കാസർകോട്: മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടിയിലായ സംഭവത്തില്‍ പ്രതികരണവുമായി സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറും യുട്യൂബറുമായ 'ഹെലൻ ഓഫ് സ്പാർട്ട 'എന്ന എസ്.ആർ.
ധന്യ.
'ബിയർ കഴിച്ച ശേഷമാണ് വാഹനം ഓടിച്ചത്, തന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ തെറ്റായിരുന്നു. മദ്യപിച്ച് വാഹനം ഓടിക്കാൻ പാടില്ലായിരുന്നു. പൊലീസ് കൈകാണിച്ചപ്പോള്‍ വാഹനം നിർത്താതെ പോയത്, ആരെങ്കിലും വീഡിയോ പകർത്തുമെന്ന ആശങ്ക കൊണ്ടായിരുന്നു'വെന്നും അവർ വിശദീകരിച്ചു.
കാസർകോട് അണങ്കൂരില്‍ വാഹനപരിശോധനയ്ക്കിടെ പൊലീസ് കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും വാഹനം നിർത്താതെ അമിതവേഗത്തില്‍ മുന്നോട്ട് പോകുകയായിരുന്നു. തുടർന്ന് പൊലീസ് പിന്തുടർന്ന് ബന്തിയോട് ഭഗവതി നഗറില്‍വെച്ച് വാഹനം തടഞ്ഞുനിർത്തി. പരിശോധനയില്‍ ധന്യ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ദേശീയപാത 66-ല്‍ റോഡിന് നടുവില്‍ വാഹനം നിർത്തിയിട്ടത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് പൊലീസ് സമീപിച്ചതെന്നും, തുടർന്ന് വാഹനം അതിവേഗത്തില്‍ ഓടിച്ചുപോയതായി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്നുള്ള പരിശോധനയില്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് നിയമനടപടികള്‍ സ്വീകരിച്ചു. പിഴ ഈടാക്കിയ ശേഷം ധന്യയെ വിട്ടയച്ചതായാണ് ലഭിക്കുന്ന വിവരം.
ആദ്യം ടിക് ടോക് വീഡിയോകളിലൂടെയാണ് ധന്യ ശ്രദ്ധ നേടിയത്. ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചതോടെ ഇൻസ്റ്റഗ്രാം റീലുകളില്‍ സജീവമായിരുന്നു.

