Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അയോധ്യ വിവാദം; മോദി-യോഗി ശീതസമരം വീണ്ടും സജീവം; ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ കാത്തിരിക്കുന്നതെന്ത്?

അയോധ്യ വിവാദം; മോദി-യോഗി ശീതസമരം വീണ്ടും സജീവം; ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ കാത്തിരിക്കുന്നതെന്ത്?

Media Mangalam 2 weeks ago

ത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ, അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് ബിജെപിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

എന്നാല്‍, ബി.ജെ.പി.യിലെ ആഭ്യന്തര അധികാരപ്പോരിന്റെ ഭാഗമായാണ് ഈ വിവാദം ഉയർന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരില്‍ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. സംഘപരിവാർ സംഘടനകള്‍ തന്നെ സാമ്പത്തിക ക്രമക്കേട് ഉണ്ടായതായി സമ്മതിച്ചതോടെ സംഭവത്തില്‍ ബിജെപി പ്രതിരോധത്തിലായിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പ്രതിഫലനമാണ് വിവാദമെന്ന സൂചനകളും ശക്തമാണ്. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറിയും രാമക്ഷേത്ര നിർമാണസമിതി അധ്യക്ഷനുമായ നൃപേന്ദ്ര മിശ്രയാണ് വെളിപ്പെടുത്തലുകളുടെ കേന്ദ്രബിന്ദുവെന്നാണ് വിലയിരുത്തല്‍. കേന്ദ്രനേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്താനിടയില്ലെന്നും രാഷ്ട്രീയവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങള്‍ 2020 മുതല്‍ ഉയർന്നിരുന്നെങ്കിലും, വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നത് അടുത്തിടെയാണ്. ആദ്യം ആരോപണങ്ങളെ പ്രതിരോധിച്ച യോഗി ആദിത്യനാഥ് പിന്നീട് അന്വേഷണത്തിന് ഉത്തരവിട്ടു. നൃപേന്ദ്ര മിശ്ര വിശദാംശങ്ങള്‍ പുറത്തുവിട്ടതോടെയാണ് സർക്കാർ നിലപാട് മാറിയതെന്ന സൂചനകളും ഉയരുന്നുണ്ട്. അതിനിടെ, കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തണമെന്ന ആവശ്യം ബി.ജെ.പി.യിലെ ഒരു വിഭാഗം ശക്തമായി മുന്നോട്ടുവയ്ക്കുകയാണ്.

മോദി-യോഗി ബന്ധത്തിലെ ശീതസമരം പുതിയതല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. 2017-ല്‍ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ ആർ.എസ്.എസ്. നിർണായക പങ്കുവഹിച്ചിരുന്നുവെന്നാണ് വിലയിരുത്തല്‍. ബി.ജെ.പി. നേതൃത്വം മുന്നോട്ടുവെച്ച പേരുകള്‍ക്ക് പകരമായാണ് യോഗിയെ തെരഞ്ഞെടുത്തത്. പിന്നീട് കോവിഡ് മഹാമാരിക്കാലത്തെ ഭരണനടപടികള്‍ ചൂണ്ടിക്കാട്ടി 2022 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നേതൃത്വത്തില്‍ മാറ്റം വേണമെന്ന നിലപാട് മോദി-ഷാ പക്ഷം സ്വീകരിച്ചെങ്കിലും, ആർ.എസ്.എസ്. പിന്തുണയോടെ യോഗി സ്ഥാനം നിലനിർത്തി.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തർപ്രദേശില്‍ എൻ.ഡി.എ. നേരിട്ട തിരിച്ചടിക്കും പിന്നാലെ ഈ ആഭ്യന്തര ഭിന്നതകള്‍ വീണ്ടും ചർച്ചയിലായി. രാമക്ഷേത്രമുള്ള അയോധ്യ മണ്ഡലത്തിലും ബി.ജെ.പി. പരാജയപ്പെട്ടിരുന്നു. തോറ്റ സ്ഥാനാർഥികളില്‍ നൃപേന്ദ്ര മിശ്രയുടെ മകൻ സാകേത് മിശ്രയും ഉള്‍പ്പെട്ടിരുന്നു. 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങുമ്പോള്‍, അയോധ്യയിലെ സംഭാവനത്തുക സംബന്ധിച്ച വിവാദം പ്രതിപക്ഷത്തിനൊപ്പം ബി.ജെ.പി.യിലെ ഒരു വിഭാഗവും രാഷ്ട്രീയ ആയുധമാക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 2024-ലെ തിരിച്ചടിക്ക് 2027-ല്‍ എന്ത് മറുപടിയാകും ലഭിക്കുക എന്ന ചോദ്യവും ഇതിനോടൊപ്പം ഉയരുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam