കൊച്ചി: അൻസിബ ഹസൻ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി ലക്ഷ്മിപ്രിയ. അൻസിബക്കെതിരെ വ്യാജ കേസ് ആരോപണം ഉന്നയിച്ച എക്‌സിക്യൂട്ടീവ് അംഗം താനാണെന്ന് ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഡിസംബർ പത്താംതീയതി അൻസിബ തന്റെ ഫോണിലേക്കയച്ച ഒരു മെസേജാണ് ആ കേസ് കൊടുക്കാനുള്ള സാഹചര്യമെന്നും അവർ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റുകൂടിയാണ് ലക്ഷ്മിപ്രിയ.
"ഞാനിവിടെ കുടുംബമായി താമസിക്കുന്ന ഒരു വ്യക്തിയാണ്. വളരെ ചെറിയ പ്രായത്തില്‍ വിവാഹിതയായ വ്യക്തിയാണ് ഞാനെന്ന് എല്ലാവർക്കും അറിയാം. എന്നെ സംബന്ധിച്ച് എന്റെ ഫോണെന്നത് ലോക്കുകളില്ലാത്ത ഉപകരണമാണ്. എന്റെ ഭർത്താവിനോ മകള്‍ക്കോ എന്തെങ്കിലും അത്യാവശ്യം വന്നാല്‍ സുഹൃത്തുക്കള്‍ക്കോ ആക്സസ് ചെയ്യാൻ പാകത്തില്‍ തുറന്നാണ് ഫോണ്‍ വെച്ചിട്ടുള്ളത്.
ഡിസംബർ പത്തിന് രാത്രിയില്‍ അൻസിബ ഹസൻ എന്റെ ഫോണിലേക്ക് ഒരു മെസേജ് അയച്ചു. എന്താണ് ഈ പറഞ്ഞത് എന്ന് ചോദിച്ച് ഞാൻ വിളിച്ചപ്പോള്‍, ചേച്ചീ ഞാൻ പിന്നീടു വിളിക്കാം ഇപ്പോള്‍ ജോലിയിലാണ് എന്നാണ് അൻസിബ പറഞ്ഞത്. ആ സംഭവത്തിനുശേഷം ഞാൻ അൻസിബയെ പലപ്രാവശ്യം വിളിച്ചു. അൻസിബയെ ഞാൻ എന്റെ അനിയത്തിയെക്കാളും വാത്സല്യത്തോടെയാണ് കാണുന്നത്. ഈ നിമിഷംപോലും എനിക്ക് അവരോട് യാതൊരുവിധത്തിലുള്ള വ്യക്തിവൈരാഗ്യമില്ല.
എന്റെ മകള്‍ക്ക് പത്തുവയസേ ആയിട്ടുള്ളൂ. പ്രായംകൊണ്ട് എന്റെ മകളാകാനുള്ള പ്രായമല്ല അൻസിബയ്ക്കുള്ളതെങ്കിലും ആ കുട്ടിയെ മകളെപ്പോലെ പരിഗണിക്കുന്നയാളാണ് ഞാൻ. എപ്പോഴും വീട്ടില്‍ വരികയും ഒരുമിച്ച് പുറത്തുപോകുകയുമൊക്കെ ചെയ്യാറുണ്ടായിരുന്നു. എങ്കിലും ആ മെസേജ് എന്തുകൊണ്ട് അയച്ചെന്ന് അൻസിബ പറഞ്ഞില്ല. ഒരിക്കല്‍ ഈ സന്ദേശം എന്റെ ഭർത്താവ് കാണുകയും അദ്ദേഹം വളരെ പാനിക് ആകുകയും ഈ മെസേജിനെച്ചൊല്ലി കുടുംബത്തില്‍ പല പ്രശ്നങ്ങളും ഉടലെടുക്കുകയും ചെയ്തു.
എന്റെ വീട്ടിലേക്ക് വരണമെന്നും ജയേഷേട്ടനെ കണ്ട് ഇക്കാര്യം സംസാരിക്കണമെന്നും അൻസിബയോട് ഞാൻ അഭ്യർത്ഥിച്ചതാണ്. അല്ലെങ്കില്‍ അദ്ദേഹത്തിനോട് ഫോണിലെങ്കിലും സംസാരിക്കണമെന്നും ഇല്ലെങ്കില്‍ പല പ്രശ്നങ്ങളും ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. അതിനൊന്നിനും ആ കുട്ടി തയ്യാറായില്ല. പിന്നീടൊരിക്കലും അൻസിബ എന്റെ മെസേജുകള്‍ക്കോ കോളുകള്‍ക്കോ മറുപടി തന്നിട്ടില്ല.
എന്റെ കുടുംബജീവിതം മോശമാകുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് ഹില്‍പാലസ് വനിതാ സെല്ലില്‍ ജനുവരി പകുതിയോടെ പരാതി കൊടുത്തത്. ആ പരാതിയില്‍ മതമോ സ്പോണ്‍സർഷിപ്പോ ആയി ബന്ധപ്പെട്ട ഒരു കാര്യവും പറഞ്ഞിട്ടില്ല. അൻസിബയുടെ പേരില്‍ എഫ്‌ഐആർ ഇടണമെന്നുപോലും ആവശ്യപ്പെട്ടിട്ടില്ല. തെറ്റിദ്ധരിച്ചത് അൻസിബയാണ്. ക്ഷേത്രത്തിന്റെ സ്പോണ്‍സർഷിപ്പിനെ എതിർത്ത അംഗം അൻസിബ മാത്രമാണെന്നാണ് അവർ വിചാരിച്ചിരിക്കുന്നത്.
അൻസിബ മാത്രം എതിർത്താലല്ലേ അതൊരു ആരോപണമായി വരൂ. ഇക്കാര്യങ്ങളൊന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയേയോ മറ്റൊരു മനുഷ്യനെയോ അറിയിച്ചിട്ടില്ല. ഞാൻ കൊടുത്ത പരാതിയില്‍ പോലീസ് സ്റ്റേഷനില്‍നിന്ന് വിളിച്ചപ്പോള്‍ അൻസിബയാണ് ഇതിന് മതതീവ്രവാദം ആരോപിച്ചും ജിഹാദിയെന്ന് ആരോ പരാമർശിച്ചെന്നും അതിന്റെ ഭാഗമായാണ് ഞാൻ കേസുകൊടുത്തത് എന്നും പറഞ്ഞ് എക്സിക്യൂട്ടീവ് ഗ്രൂപ്പിലേക്ക് ജനുവരി 24-ന് വലിയൊരു മെസേജയച്ചത്. ഇതൊക്കെ തൊട്ടാല്‍ പൊള്ളുന്ന വലിയ കാര്യമാണെന്ന് അന്നുഞാൻ അൻസിബയോട് പറഞ്ഞിരുന്നു. ഇത്തരം കാര്യങ്ങള്‍ നമ്മള്‍ തൊട്ടുകളിക്കാൻ പാടില്ല. സമൂഹത്തില്‍ വളരെയധികം പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കാര്യമാണെന്നും പറഞ്ഞു. മുതിർന്ന എക്സിക്യൂട്ടീവ് അംഗങ്ങള്‍ ഇടപെടണമെന്ന് അൻസിബ പറഞ്ഞു.
ഇതെന്റെ കുടുംബ വിഷയമാണ്. അതിന് കാരണക്കാരി അൻസിബയാണ്. ഞാനും അവരും തമ്മിലുള്ള പ്രശ്നമാണിത്. ഇത് ഇപ്പോള്‍ പറയുമ്പോള്‍പ്പോലും പറയേണ്ടിവന്നല്ലോ എന്നോർത്ത് എനിക്ക് ലജ്ജയുണ്ട്. ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പോലും അറിയണ്ട, എന്റെ വീട്ടില്‍ വന്ന് ഒന്ന് പരിഹരിച്ചാല്‍ മതിയെന്ന് ഞാൻ പറഞ്ഞതാണ്. അതല്ലാതെ മറ്റൊരു കാര്യവും ഉണ്ടായിട്ടില്ല.
ടിനി ടോം എന്ന വ്യക്തിയെ എല്ലാവർക്കും അറിയുന്നതാണ്. ഞങ്ങള്‍ക്കൊക്കെ മുൻപേ ഉത്സവപ്പറമ്പിലും ടിവിയിലും മറ്റും പരിപാടികള്‍ അവതരിച്ചുവന്നയാളാണ് അദ്ദേഹം. ടിനിയെ അറിയുന്ന എല്ലാവർക്കും അറിയാം, അദ്ദേഹം അങ്ങനെയൊരു പരാമർശം നടത്തുകയോ മോശം രീതിയില്‍ ഇടപെടുകയോ ചെയ്യുന്ന വ്യക്തിയല്ല. സ്ത്രീകളെ ഏറെ ബഹുമാനിക്കുന്നയാളാണ് ടിനി ടോം. വളരെ നല്ല സൗഹൃദം സൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.
അങ്ങനെയൊരാള്‍ക്കെതിരെയുള്ള പരാതികളുടെയെല്ലാം ഉറവിടം എന്നുപറയുന്നത് നീന കുറുപ്പാണ്. അൻസിബ ഹസനെ ജിഹാദി എന്നുവിളിച്ചത് അവരല്ല കേട്ടത്. അൻസിബയോട് നീന കുറുപ്പാണ് ഇക്കാര്യം പറഞ്ഞത്. ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി തുടങ്ങിയ ദിവസം ഒരു കമ്മിറ്റിയംഗവും പുതുതായി ഭരണസിമിതിയിലേക്ക് വന്ന മറ്റൊരു അംഗവും കമ്മിറ്റിയിലില്ലാത്ത മറ്റൊരാളുമായി ചേർന്ന് തന്നെക്കുറിച്ച് അവിഹിത കഥകള്‍ പറഞ്ഞുവെന്ന് പറഞ്ഞ് യോഗം സ്തംഭിപ്പിച്ചിട്ടുണ്ട് അൻസിബ.
അവിഹിതം എന്ന വാക്ക് അൻസിബ സ്ഥിരം ഉപയോഗിക്കുന്നതാണ്. അതും അൻസിബ നേരിട്ട് കേട്ടിട്ടില്ല. വേറൊരാള്‍ പറഞ്ഞതാണത്രേ. തൊട്ടടുത്തയാഴ്ച നടന്ന മിറ്റിങ്ങിലേക്ക് പ്രസിഡന്റ് അൻസിബയ്ക്കെതിരെ കഥകള്‍ പറഞ്ഞെന്ന ആരോപണം നേരിട്ടയാളെ കൊണ്ടുവന്നു. തന്നോട് മറ്റുരണ്ടുപേർ ഇങ്ങനെയൊന്ന് പറഞ്ഞിട്ടില്ലെന്നാണ് അയാള്‍ പറഞ്ഞത്. അന്ന് അൻസിബ ഭക്ഷണം കഴിക്കാതിരുന്നപ്പോള്‍ ഞാനും ഭക്ഷണം കഴിക്കാതിരുന്നിട്ടുണ്ട്. കാരണം അന്ന് ഭക്ഷണം ഏർപ്പെടുത്തിയത് സംഘടനയാണോ സ്പോണ്‍സർമാരാണോ എന്ന് ജോയിന്റ് സെക്രട്ടറിയായ അൻസിബ അറിഞ്ഞിരുന്നില്ല.
അന്ന് വളരെ വയലന്റായി കരയുകയും ബാത്റൂമിന്റെ സൈഡില്‍ പോയി തല്ലിപ്പൊളിച്ചയാളാണ് അൻസിബ. അന്ന് അൻസിബയെ കെട്ടിപ്പിടിച്ചിരുന്ന വ്യക്തിയാണ് ഞാൻ. പുറത്തിറങ്ങിയ ശേഷം അവർ പറയുന്നത് പരസ്പര ബന്ധമില്ലാത്ത കഥകളാണ്. സെക്രട്ടറി നീന കുറുപ്പും കുറച്ചുപേരുമാണ് ഞങ്ങള്‍ക്കെതിരെയുള്ള ഗൂഢാലോചനയ്ക്ക് കാരണമെന്ന് പറയുന്നതില്‍ വിഷമമുണ്ട്.
മലയാളത്തിലെ ഒരു നടനേയും അൻസിബയേയും ചേർത്ത് നീന കുറുപ്പ് അവിഹിതകഥകള്‍ പറഞ്ഞിട്ടുണ്ടെന്ന് ഒരു എക്സിക്യൂട്ടീവംഗം തന്ന പരാതിയിലുണ്ട്. അതിനെക്കുറിച്ച് അൻസിബ എന്താണ് ഒരിടത്തും പറയാത്തത്?പ്രസിഡന്റ് അറിയാതെ പല കാര്യങ്ങളും അവിടെ നടക്കുന്നുണ്ട്. ഇവർ ചെയ്യുന്ന മോശം കാര്യങ്ങള്‍ എതിർക്കുന്ന ആളുകളെ ടാർഗറ്റ് ചെയ്ത് ഒതുക്കുക എന്നതാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റി കഴിഞ്ഞശേഷം എനിക്ക് ഒരുമാസത്തെ വിലക്കാണവിടെ. നീന കുറുപ്പിനെ സന്തോഷിപ്പിക്കാൻ കുക്കു പരമേശ്വരനാണത് ചെയ്തത്. ഔദ്യോഗിക വക്താക്കളല്ലാത്തുകൊണ്ട് മാധ്യമങ്ങള്‍ക്കുമുന്നില്‍ ഇതൊന്നും സംസാരിച്ചുകൂടാ. പക്ഷേ നമ്മളെ വ്യക്തിപരമായി ബാധിക്കുന്ന കാര്യങ്ങള്‍ വരുമ്പോള്‍ മിണ്ടാതിരിക്കാൻ പറ്റാത്തതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ തുറന്നുപറയുന്നത്.
അധോലോകം പോലെയാണ് അമ്മ ഓഫീസിനെ സെക്രട്ടറിയും പരിവാരങ്ങളും ചേർന്ന് ആക്കിയിരിക്കുന്നത്. സൗണ്ട് റെക്കോർഡിങ്ങുള്ള 21 ക്യാമറകളാണ് അവിടെയുള്ളത്. അംഗങ്ങള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാനുള്ള സ്വാതന്ത്ര്യമില്ല. സിസിടിവിയുടെ ആക്സസ് വാങ്ങാത്തത് പ്രസിഡന്റ് ശ്വേതാ മേനോൻ ആണ്. ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ പ്രസിഡന്റിനെ അറിയിക്കുന്നില്ല. എനിക്കെതിരെ ഇവർക്ക് പ്രശ്നം വരാനുള്ള കാര്യം എന്താ.
മെമ്മറി കാർഡ് പ്രശ്നമെന്നത് ഇലക്ഷൻ സ്റ്റണ്ടാണെന്ന് കുക്കു പരമേശ്വരൻ പറഞ്ഞിരുന്നല്ലോ. അതേ ആളുകള്‍തന്നെ ഈ മെമ്മറി കാർഡ് കെപിഎസി ലളിത ചേച്ചിയുടെ കയ്യിലാണെന്നും അവർ മരിച്ചുപോയതുകൊണ്ട് വാങ്ങിക്കാൻ തരമില്ല എന്നുള്ള രീതിയില്‍ അതന്വേഷിക്കാൻ കമ്മീഷൻ വെച്ച് റിപ്പോർട്ട് റെഡിയാക്കിയിട്ടുണ്ട്.
ഈ കമ്മീഷൻ ഉണ്ടാകാനുള്ള കാരണക്കാരി ഞാനാണ്. മെമ്മറി കാർഡുണ്ട് എന്ന് എനിക്ക് നൂറുശതമാനം അറിയാം. ഇത് ബാബുരാജിനെയോ മറ്റാരെയോ ജയിപ്പിക്കാനുള്ള സ്റ്റണ്ടല്ല എന്ന് നൂറ് ശതമാനം എനിക്കറിയാം. മെമ്മറി കാർഡ് കണ്ടുപിടിക്കാൻ കമ്മീഷൻ വെയ്ക്കണമെന്ന് പറഞ്ഞ അന്നുതൊട്ട് എന്നെ പലരും ലക്ഷ്യംവെയ്ക്കുകയാണ്. എന്റെ പേരില്‍ ഇല്ലാത്ത പ്രശ്നങ്ങളില്ല. കൃത്രിമമായി ഉണ്ടാക്കിയ നല്ല കുട്ടി ഇമേജില്‍ ഇരിക്കാൻ എനിക്കറിയില്ല. ഇനിയും ഉള്ള കാര്യങ്ങള്‍ തുറന്നുപറയും.
ഉണ്ണി ശിവപാല്‍ പോലും ഒരർത്ഥത്തില്‍ ബലിയാടാക്കപ്പെട്ടതാണ്. അദ്ദേഹത്തിന് പറയാനുള്ളത് പറയട്ടേ. ഒരുമാസത്തേക്ക് ജനറല്‍ ബോഡിയില്‍ വരേണ്ട എന്നേ പറഞ്ഞിട്ടുള്ളൂ. ടിനി ടോം നീന കുറുപ്പിനെ അസഭ്യം പറഞ്ഞു എന്നൊക്കെ വാർത്തകളില്‍ കണ്ടു.
ശരിക്കും പറഞ്ഞാല്‍ ഒരു നിസ്സാരകാര്യത്തിന് രാത്രി പന്ത്രണ്ടുമണിക്ക് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തില്‍ ഹിസ്റ്റീരിയ ബാധിച്ച സ്ത്രീയെപ്പോലെ ഉറഞ്ഞുതുള്ളിയത് നീന കുറുപ്പാണ്. തെറി പറഞ്ഞത് ടിനി ടോമല്ല, നീന കുറുപ്പാണെന്ന് എവിടെ വേണമെങ്കിലും ഞാൻ പറയാം. പ്രശ്നമുണ്ടാക്കല്ലേ ചേച്ചീ എന്നുപറഞ്ഞ് അവരെ പിടിച്ചുവെച്ചത് ഞാനാണ്. നടൻ സിജോയ് വർഗീസിനെയും എന്നെയും ചേർത്ത് അസഭ്യം പറഞ്ഞിട്ടുണ്ട് അവർ."

