചര്യമുണ്ടെന്നും മായ വിശ്വനാഥ് ആരോപിച്ചു.

അതേസമയം, ജനപ്രതിനിധിയായ രമേശ് പിഷാരടിയെ ശ്വേതാ മേനോൻ 'പിഷു' എന്ന് അഭിസംബോധന ചെയ്തത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും അത് അംഗീകരിക്കാനാകാത്ത രീതിയാണെന്നും മായ അഭിപ്രായപ്പെട്ടു. സുഹൃത്തുക്കള്‍ തമ്മിലുള്ള സ്വകാര്യ ഫോണ്‍ സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്തുവിട്ടതിന് പിന്നില്‍ മോശം ഉദ്ദേശ്യമാണുള്ളതെന്നും അവർ കുറ്റപ്പെടുത്തി.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് ജഗദീഷ് പിന്മാറിയ സംഭവത്തിലും ശ്വേതാ മേനോൻ അനാവശ്യ അജണ്ടകള്‍ നടപ്പാക്കിയിട്ടുണ്ടാകാമെന്ന സംശയവും മായ പ്രകടിപ്പിച്ചു. നിലവിലെ പ്രതിസന്ധികള്‍ മറികടക്കാൻ ധ്യാൻ ശ്രീനിവാസന്റെ നേതൃത്വത്തില്‍ യുവതലമുറ സംഘടനയുടെ നേതൃത്വം ഏറ്റെടുക്കേണ്ട സമയമായെന്നാണ് അവരുടെ നിലപാട്. 'സീ മലയാളം' ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് മായ വിശ്വനാഥ് ഈ ആരോപണങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചത്.

മായാ വിശ്വനാഥിന്റെ വാക്കുകള്‍:

"ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയ 'സൈലന്റ് കില്ലർ പോയ്സണ്‍' അത് സരയൂ മോഹൻ തന്നെയാണ്. ആ സത്യം സംഘടനയിലെ എല്ലാ അംഗങ്ങള്‍ക്കും കൃത്യമായി അറിയാം. പക്ഷേ, ആരും അത് തുറന്നു പറയുന്നില്ല എന്ന് മാത്രമേയുള്ളൂ. മുൻപ് 'കുടുംബസംഗമം' ആരംഭിച്ച സമയത്ത് സരയൂ മോഹന്റെ ഭർത്താവിനു രണ്ടര ലക്ഷം രൂപയുടെ ഒരു ഓർഡർ കൊടുത്തിരുന്നു. അന്ന് ഞങ്ങളൊക്കെ അതിനെ ശക്തമായി ചോദ്യം ചെയ്തതാണ്. 'അമ്മ' എന്ന് പറയുന്ന ഓർഗനൈസേഷനിലേക്ക് ഞാൻ വ്യക്തിപരമായി അയച്ച ഒരു ഇമെയില്‍ എങ്ങനെയാണ് ഒരു ഓണ്‍ലൈൻ മാധ്യമത്തിന് ചോർന്നു കിട്ടിയത്? അങ്ങനെയാണെങ്കില്‍ എന്റെ സംഘടനയെക്കുറിച്ച്‌ എനിക്ക് ഇനി എന്ത് വിശ്വാസമാണ് ഉള്ളത്? അവിടെ നടക്കുന്ന എക്സിക്യൂട്ടീവ് മീറ്റിങ്ങിലെ പല തീരുമാനങ്ങളും ഭാരവാഹികള്‍ വീടുകളില്‍ എത്തുന്നതിന് മുൻപ് തന്നെ ഓണ്‍ലൈൻ ചാനലുകള്‍ വാർത്തയാക്കുന്നു. പുറത്തുനിന്നുള്ള ആരും ഈ യോഗങ്ങളില്‍ പങ്കെടുക്കുന്നില്ലല്ലോ. അപ്പോള്‍ അകത്തു പറയേണ്ട കാര്യങ്ങള്‍ എന്തിനാണ് ഇവർ ഒരു ഓണ്‍ലൈൻ ചാനല്‍ വഴി പുറംലോകത്തെ അറിയിക്കുന്നത്? മറ്റുള്ളവരെക്കൊണ്ട് നമ്മളെക്കുറിച്ച്‌ പറയിപ്പിക്കുന്നത് എന്തിനാണ്?

'അമ്മ' എന്ന് പറയുന്നത് വെറുമൊരു കൂട്ടായ്മയല്ല. അതില്‍ ഒട്ടനവധി അമ്മമാരുണ്ട്. ഒരു നേരത്തെ മരുന്ന് വാങ്ങാനും ആഹാരത്തിനും ബുദ്ധിമുട്ടുന്നവർ, അസുഖം വന്നാല്‍ ഇൻഷുറൻസ് പരിരക്ഷ ആവശ്യമുള്ളവർ… അവർക്കൊക്കെ വേണ്ടിയാണ് ഇത് തുടങ്ങിയത്. നമ്മുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റ് അങ്കിളും ഇടവേള ബാബുച്ചേട്ടനും ലാലേട്ടനും മമ്മൂക്കയുമടങ്ങുന്ന ഒരു വലിയ ഗ്രൂപ്പ് ഇതിനായി ഒരുപാട് പ്രയത്നിച്ചിട്ടുണ്ട്. അന്ന് ആത്മാർത്ഥമായി കഷ്ടപ്പെട്ടവരുടെ പ്രയത്നമൊക്കെ ഇന്ന് എവിടെപ്പോയി? ഞാനും മാലാ പാർവതിയും അവരെ അശ്ലീലം പറഞ്ഞു എന്നാണ് ഇപ്പോള്‍ അവർ പ്രചരിപ്പിക്കുന്നത്. ഞാൻ അവിടെ സംസാരിക്കാൻ കാരണം, 'സ്ത്രീത്വത്തെ ഒരു ആയുധമായി ഉപയോഗിക്കരുത്' എന്ന് ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞതാണ്. ആ വീഡിയോയോ ഓഡിയോയോ അവരുടെ കൈയിലുണ്ടെന്നാണ് അവർ പറയുന്നത്, എങ്കില്‍ അവർ അത് പുറത്തുവിടട്ടെ. അതോടൊപ്പം 'കണക്കുകള്‍ കൃത്യമായി കാണിക്കൂ' എന്നും ഞാൻ ആവശ്യപ്പെട്ടു. ഈ പറഞ്ഞതാണോ അശ്ലീലം? ഒരു ഇന്ത്യൻ പൗരൻ എന്ന നിലയില്‍ ഒരു കാര്യം ചോദിച്ചാല്‍ അത് അശ്ലീലമാകുമോ? അതാണ് എനിക്ക് അറിയേണ്ടത്. യഥാർത്ഥത്തില്‍ അവരാണ് ആ കമ്മിറ്റിയില്‍ മോശം പദപ്രയോഗങ്ങള്‍ നടത്തുന്നത്. കമ്മിറ്റിയിലുള്ള ഒരു വ്യക്തി തന്നെ സാക്ഷ്യപ്പെടുത്തിയത് അവർ ഏറ്റവും കൂടുതല്‍ അശ്ലീല പദങ്ങള്‍ ഉപയോഗിക്കാറുണ്ടെന്നാണ്. മുൻപ് ഒരു പ്രമുഖ നടൻ ഇടപെട്ട് അവരെക്കൊണ്ട് മാപ്പ് പറയിപ്പിച്ച സംഭവം വരെയുണ്ടായിട്ടുണ്ട്.

ശ്വേതാ മേനോനും രമേശ് പിഷാരടിയും തമ്മിലുള്ള ഒരു ഫോണ്‍ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. എന്ത് മോശമാണ് ഇത്. ഒരു ജനപ്രതിനിധിയെ, ഒരു എം.എ.എല്‍.എയെ ശ്വേതാ മേനോൻ അഭിസംബോധന ചെയ്യുന്ന രീതി നമ്മള്‍ കേട്ടതാണ്. 'പിഷു പിഷു' എന്നാണു വിളിക്കുന്നത്. ഞാനൊക്കെ രമേശ് പിഷാരടി എന്ന് പറയുന്ന എം.എല്‍.എയുടെ കൂടെ നില്‍ക്കുന്ന ആളാണ്. പാലക്കാട് നിന്ന് ജനവിശ്വാസം നേടി, നല്ല ഭൂരിപക്ഷത്തോടെ വിജയിച്ച ഒരു ജനപ്രതിനിധിയാണ് അദ്ദേഹം. അപ്പോള്‍ ആർക്കൊക്കെയോ അതിലൊരു അസഹിഷ്ണുത തോന്നുന്നുണ്ടെന്ന് എനിക്കിപ്പോള്‍ വ്യക്തമാകുന്നുണ്ട്. അല്ലെങ്കില്‍, അദ്ദേഹം സംസാരിച്ച കാര്യങ്ങള്‍ രഹസ്യമായി റെക്കോർഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാൻ മാത്രം എത്ര വൃത്തികെട്ട മനസ്സുള്ളവരായിരിക്കും അതിന് പിന്നില്‍ പ്രവർത്തിച്ചവർ? രണ്ട് സുഹൃത്തുക്കള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ പലതും പറയും, ശരിയാണ്. എന്നാല്‍ ഒരു എം.എ.എല്‍.എയെ 'പിഷു പിഷു' എന്ന് വല്ലാത്തൊരു രീതിയില്‍ വിളിക്കുന്നത് ഒട്ടും ശരിയല്ല. പ്രോട്ടോക്കോള്‍ അനുസരിച്ച്‌ ഒന്നുകില്‍ 'എം.എല്‍.എ' എന്നോ അല്ലെങ്കില്‍ 'സർ' എന്നോ വിളിക്കാം.

ശ്വേതച്ചേച്ചി അങ്ങനെ വിളിച്ചിട്ട് പോലും അദ്ദേഹം അത് തിരുത്താൻ പോയില്ല. അവിടെയാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്. ഈ കാലഘട്ടത്തില്‍ നമ്മള്‍ ആരെയൊക്കെ എവിടെയൊക്കെ നിർത്തണമോ അവിടെത്തന്നെ നിർത്തണം. അർഹിക്കുന്ന അതിർവരമ്പുകളില്‍ നിർത്തിയില്ലെങ്കില്‍ അത് നമുക്ക് തന്നെ തിരിച്ചടിയാകും.

ഈ അഡ്ഹോക്ക് കമ്മിറ്റി വരുന്നതിലൂടെ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷ പല താരങ്ങള്‍ക്കുമുണ്ട്. എന്നാല്‍, ഇനി ഈ സിനിമാ സംഘടനയെ നന്നാക്കാൻ ആര് വന്നാലാണ് ശരിയാവുക? കാരണം, അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് നമുക്ക് പോലും ഇപ്പോള്‍ പിടിയില്ല. ഇപ്പോള്‍ യൂത്ത് എല്ലാം സംഘടനയില്‍ നിന്ന് അകന്നു പോയിക്കൊണ്ടിരിക്കുകയാണ്. ഞാൻ ഇപ്പോഴും ഉറപ്പിച്ചു പറയും, ധ്യാൻ ശ്രീനിവാസൻ നേതൃത്വത്തിലേക്ക് വരണം. ഇന്നസെന്റിനെപ്പോലെ തന്നെ കാര്യങ്ങള്‍ ബുദ്ധിപൂർവം സംസാരിക്കാൻ അറിയുന്ന ആളാണ് ധ്യാൻ. ധ്യാൻ വരണം; ധ്യാൻ മാത്രമല്ല, മുൻപ് ഈ സംഘടനയുടെ കാര്യങ്ങളെല്ലാം ഒരൊറ്റയാള്‍ പോരാട്ടമായി മുന്നോട്ട് കൊണ്ടുപോയത് ഇടവേള ബാബുച്ചേട്ടനാണ്. പക്ഷേ, അദ്ദേഹത്തിന്റെ പുറകില്‍ ഇന്നസെന്റ് എന്ന മനുഷ്യന്റെ വലിയൊരു ബുദ്ധിയും മമ്മൂക്കയുടെയും ലാലേട്ടന്റെയും പോലുള്ള മുതിർന്ന നടന്മാരുടെ ശക്തമായ പിന്തുണയുമുണ്ടായിരുന്നു.

ഇത്രയും വലിയൊരു ചരിത്രമുള്ള സംഘടനയായിട്ടും ഇപ്പോഴുള്ളവർക്ക് ഇത് നന്നായി കൊണ്ടുപോകാൻ പറ്റിയില്ല. അതുകൊണ്ട് ഞാൻ പറയുന്നു, ഇനി മുതിർന്നവർ മാറിനിന്ന് യുവാക്കള്‍ വരട്ടെ. എന്നാല്‍, തങ്ങള്‍ ഇനിയും മത്സരിക്കുമെന്നും മത്സരിച്ചാല്‍ ജയിക്കുമെന്നുമാണ് ഇപ്പോഴുള്ള ചിലർ പറയുന്നത്. ഭൂരിഭാഗം ആളുകള്‍ക്കും തങ്ങളെ അവിടെ കാണാൻ താല്പര്യമില്ലെന്ന് മനസ്സിലായിട്ടും ഇവർ എന്തിനാണ് വീണ്ടും വരാൻ വാശിപിടിക്കുന്നത്?

കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പില്‍ ജഗദീഷേട്ടൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നിന്നിരുന്നതാണ്. ഞാൻ അന്ന് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്നാണ് അദ്ദേഹം തന്റെ നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നത്. അതിന് പിന്നില്‍ ശ്വേതാ മേനോൻ എന്ന വ്യക്തിയുടെ എന്തെങ്കിലും തന്ത്രങ്ങളുണ്ടോ എന്ന് എനിക്ക് ഇന്ന് ശക്തമായ സംശയമുണ്ട്. അതുപോലെതന്നെ, ഇലക്ഷന് കഷ്ടിച്ച്‌ മൂന്നാല് ആഴ്ച മുൻപാണ് എല്ലാ ഓണ്‍ലൈൻ മാധ്യമങ്ങളിലും മാർട്ടിൻ എന്ന് പറയുന്ന ഒരാള്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു വീഡിയോയെക്കുറിച്ചുള്ള കാര്യങ്ങളൊക്കെ നമുക്ക് അറിയാവുന്നതാണല്ലോ. യഥാർത്ഥത്തില്‍ അത് ഇവർ തന്നെ കെട്ടിച്ചമച്ച ഒരു നാടകമായിരുന്നു എന്ന് കഴിഞ്ഞ രണ്ടു മാസമായി എനിക്ക് വലിയ സംശയമുണ്ട്. വേറൊന്നുമല്ല, അന്ന് അവരും അവരുടെ ഭർത്താവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത് മാർട്ടിനെതിരെ മൂന്ന് കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നാണ്. എന്നാല്‍ ഇലക്ഷൻ കഴിഞ്ഞ് ഇവർ ജയിച്ചതോടെ ആ മാർട്ടിൻ എവിടെപ്പോയി? ആ കേസ് ഇപ്പോള്‍ എവിടെയായി? ഇവിടെയൊക്കെയാണ് നമുക്ക് ദുരൂഹത തോന്നുന്നത്.

എന്തൊക്കെ അജണ്ടകള്‍ ഒപ്പിച്ചാണ് ഇവർ ഈ സ്ഥാനങ്ങളിലേക്ക് വന്നത്! ഒടുവില്‍, താൻ ഇനി ഇല്ലെന്നും അംഗമല്ലെന്നും പറഞ്ഞ് രാജി വെച്ച്‌ പുറത്തുപോയത് തികച്ചും വൈകാരികവും പക്വതയില്ലാത്തതുമായ ഒരു തീരുമാനമായിരുന്നു. ഇപ്പോള്‍ അഡ്ഹോക്ക് കമ്മിറ്റിയുടെ ആളുകള്‍ ഇവരോട് ഔദ്യോഗികമായി രാജിക്കത്ത് ആവശ്യപ്പെടുമ്പോള്‍ ഇവർ ഫോണ്‍ പോലും എടുക്കാതെ ഒളിച്ചുകളിക്കുകയാണ്."

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam