Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അത് കണ്ണല്ല! മേഘങ്ങള്‍ മറച്ചാലും വഴി കണ്ടെത്താൻ പ്രാവുകളെ സഹായിക്കുന്നത് ഈ അവയവം

അത് കണ്ണല്ല! മേഘങ്ങള്‍ മറച്ചാലും വഴി കണ്ടെത്താൻ പ്രാവുകളെ സഹായിക്കുന്നത് ഈ അവയവം

Media Mangalam 1 week ago

പ്രാവുകള്‍ നൂറുകണക്കിന് കിലോമീറ്റർ അകലെ നിന്ന് പോലും കൃത്യമായി സ്വന്തം കൂട്ടിലേക്ക് തിരിച്ചെത്തുന്നത് മനുഷ്യരെ ഏറെക്കാലമായി അത്ഭുതപ്പെടുത്തുന്ന പ്രകൃതി വിസ്മയമാണ്.

പ്രത്യേകിച്ച്‌ മേഘാവൃതമായ ആകാശത്ത് സൂര്യപ്രകാശത്തിന്റെ സഹായമില്ലാതെയും അവ എങ്ങനെ ദിശ കണ്ടെത്തുന്നു എന്ന ചോദ്യത്തിന് ശാസ്ത്രലോകം വർഷങ്ങളായി ഉത്തരമന്വേഷിക്കുകയായിരുന്നു. ഇപ്പോള്‍ ആ രഹസ്യത്തിന്റെ ചുരുളഴിക്കുന്ന നിർണായക കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ഗവേഷകർ.

പ്രാവുകളുടെ ശരീരത്തിനുള്ളിലെ കാന്തിക ദിശാസൂചി (Magnetic Compass) കരളിലാണുള്ളതെന്നാണ് മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ബിഹേവിയറും ബോണ്‍ സർവകലാശാലയും ചേർന്ന് നടത്തിയ പുതിയ പഠനം വ്യക്തമാക്കുന്നത്. ഭൂമിയുടെ കാന്തികവലയം തിരിച്ചറിഞ്ഞ് ദിശ നിർണയിക്കാൻ സഹായിക്കുന്ന പ്രത്യേക കോശങ്ങള്‍ കരളില്‍ പ്രവർത്തിക്കുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

പ്രാവുകളുടെ കരളില്‍ ദശലക്ഷക്കണക്കിന് മാക്രോഫേജുകള്‍ എന്നറിയപ്പെടുന്ന ഇരുമ്പ് അടങ്ങിയ പ്രതിരോധ കോശങ്ങള്‍ കാണപ്പെടുന്നു. ശരീരത്തിലെ കേടുപാടുകള്‍ സംഭവിച്ച ചുവന്ന രക്താണുക്കളില്‍ നിന്ന് ഇരുമ്പ് വേർതിരിച്ച്‌ ശേഖരിക്കുന്ന ഈ കോശങ്ങളിലെ ഇരുമ്പ് തന്മാത്രകള്‍ ഭൂമിയുടെ കാന്തികവലയത്തിന് അനുസൃതമായി ക്രമീകരിക്കപ്പെടുന്നു. ഈ കോശങ്ങള്‍ നാഡീവ്യൂഹവുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ കാന്തികവലയത്തില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും തിരിച്ചറിയാൻ ഇവയ്ക്ക് കഴിയും.

ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ നാഡികള്‍ വഴി തലച്ചോറിലേക്ക് കൈമാറപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ പ്രാവുകള്‍ക്ക് സഞ്ചരിക്കേണ്ട ദിശ കൃത്യമായി മനസിലാക്കാൻ കഴിയുകയും ചെയ്യുന്നു. സാധാരണ തെളിഞ്ഞ ദിവസങ്ങളില്‍ സൂര്യന്റെ സ്ഥാനം ആശ്രയിച്ചാണ് പ്രാവുകള്‍ ദിശ കണ്ടെത്തുന്നത്. എന്നാല്‍ സൂര്യനെ കാണാനാകാത്ത മേഘാവൃതമായ കാലാവസ്ഥയില്‍ ഭൂമിയുടെ കാന്തികവലയമാണ് അവയുടെ പ്രധാന വഴികാട്ടിയാകുന്നത്.

ഇതുവരെ പക്ഷികള്‍ കാന്തികവലയം തിരിച്ചറിയുന്നത് കണ്ണുകളിലൂടെയോ ചുണ്ടുകളിലൂടെയോ ആണെന്നായിരുന്നു ശാസ്ത്രലോകത്തിന്റെ പൊതുവായ നിഗമനം. എന്നാല്‍ കരളിലെ രോഗപ്രതിരോധ കോശങ്ങളാണ് ഈ അത്ഭുതകരമായ സംവിധാനത്തിന്റെ കേന്ദ്രമെന്ന പുതിയ കണ്ടെത്തല്‍ ജീവശാസ്ത്ര ഗവേഷണ രംഗത്ത് വലിയ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

പക്ഷികളുടെയും മറ്റ് ജീവികളുടെയും ദേശാടന യാത്രകളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഈ കണ്ടെത്തല്‍ പുതിയ വഴിത്തിരിവാകുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു. ഭൂമിയുടെ കാന്തികവലയത്തിലെ മാറ്റങ്ങള്‍ ജീവജാലങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ക്കും ഇത് വഴിയൊരുക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam