കണ്ണൂർ: വിവാഹ മോചന കേസില്‍ കോടതിയിലെത്തി ബന്ധം തുടരാൻ താല്‍പര്യമില്ലെന്നു പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തി.
സംഭവത്തില്‍ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷ ഈ മാസം പത്തിന് പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധിക്കും. കരിവെള്ളൂർ പലിയേരി കൊവ്വലിലെ പി. ദിവ്യശ്രീയെ 2024 നവംബർ 21 നാണ് അകന്നുകഴിയുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥയെ വീട്ടിലെത്തി ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത്. ദിവ്യശ്രീയുടെ ഭർത്താവ് കൊഴുമ്മല്‍ കോട്ടുർ പെരളത്തെ 41 കാരനായ കെ. രാജേഷ് ആണ് കുറ്റക്കാരൻ.
ദിവ്യശ്രീയും രാജേഷും അകന്നുകഴിയുകയായിരുന്നു. കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥയായ ദിവ്യശ്രീ സംഭവ ദിവസം രാത്രി ശബരിമലയില്‍ സേവനത്തിന് പോകേണ്ടതായിരുന്നു. ഇവരുടെ വിവാഹമോചന പരാതി കണ്ണൂർ കുടുംബ കോടതിയുടെ പരിഗണനയിലായിരുന്നു. വിവാഹമോചനക്കേസില്‍ സംഭവ ദിവസം രാവിലെ ദിവ്യശ്രീ കോടതിയില്‍ ഹാജരായി ബന്ധം തുടരാൻ താല്‍പര്യമില്ലെന്നു പറഞ്ഞു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് കണ്ടെത്തല്‍.
വീടിന്റെ വരാന്തയില്‍വച്ച് പെട്രോള്‍ ഒഴിച്ചതിന് ശേഷം ദിവ്യശ്രീയെ പല തവണ വെട്ടി. രക്ഷപ്പെടാൻ ശ്രമിച്ച ദിവ്യശ്രീയെ ഗേറ്റിന് സമീപം വരെ പിന്തുടർന്ന് വെട്ടി. തടയാൻ ശ്രമിച്ചപ്പോള്‍ ദിവ്യശ്രീയുടെ അച്ഛൻ വാസുവിനെയും വെട്ടി പരുക്കേല്‍പ്പിച്ചു. ബൈക്കിലെത്തിയ പ്രതി അക്രമത്തിന് ശേഷം ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. എടിഎമ്മില്‍ നിന്ന് പണം പിൻവലിച്ച പ്രതി വളപട്ടണത്തെ ബാറിലെത്തി മദ്യപിക്കുന്ന വിവരമറിഞ്ഞെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ദിവ്യശ്രീയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേസില്‍ സംഭവസമയത്തെ സിസിടിവി ദൃശ്യം കോടതിയില്‍ ഹാജരാക്കി പ്രദർശിപ്പിച്ചിരുന്നു. ആയുധം കണ്ടെത്തിയതിന്റെയും വാങ്ങുന്നതിന്റെയും ഉള്‍പ്പെടെയുള്ള സിസിടിവി ദൃശ്യം കോടതിയില്‍ ഹാജരാക്കി. 102 രേഖകളും 51 തൊണ്ടിമുതലും ഹാജരാക്കി. സംഭവത്തിന് മുൻപ് പ്രതിക്കെതിരെ രണ്ട് കേസുകളുണ്ടായിരുന്നു.

