Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'അയല്‍വാസിയുടെ വീട്ടിലേക്ക് ക്യാമറ തിരിച്ചുപിടിച്ച്‌ സ്വന്തം ജീവൻ പോലും അപകടത്തിലാക്കി ബഹുനില കെട്ടിടത്തിന്റെ ജനലിലൂടെ..'; വയോധികന്റെ സാഹസികതയില്‍ വിമര്‍ശനം

'അയല്‍വാസിയുടെ വീട്ടിലേക്ക് ക്യാമറ തിരിച്ചുപിടിച്ച്‌ സ്വന്തം ജീവൻ പോലും അപകടത്തിലാക്കി ബഹുനില കെട്ടിടത്തിന്റെ ജനലിലൂടെ..'; വയോധികന്റെ സാഹസികതയില്‍ വിമര്‍ശനം

Media Mangalam 4 months ago

കൊല്‍ക്കത്ത: അയല്‍വാസിയുടെ വീട്ടില്‍ നടക്കുന്ന കലഹത്തിന്റെ ദൃശ്യങ്ങള്‍ പകർത്താൻ സ്വന്തം ജീവൻ പോലും അപകടത്തിലാക്കി ബഹുനില കെട്ടിടത്തിന്റെ ജനലിലൂടെ പുറത്തേക്ക് തൂങ്ങിനിന്ന വയോധികന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.

അയല്‍വാസിയുടെ ഫ്ലാറ്റില്‍ നടക്കുന്ന സംഭവങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ അപകടകരമായ രീതിയില്‍ ജനലിന് പുറത്തേക്ക് ചാഞ്ഞുനിന്നത്.

വീഡിയോയില്‍, ഉയരമേറിയ അപ്പാർട്ട്മെന്റിന്റെ ജനല്‍ ഭാഗത്ത് നിന്ന് ശരീരത്തിന്റെ വലിയൊരു ഭാഗം പുറത്തേക്ക് നീട്ടി മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകർത്താൻ ശ്രമിക്കുന്ന വയോധികനെ കാണാം. താഴേക്ക് വീഴാനുള്ള സാധ്യത വളരെ കൂടുതലായിരുന്നിട്ടും ഇയാള്‍ അതൊന്നും വകവയ്ക്കാതെ ചിത്രീകരണം തുടരുന്നതും ദൃശ്യങ്ങളിലുണ്ട്.

അടുത്ത വീട്ടിലുണ്ടായ ബഹളത്തിന്റെ കാര്യം കൃത്യമായി അറിയാൻ നടത്തിയ ശ്രമമായാണ് വയോധികന്റെ സാഹസികതയെ ആളുകള്‍ നിരീക്ഷിക്കുന്നത്. എന്നാല്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് സംഭവമെന്നും വയോധികനെ അറസ്റ്റ് ചെയ്യണമെന്നുമാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ഏറെയും. സ്വന്തം സുരക്ഷ പോലും നോക്കാതെ, അങ്ങേയറ്റം അപകടകരമായ രീതിയില്‍ ഇയാള്‍ കാണിച്ച ഈ പ്രവർത്തി ഒരേസമയം ആളുകളെ അമ്പരപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മറ്റൊരു ഫ്ലാറ്റിലിരുന്ന വ്യക്തിയാണ് ഈ ഭയപ്പെടുത്തുന്ന ദൃശ്യം ക്യാമറയില്‍ പകർത്തിയത്. ഒരു ഭവന സമുച്ചയത്തിലെ ഉയർന്ന നിലയിലുള്ള അപ്പാർട്ട്മെന്റിന്റെ ജനല്‍ പൂർണ്ണമായും തുറന്ന്, അതിലൂടെ ശരീരത്തിന്റെ പകുതിയിലധികം ഭാഗം പുറത്തേക്ക് തള്ളി നില്‍ക്കുന്ന രീതിയിലാണ് വയോധികനുള്ളത്. ഒരു കൈകൊണ്ട് ജനലിന്റെ ഫ്രെയിമില്‍ പിടിച്ച്‌ ബാലൻസ് ചെയ്തുകൊണ്ട്, മറുകൈയിലെ മൊബൈല്‍ ഫോണ്‍ തൊട്ടടുത്ത ഫ്ലാറ്റിലെ ജനലിന് നേരെ പിടിച്ച്‌ ദൃശ്യങ്ങള്‍ ഇയാള്‍ റിക്കോർഡ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

ഒരല്പം കൈവിട്ടാല്‍ വലിയൊരു ദുരന്തം സംഭവിക്കാവുന്നതും അതീവ അപകടകരവുമായ ഈ സാഹചര്യത്തിലും യാതൊരു ഭയവുമില്ലാതെയാണ് ഇയാള്‍ അയല്‍വാസിയുടെ വീട്ടിലേക്ക് ക്യാമറ തിരിച്ചുപിടിച്ചിരിക്കുന്നത്.

സംഭവം നടന്ന സ്ഥലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ വയോധികന്റെ അപകടകരമായ സാഹസികത സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam