Dailyhunt
ബഹ്‌റൈനിലും കുവൈറ്റിലും ഇറാന്റെ ശക്തമായ ഡ്രോണ്‍ ആക്രമണം; ബാപ്‌കോ റിഫൈനറിയും മിനിസ്ട്രി കോംപ്ലക്സും ആക്രമിച്ചു

ബഹ്‌റൈനിലും കുവൈറ്റിലും ഇറാന്റെ ശക്തമായ ഡ്രോണ്‍ ആക്രമണം; ബാപ്‌കോ റിഫൈനറിയും മിനിസ്ട്രി കോംപ്ലക്സും ആക്രമിച്ചു

Media Mangalam 1 week ago

ദുബായ്: ഇറാനും ഇസ്രായേല്‍-അമേരിക്കൻ സഖ്യവും തമ്മിലുള്ള സംഘർഷം ഗള്‍ഫ് മേഖലകളിലേക്ക് വ്യാപിക്കുന്നതിനിടെ, ബഹ്‌റൈനിലും കുവൈറ്റിലും ഇറാൻ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങള്‍ ആശങ്ക വർധിപ്പിച്ചു.

ശനിയാഴ്ച രാത്രി നടന്ന ആക്രമണങ്ങളില്‍ കുവൈറ്റിലെ പ്രധാന സർക്കാർ കേന്ദ്രങ്ങളും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമാക്കി. വിവിധ മന്ത്രാലയങ്ങള്‍ പ്രവർത്തിക്കുന്ന 'മിനിസ്ട്രി കോംപ്ലക്സ്' കെട്ടിടത്തിന് നാശനഷ്ടമുണ്ടായതായും രണ്ട് വൈദ്യുതി-ജല വിതരണ കേന്ദ്രങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ബഹ്‌റൈനില്‍, പ്രമുഖ ഇന്ധന കമ്പനിയായ ബാപ്‌കോയുടെ സിത്ര ദ്വീപിലെ റിഫൈനറിയെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ വൻ തീപിടിത്തമുണ്ടായതായി ഇറാൻ അവകാശപ്പെട്ടു. പ്രദേശത്തെ അമേരിക്കൻ സൈനിക താവളങ്ങളും സഖ്യരാജ്യങ്ങളും ലക്ഷ്യമാക്കി കൂടുതല്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നല്‍കി.

സംഘർഷം 35-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ മുഴുവൻ അതീവ ജാഗ്രതയിലാണ്. കുവൈറ്റ് ഇന്റർനാഷണല്‍ എയർപോർട്ട് ലക്ഷ്യമിട്ട ആക്രമണശ്രമം വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

മദ്ധ്യപൂർവേഷ്യയിലെ സംഘർഷം പുതിയ മേഖലകളിലേക്ക് വ്യാപിക്കുന്നതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ ആശങ്ക ഉയരുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരിക്കെ, സ്ഥിതിഗതികള്‍ എങ്ങനെ മുന്നേറും എന്നത് നിർണായകമായ ഘട്ടത്തിലേക്കാണ് കടക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam