വാർധക്യം ചെറുക്കാനുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ അമേരിക്കൻ ടെക് സംരംഭകനും ബയോഹാക്കറുമായ ബ്രയാൻ ജോണ്‍സണ്‍ വീണ്ടും വിവാദത്തില്‍.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനായി താൻ സ്വന്തം കോശങ്ങളില്‍ നിന്ന് 'ബേബി ബ്രയാൻ' എന്ന പേരില്‍ ഒരു ക്ലോണ്‍ സൃഷ്ടിച്ചെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. എന്നാല്‍, ഇത് യഥാർഥ മനുഷ്യ ക്ലോണല്ലെന്നും അദ്ദേഹത്തിന്റെ അവകാശവാദം ശാസ്ത്രീയമായി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ജൂലൈ 21-ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ബ്രയാൻ തന്റെ പുതിയ പരീക്ഷണം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. ചിലർക്ക് ഇത് ഭയപ്പെടുത്തുന്ന ഡിസ്റ്റോപ്യൻ ഭാവിയായി തോന്നാമെങ്കിലും ആരോഗ്യരംഗത്തിന്റെ അനിവാര്യമായ ഭാവിയാണിതെന്നാണ് അദ്ദേഹത്തിന്റെ വാദം.
സ്വന്തം രക്തത്തില്‍ നിന്ന് കോശങ്ങള്‍ വേർതിരിച്ച്, 'യമനക ഫാക്ടറുകള്‍' എന്നറിയപ്പെടുന്ന നാല് പ്രോട്ടീനുകള്‍ ഉപയോഗിച്ച് അവയുടെ എപിജെനറ്റിക് പ്രായം പുനഃക്രമീകരിച്ചാണ് ഭ്രൂണസമാനമായ അവസ്ഥയിലേക്കെത്തിച്ചതെന്ന് ബ്രയാൻ വിശദീകരിക്കുന്നു.
ഈ കോശങ്ങള്‍ ഉപയോഗിച്ച് പുതിയ ചികിത്സകള്‍ പരീക്ഷിക്കാനും, ട്രാൻസ്പ്ലാന്റേഷനായി അവയവങ്ങള്‍ വളർത്താനും, യുവകോശങ്ങള്‍ ശരീരത്തിലേക്ക് നല്‍കാനുമാകുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഈ സാങ്കേതികവിദ്യ ഇതിനകം ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലാണെന്നും വാർധക്യത്തെ മറികടക്കാൻ ഇത് സഹായിക്കുമെന്നുമാണ് ബ്രയാൻ പറയുന്നത്.
കഴിഞ്ഞ മാസം തനിക്ക് ഓട്ടോ ഇമ്മ്യൂണ്‍ ഗ്യാസ്ട്രൈറ്റിസ് സ്ഥിരീകരിച്ചതായി ബ്രയാൻ വെളിപ്പെടുത്തിയിരുന്നു. രോഗത്തെ തിരിച്ചടിയായി കാണാതെ ശരീരത്തെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള അവസരമായാണ് താൻ കാണുന്നതെന്നും ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവുകളിലൊന്നാണ് ഇതെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, ബ്രയാന്റെ പ്രഖ്യാപനം സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമർശനത്തിനും വഴിവച്ചു. സ്വന്തം ആവശ്യങ്ങള്‍ക്കായി ക്ലോണ്‍ സൃഷ്ടിച്ച് അതിന്റെ അവയവങ്ങളോ രക്തമോ ഉപയോഗിക്കാനുള്ള ആശയം ധാർമികമായി അംഗീകരിക്കാനാകില്ലെന്നാണ് നിരവധി പേരുടെ അഭിപ്രായം. ഇത്തരമൊരു നീക്കത്തിന് ക്ലോണിന്റെ സമ്മതം എങ്ങനെ ലഭിക്കുമെന്ന ചോദ്യവും വിമർശകർ ഉയർത്തുന്നു.
ശാസ്ത്രജ്ഞരും ബ്രയാന്റെ അവകാശവാദത്തെ ചോദ്യം ചെയ്തിട്ടുണ്ട്. യമനക ഫാക്ടറുകള്‍ ഉപയോഗിച്ച് അദ്ദേഹം സൃഷ്ടിച്ചത് യഥാർഥ മനുഷ്യ ക്ലോണല്ലെന്നും, മറിച്ച് ഇൻഡ്യൂസ്ഡ് പ്ലൂറിപൊട്ടന്റ് സ്റ്റെം സെല്ലുകള്‍ ആണെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. അതിനാല്‍, 'സ്വയം ക്ലോണ്‍ ചെയ്തു' എന്ന ബ്രയാന്റെ അവകാശവാദം ശാസ്ത്രീയമായി കൃത്യമല്ലെന്നാണ് അവരുടെ നിലപാട്.

