കൊച്ചി: ബഹ്‌റൈനിലെ ജനവാസ മേഖലകളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇന്ന് പുലർച്ചെ വീണ്ടും ഇറാന്‍റെ ആക്രമണം ഉണ്ടായി.
അതിനെ തുടർന്ന് നെടുമ്പാശ്ശേരിയില്‍ നിന്നും ബഹറൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. 122 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാരെ വിമാനത്തില്‍ നിന്നിറക്കി.
ബുധനാഴ്ച പുലർച്ചെ 2.30ഓടെയാണ് രാജ്യത്ത് അപായ സൈറണുകള്‍ മുഴങ്ങിയത്. പിന്നാലെ തുടരെ ആക്രമണമുണ്ടായി. രാജ്യത്തെ പ്രധാന കേന്ദ്രങ്ങള്‍ക്ക് നേരെയും യുഎസ് ബേസ് ലക്ഷ്യമിട്ടും നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് വിജയകരമായി പ്രതിരോധിച്ചു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. മൂന്ന് മിസൈലുകളും നിരവധി ഡ്രോണുകളുമാണ് രാജ്യത്തെ ലക്ഷ്യമാക്കിയെത്തിയത്. അവയെല്ലാം പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ആകാശത്തുവെച്ച് തന്നെ തടയുകയായിരുന്നു.
ജനവാസ മേഖലകളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തുന്ന ഇത്തരം ആസൂത്രിത ആക്രമണങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് ബഹ്‌റൈൻ പ്രതിരോധ സേന വ്യക്തമാക്കി.
അതേസമയം, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെയുള്ള സുപ്രധാന സിവിലിയൻ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ന് പുലർച്ചെ നടന്ന ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈത്ത്, രാജ്യത്തിന്റെ സുരക്ഷയ്ക്ക് നേരെയുള്ള ഏത് ഭീഷണിക്കും ഉചിതമായ മറുപടി നല്‍കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും വ്യക്തമാക്കി.

