ബെംഗളൂരു: എട്ട് തവണ നിയമസഭാംഗവും കർണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ കർണാടകയുടെ 25-ാമത് മുഖ്യമന്ത്രിയായി ലോക് ഭവനില്‍ സത്യപ്രതിജ്ഞ ചെയ്തു.
ഗവർണർ താവർ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണഘടനയുടെ ഒരു പകർപ്പ് കയ്യില്‍ പിടിച്ചുകൊണ്ട്, ആത്മീയ നേതാവ് ഗംഗാധർ അജ്ജയുടെ പേരിലാണ് ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തത്.
ഡി കെ ശിവകുമാറിനൊപ്പം അദ്ദേഹത്തിൻ്റെ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. സിദ്ധരാമയ്യ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന ഡി കെ ശിവകുമാർ കോണ്‍ഗ്രസിന്റെ ദക്ഷിണേന്ത്യയിലെ ട്രബിള്‍ഷൂട്ടറായ നേതാവ് എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഡി കെ ശിവകുമാറിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതൃനിര ഒന്നായി എത്തിച്ചേർന്നിരുന്നു.
ലോക്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും കെ സി വേണുഗോപാലും ഒരോ കാറിലാണ് സത്യപ്രതിജ്ഞ നടക്കുന്ന ലോക്ഭവനിലേയ്ക്ക് എത്തിയത്. കേരള മുഖ്യമന്ത്രി വി ഡി സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതനായിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷമായതിന് പിന്നാലെ ഹൈക്കമാന്‍ഡ് ഇടപെടലിലാണ് സിദ്ധരാമയ്യ അയഞ്ഞതും രാജി സമർപ്പിച്ചതും. തുടർന്ന് ചേർന്ന സിഎല്‍പി യോഗം ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു. സിദ്ധരാമയ്യയായിരുന്നു ഡി കെ ശിവകുമാറിൻ്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചത്. മുതിർന്ന നേതാവ് ജി പരമേശ്വര സിദ്ധരാമയ്യയുടെ നിർദ്ദേശത്തെ പിന്താങ്ങുകയായിരുന്നു. എട്ടുതവണ എംഎല്‍എയായ ശിവകുമാർ വൊക്കലിംഗ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്.
മുതിർന്ന നേതാവ് ജി പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സിദ്ധരാമയ്യ മന്ത്രിസഭയില്‍ ആഭ്യന്ത്രമന്ത്രിയായിരുന്നു ജി പരമേശ്വര. സിദ്ധരാമയ്യയുടെ പ്രത്യേക താല്‍പ്പര്യ പ്രകാരമാണ് ജി പരമേശ്വര ഉപമുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വന്നത്. കെ എച്ച് മുനിയപ്പ അടക്കം പതിനാല് അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. യു ടി ഖാദർ അടക്കം രണ്ട് മലയാളികളും മന്ത്രിസഭയില്‍ ഇടം നേടി.
മുഖ്യമന്ത്രി തർക്കവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് യോഗത്തില്‍ സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സ്ഥാനം കോണ്‍ഗ്രസ് നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ തുടരാനാണ് താല്‍പ്പര്യമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കുകയായിരുന്നു. കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനം സ്വന്തം വസതിയില്‍ നടന്ന പ്രഭാതഭക്ഷണ യോഗത്തില്‍ വെച്ച് സിദ്ധരാമയ്യ തന്നെയാണ് സഹപ്രവർത്തകരായ മന്ത്രിമാരെ ആറിയിച്ചത്.
'കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡി കെ ശിവകുമാറിനെ അടുത്ത മുഖ്യമന്ത്രിയായി നിര്‍ദേശിച്ചിരിക്കുകയാണ്. അതിനോട് ഞാനും യോജിക്കുന്നു.' - എന്നാണ് സര്‍ക്കാരിന്റെ ഭാഗമായ മുതിര്‍ന്ന അംഗങ്ങളുമായുള്ള പ്രഭാതഭക്ഷണ യോഗത്തിന് ശേഷം സിദ്ധരാമയ്യ പ്രതികരിച്ചത്.
കർണാടക കോണ്‍ഗ്രസിലെ മാസങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിനും വിഭാഗീയ ചർച്ചകള്‍ക്കും വിരാമമിട്ട് നേതൃമാറ്റം നടക്കുമ്പോള്‍ ഡി കെ ശിവകുമാർ ചുമതലയേല്‍ക്കുന്നത് ഒരു പ്രധാന നിമിഷമാണ്. വരും മാസങ്ങളില്‍ കോണ്‍ഗ്രസ് സംഘടനയ്ക്കുള്ളിലെ വിവിധ ഗ്രൂപ്പുകളില്‍ നിന്നുള്ള പ്രതീക്ഷകള്‍ സന്തുലിതമാക്കുന്നതിനൊപ്പം സംസ്ഥാനത്തെ ഭരണ വികസന, ക്ഷേമ പദ്ധതികളിലും രാഷ്ട്രീയ സ്ഥിരതയിലും പുതിയ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

