Dailyhunt
'ഭര്‍ത്താവ് ശാരീരികബന്ധത്തില്‍ താല്‍പര്യം കാണിക്കുന്നില്ല, ഭര്‍തൃമാതാവ് തങ്ങളുടെ കൂടെ കിടക്കും'; വൃക്ക ദാനം ചെയ്യാനോ 30 ലക്ഷം രൂപ നല്‍കാനോ ആവശ്യപ്പെട്ട് നിരന്തരം മാനസികമായി പീഡിപ്പിക്കും, പരാതിയുമായി യുവതി

'ഭര്‍ത്താവ് ശാരീരികബന്ധത്തില്‍ താല്‍പര്യം കാണിക്കുന്നില്ല, ഭര്‍തൃമാതാവ് തങ്ങളുടെ കൂടെ കിടക്കും'; വൃക്ക ദാനം ചെയ്യാനോ 30 ലക്ഷം രൂപ നല്‍കാനോ ആവശ്യപ്പെട്ട് നിരന്തരം മാനസികമായി പീഡിപ്പിക്കും, പരാതിയുമായി യുവതി

Media Mangalam 1 day ago

ക്‌നൗ: ഉത്തർപ്രദേശില്‍ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ മാനസിക പീഡനവും സ്ത്രീധന പീഡനവും ആരോപിച്ച്‌ ഞെട്ടിക്കുന്ന ആരോപണങ്ങള്‍ ഉന്നയിച്ച്‌ യുവതി.

വിവാഹത്തിന് മുമ്പ് ഭർത്താവിന്റെ രണ്ട് വൃക്കകളും തകരാറിലായതായി വീട്ടുകാർ തങ്ങളെ അറിയിച്ചിരുന്നില്ലെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. പിന്നീട്, തന്റെ ഒരു വൃക്ക ദാനം ചെയ്യാനോ 30 ലക്ഷം രൂപ നല്‍കാനോ അവർ സമ്മർദ്ദം ചെലുത്തുന്നതായി യുവതി പറയുന്നു.

സ്ത്രീധനത്തിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകളാണ് യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. സ്ത്രീധനം കുറഞ്ഞ്‌പോയെന്നും വൃക്ക വിറ്റ് പണം കണ്ടെത്തണമെന്നും ഭര്‍ത്താവും കുടുംബവും ആവശ്യപ്പെട്ടുവെന്നുമാണ് യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം നടന്നത്. നല്‍കിയ സ്ത്രീധനത്തിന് പുറമേ 30 ലക്ഷം രൂപയാണ് തന്നോട് ആവശ്യപ്പെട്ടതെന്നാണ് മൊഴിയില്‍ പറയുന്നത്.

2023 ജൂണിലാണ് ലക്‌നൗ സ്വദേശിയായ നിഷാന്ത് കുമാറുമായി യുവതിയുടെ വിവാഹം നടത്തിയത്. സ്വര്‍ണ്ണാഭരണങ്ങള്‍, 8 ലക്ഷം രൂപ, ഒരു മഹീന്ദ്ര ഥാര്‍ എസ്യുവി എന്നിവയുള്‍പ്പെടെ സ്ത്രീധനം നല്‍കിയിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ആദ്യ ദിവസങ്ങളില്‍ വലിയ പ്രശ്‌നങ്ങളില്ലായിരുന്നുവെങ്കിലും പിന്നീട് സാഹചര്യം മാറിയെന്നും പരാതിയില്‍ പറയുന്നു. 30 ലക്ഷം രൂപ കൂടി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വൃക്ക വിറ്റ് പണം നല്‍കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും ഇതിന് വഴങ്ങാതെ വന്നപ്പോള്‍ ഭീഷണിയും പീഡനവും പതിവായെന്നും യുവതി പറയുന്നു.

ഭര്‍ത്താവ് താനുമായി അകല്‍ച്ച പാലിച്ചിരുന്നുവെന്നും ശാരീരികബന്ധത്തില്‍ താല്‍പര്യം കാണിക്കാതിരിക്കുകയും ചെയ്തതായും സ്ത്രീ ആരോപിച്ചു. കൂടാതെ, ഭര്‍തൃമാതാവ് പലപ്പോഴും ദമ്പതിമാര്‍ക്കിടയിലാണ് ഉറങ്ങിയിരുന്നതെന്നും ഭര്‍തൃപിതാവ് അനുമതിയില്ലാതെ അവരുടെ മുറിയില്‍ പ്രവേശിച്ച്‌ ചിത്രങ്ങള്‍ എടുക്കുമായിരുന്നു എന്നും യുവതി പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോള്‍, ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

തന്റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നുവെന്നും ഇത് അയാളുടെ കുടുംബത്തിന്റെ അറിവോടെയും പിന്തുണയോടെയും ആയിരുന്നുവെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. 2024 ഏപ്രിലില്‍, വീട്ടില്‍ നിന്ന് ലഭിച്ച മെഡിക്കല്‍ രേഖകളില്‍ നിന്ന് ഭര്‍ത്താവ് ലഹരി ഉപയോഗം കാരണം ഗുരുതരമായ വൃക്ക രോഗത്താല്‍ കഷ്ടപ്പെടുകയാണെന്നും 2022 മുതല്‍ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും യുവതി പറഞ്ഞു.

ഭർത്താവ് നിഷാന്തിനും ബന്ധുക്കള്‍ക്കും എതിരെ പോലീസ് കേസെടുത്തു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ തുടർനടപടികള്‍ സ്വീകരിക്കുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അഭിഷേക് പാണ്ഡെ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam