രാഷ്ട്രീയ പ്രവേശനത്തിനും മുഖ്യമന്ത്രി പദവിയിലേക്കുള്ള ഉയർച്ചയ്ക്കും ശേഷം നടൻ സി. ജോസഫ് വിജയ്‌യുടെ വസ്ത്രധാരണം എപ്പോഴും വാർത്തകളില്‍ ഇടംനേടാറുണ്ട്.
തിരഞ്ഞെടുപ്പ് വേളകളിലെ വെള്ള ഷർട്ടും പാന്റ്സും കഴിഞ്ഞ്, മുഖ്യമന്ത്രിയായതോടെ അദ്ദേഹം സ്ഥിരമായി കറുത്ത സ്യൂട്ട് ലുക്കിലേക്കു മാറി. എന്നാല്‍, കഴിഞ്ഞദിവസം ചെന്നൈയില്‍ കണ്ടത് മുഖ്യമന്ത്രിയുടെ ഗൗരവമുള്ള ലുക്കല്ല, മറിച്ച് പഴയ ആ പഴയ ജനപ്രിയ നായകനെയാണ്.
തന്റെ വ്യക്തിജീവിതത്തിലെ സുപ്രധാന വ്യക്തിയായ മാനേജർ ജഗദീഷ് പളനിസ്വാമിയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാൻ വിജയ് എത്തിയത് തികച്ചും ലളിതമായ ലുക്കിലായിരുന്നു. സ്യൂട്ടിന് അവധി നല്‍കി, പാരമ്പര്യ തനിമയുള്ള സില്‍ക്ക് വേഷ്ടിയും ഷർട്ടും ധരിച്ചാണ് താരം ചടങ്ങിനെത്തിയത്.
വിജയ് ജഗദീഷിന്റെ വീട്ടിലെത്തുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീടിനുള്ളില്‍ കടന്നെത്തിയ വിജയ് എല്ലാവരേയും കൈകൂപ്പി അഭിവാദ്യംചെയ്തു. തുടർന്ന് ജഗദീഷിന്റെ കുടുംബാംഗങ്ങള്‍ വിജയ്‌യെ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. വിജയ്‌യുടെ സാന്നിധ്യത്തില്‍ കുടുംബാംഗങ്ങള്‍ സന്തോഷം പ്രകടിപ്പിക്കുന്നതായും വീഡിയോയില്‍ കേള്‍ക്കാം.
നടൻ കതിരും വിജയ്‌ക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ പത്തുവർഷത്തോളമായി വിജയ്‌യുടെ മാനേജരാണ് ജഗദീഷ്. പിന്നീട് അദ്ദേഹത്തിന്റെ ചിത്രങ്ങളായി മാസ്റ്റർ, ലിയോ എന്നീ ചിത്രങ്ങള്‍ നിർമിച്ചു. വിജയ് സേതുപതി നായകനായ മഹാരാജ, കീർത്തി സുരേഷിന്റെ റിവോള്‍വർ റീത്ത എന്നീ ചിത്രങ്ങളുടേയും നിർമാതാവാണ്. ആർട്ടിസ്റ്റ് മാനേജ്‌മെന്റ് കമ്പനിയായ റൗട്ടിന്റെ സ്ഥാപകൻ കൂടിയാണ് ജഗദീഷ് പളനിസ്വാമി.

