ഭൂകമ്പം പോലുള്ള വൻദുരന്തങ്ങളില്‍ കെട്ടിടങ്ങള്‍ തകർന്നുവീണ് ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുമ്പോള്‍, രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ കഴിയാത്ത ഇടങ്ങളിലേക്ക് ഇനി പാറ്റകള്‍ എത്തിയേക്കും.
കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും, ദുരന്ത രക്ഷാപ്രവർത്തനങ്ങളുടെ ഭാവി തന്നെ മാറ്റിമറിക്കാവുന്ന സാങ്കേതികവിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ ഗവേഷകർ. യഥാർഥ പാറ്റകളുടെ ശരീരത്തില്‍ ചെറുകിട ഇലക്‌ട്രോണിക് ഉപകരണങ്ങളും ക്യാമറകളും ഘടിപ്പിച്ചാണ് 'സൈബോർഗ് പാറ്റകളെ' വികസിപ്പിക്കുന്നത്.
ക്വീൻസ്‌ലാൻഡ് സർവകലാശാലയിലെ ബയോറോബോട്ടിക്സ് ഗവേഷകരും ന്യൂ സൗത്ത് വെയില്‍സ് സർവകലാശാലയിലെ ബയോമെഡിക്കല്‍ എൻജിനീയർമാരും ചേർന്നാണ് ഈ ഗവേഷണം നടത്തുന്നത്. 'പാരാബോർഗ്സ്' എന്നാണ് ഗവേഷകർ ഇവയ്ക്ക് നല്‍കിയിരിക്കുന്ന പേര്. മനുഷ്യർക്ക് നേരിട്ട് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള, ഇടുങ്ങിയതും അപകടകരവുമായ സ്ഥലങ്ങളിലേക്ക് കടന്നുചെന്ന് കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഒരാളെ കണ്ടെത്തിയാല്‍ അടിയന്തരസാഹചര്യത്തില്‍ മരുന്ന് നല്‍കാനും കഴിയുന്ന സംവിധാനവും ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വടക്കൻ ക്വീൻസ്‌ലാൻഡില്‍ കാണപ്പെടുന്ന ജയന്റ് ബറോയിങ് കോക്ക്റോച്ച് എന്ന വലിയ ഇനം പാറ്റകളെയാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. ശരീരത്തില്‍ ഘടിപ്പിക്കുന്ന ഉപകരണങ്ങള്‍ ഭാരം കുറഞ്ഞതായതിനാല്‍ പാറ്റകള്‍ക്ക് സ്വാഭാവികമായി സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ക്യാമറകള്‍ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് ഇവയുടെ ചലനം നിരീക്ഷിക്കാനും വിദൂരനിയന്ത്രണത്തിലൂടെ നിർദേശിച്ച ദിശയിലേക്ക് നയിക്കാനും കഴിയും.
ഇതിനു പുറമെ, ലക്ഷ്യസ്ഥാനത്ത് എത്തിയാല്‍ ചെറിയ തോതില്‍ മരുന്ന് കുത്തിവയ്ക്കാൻ കഴിയുന്ന ഓട്ടോമാറ്റിക് ഇൻജക്ഷൻ സംവിധാനവും പാരാബോർഗുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. വിദൂരനിയന്ത്രണത്തിലൂടെയാണ് ഈ സംവിധാനം പ്രവർത്തിപ്പിക്കുന്നത്. അതായത്, രക്ഷാപ്രവർത്തകർക്ക് നേരിട്ട് എത്താൻ കഴിയാത്ത ഇടത്ത് ഒരു വ്യക്തിയെ കണ്ടെത്തിയാല്‍, പ്രാഥമിക സഹായത്തിന്റെ ഭാഗമായി മരുന്ന് നല്‍കാനുള്ള സാധ്യതയും ഈ സാങ്കേതികവിദ്യ തുറക്കുന്നു.
പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍, ലക്ഷ്യസ്ഥാനത്തിന്റെ 15 സെന്റിമീറ്റർ പരിധിക്കുള്ളില്‍ എത്തിയ ശേഷം മരുന്ന് കുത്തിവയ്ക്കുന്നതില്‍ പാരാബോർഗുകള്‍ 95 ശതമാനം വിജയം കൈവരിച്ചതായി ഗവേഷകർ കണ്ടെത്തി. എന്നാല്‍ ലക്ഷ്യസ്ഥാനം കണ്ടെത്തുക, കൃത്യമായി അവിടെയെത്തുക, ശരിയായ സ്ഥാനത്ത് സ്ഥിരതയോടെ നില്‍ക്കുക, തുടർന്ന് കുത്തിവയ്പ് നടത്തുക എന്നീ മുഴുവൻ ഘട്ടങ്ങളും ഒരുമിച്ച് ഉള്‍പ്പെടുത്തിയ പരീക്ഷണത്തില്‍ വിജയനിരക്ക് 72 ശതമാനമായിരുന്നു. പാറ്റയെ കൃത്യമായ സ്ഥാനത്ത് എത്തിക്കുന്നതാണ് നിലവില്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
ഭൂകമ്പത്തില്‍ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയിലും ഗുഹകളിലും മറ്റും മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത ഇടുങ്ങിയ വിടവുകളിലൂടെ സഞ്ചരിക്കാനുള്ള കഴിവാണ് പാറ്റകളെ ഈ ദൗത്യത്തിന് അനുയോജ്യമാക്കുന്നത്. ചെറിയ വിടവുകളിലൂടെ കടന്നുപോകാനും തടസ്സങ്ങള്‍ക്കിടയിലൂടെ മുന്നേറാനും കഴിയുന്നതിനാല്‍ പരമ്പരാഗത രക്ഷാപ്രവർത്തന ഉപകരണങ്ങള്‍ക്ക് എത്താനാകാത്ത സ്ഥലങ്ങളിലും ഇവയ്ക്ക് പ്രയോജനപ്പെടുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.
ഇലക്‌ട്രോഡുകളും മൈക്രോചിപ്പുകളും ഘടിപ്പിക്കുന്നതിന് മുമ്പ് പാറ്റകളെ അനസ്തേഷ്യയ്ക്ക് വിധേയമാക്കുന്നുണ്ട്. പരീക്ഷണത്തിന് ശേഷം ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ നീക്കം ചെയ്താല്‍ സാധാരണ പാറ്റകളെപ്പോലെ തന്നെ ജീവിക്കാനും ഇവയ്ക്ക് കഴിയുമെന്ന് ഗവേഷകർ പറയുന്നു.
ഒറ്റപ്പെട്ട സൈബോർഗ് പാറ്റകളെ ഉപയോഗിക്കുന്നതിലുപരി, ഭാവിയില്‍ ഇവയുടെ കൂട്ടങ്ങളെ രക്ഷാപ്രവർത്തനത്തിനായി വിന്യസിക്കാനാണ് ഗവേഷകരുടെ പദ്ധതി. ഓരോ പാറ്റയ്ക്കും വ്യത്യസ്ത ചുമതലകള്‍ നല്‍കാനും കഴിയും. ചിലത് ആളുകളെ കണ്ടെത്തുമ്പോള്‍ മറ്റുള്ളവ നിരീക്ഷണം നടത്തുകയും ചിലത് അടിയന്തര ചികിത്സ നല്‍കുകയും ചെയ്യുന്ന തരത്തില്‍ ഒരു 'സൈബോർഗ് രക്ഷാസംഘം' തന്നെ രൂപപ്പെടുത്താനാണ് ലക്ഷ്യം.
അടുത്ത അഞ്ച് മുതല്‍ പത്ത് വർഷത്തിനുള്ളില്‍ യഥാർഥ ദുരന്തസാഹചര്യങ്ങളില്‍ ഇത്തരം സൈബോർഗ് പ്രാണികളെ ഉപയോഗിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. ദുരന്തമേഖലകളിലെ രക്ഷാപ്രവർത്തനത്തിന് പുതിയൊരു വഴിതുറക്കുന്നതിനൊപ്പം, മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത ഇടങ്ങളില്‍ സാങ്കേതികവിദ്യയും പ്രകൃതിയുടെ കഴിവുകളും എങ്ങനെ ഒന്നിച്ചുപ്രവർത്തിക്കാമെന്നതിന്റെ കൗതുകകരമായ ഉദാഹരണമായും മാറുകയാണ് ഈ 'റോബോട്ടിക് പാറ്റകള്‍'.

