Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അഴിമതി വേട്ടയ്ക്ക് പുതിയ കരുത്ത്; 2002ന് ശേഷം ആദ്യമായി വിജിലൻസ് മാന്വല്‍ സമഗ്രമായി പരിഷ്‌കരിച്ചു, ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കും പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍

അഴിമതി വേട്ടയ്ക്ക് പുതിയ കരുത്ത്; 2002ന് ശേഷം ആദ്യമായി വിജിലൻസ് മാന്വല്‍ സമഗ്രമായി പരിഷ്‌കരിച്ചു, ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കും പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍

Media Mangalam 1 week ago

തിരുവനന്തപുരം: അഴിമതിക്കെതിരായ പോരാട്ടത്തിന് പുതിയ ദിശ നല്‍കാൻ കേരള വിജിലൻസ്. കാലാനുസൃത മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയ പരിഷ്‌കരിച്ച വിജിലൻസ് മാന്വല്‍ പുറത്തിറക്കി.

സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കൊപ്പം മാറിയ അഴിമതി രീതികള്‍ നേരിടാൻ കൂടുതല്‍ ശാസ്ത്രീയമായ അന്വേഷണ സംവിധാനങ്ങളാണ് പുതിയ മാന്വലിലൂടെ ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. 2002ന് ശേഷം ആദ്യമായാണ് വിജിലൻസ് മാന്വല്‍ സമഗ്രമായി പരിഷ്‌കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരള വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ അഴിമതി വിരുദ്ധ ബോധവല്‍ക്കരണ പദ്ധതിയായ 'പ്രോജക്‌ട് സീറോ'യുടെ ഭാഗമായി തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിലെ മൈൻഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് പുതുക്കിയ മാന്വല്‍ മന്ത്രി പ്രകാശനം ചെയ്തത്. വിവിധ സർക്കാർ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ആഭ്യന്തര വിജിലൻസ് മേധാവികളുടെ അവലോകന യോഗവും ഇതോടൊപ്പം നടന്നു.

ഡിജിറ്റല്‍ കാലഘട്ടത്തില്‍ അഴിമതിയുടെ രീതികളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ച സാഹചര്യത്തില്‍ അന്വേഷണ സംവിധാനങ്ങളും ആധുനികവത്കരിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ഡിജിറ്റല്‍ പണമിടപാടുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങള്‍ പുതുക്കിയ മാന്വലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിജിലൻസ് ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പ്, പരിശീലനം, അന്വേഷണം, നിയമനടപടികള്‍ തുടങ്ങിയ മേഖലകളില്‍ വ്യക്തമായ മാർഗനിർദേശങ്ങളാണ് പുതിയ മാന്വലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ പ്രൊഫഷണല്‍ നിലവാരം ഉയർത്തുന്നതിനും അന്വേഷണങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സേനയില്‍ നിന്ന് വിജിലൻസിലേക്ക് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിന് അഭിരുചി പരീക്ഷ നടത്തും. വിജിലൻസ് ഉദ്യോഗസ്ഥർക്ക് യൂണിഫോം നല്‍കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും മികച്ച സേവനം കാഴ്ചവയ്ക്കുന്നവർക്ക് മെഡലുകള്‍ ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ നല്‍കാനുള്ള വ്യവസ്ഥകളും മാന്വലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

'പ്രോജക്‌ട് സീറോ'യുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിജിലൻസ് എസ്പിമാരുടെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ പ്രവർത്തനങ്ങള്‍ ശക്തമാക്കും. മിന്നല്‍ പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനൊപ്പം ബിനാമി സ്വത്ത് ഇടപാടുകളും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനവും പ്രത്യേകം നിരീക്ഷിക്കും.

പ്രധാന തസ്തികകളിലേക്കുള്ള നിയമനങ്ങളില്‍ വിജിലൻസ് ക്ലിയറൻസ് സംവിധാനം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കും. വകുപ്പുകളിലെ ആഭ്യന്തര വിജിലൻസ് സംവിധാനം ശക്തിപ്പെടുത്താൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും അഴിമതിയുമായി ബന്ധപ്പെട്ട പരാതികളും വിവരങ്ങളും കൃത്യസമയത്ത് വിജിലൻസിനെ അറിയിക്കാൻ വകുപ്പ് മേധാവികള്‍ ജാഗ്രത പുലർത്തണമെന്നും മന്ത്രി നിർദേശിച്ചു.

ചടങ്ങില്‍ കേരള ലോകായുക്ത ജസ്റ്റിസ് എൻ. അനില്‍ കുമാർ അധ്യക്ഷത വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോണ്‍ മുഖ്യാതിഥിയായി. ആഭ്യന്തരം ആൻഡ് വിജിലൻസ് അഡീഷണല്‍ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, പൊലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ എന്നിവർ സംസാരിച്ചു. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ ഡിജിപി മനോജ് എബ്രഹാം സ്വാഗതവും വിജിലൻസ് ഐജിപി (ഇൻ ചാർജ്) തോംസണ്‍ ജോസ് നന്ദിയും രേഖപ്പെടുത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam