രാത്രിയാകാശത്തെ ഏറ്റവും മനോഹരമാക്കുന്ന ചന്ദ്രൻ ഓരോ വർഷവും ഭൂമിയില്‍ നിന്ന് അല്‍പാല്‍പമായി അകന്നുപോകുകയാണെന്ന് പുതിയ പഠനങ്ങള്‍.
വർഷത്തില്‍ വെറും 3.8 സെന്റിമീറ്റർ മാത്രമാണ് ഈ അകലം കൂടുന്നതെങ്കിലും, കോടിക്കണക്കിന് വർഷങ്ങള്‍ക്കൊടുവില്‍ അത് ഭൂമിയുടെയും ചന്ദ്രന്റെയും ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയുടെ സ്വാതന്ത്ര്യപ്രഖ്യാപന വർഷമായ 1776-ല്‍ ഇന്നത്തേതിനേക്കാള്‍ ഏകദേശം 31 അടി (9.4 മീറ്റർ) കൂടുതല്‍ ഭൂമിയോട് അടുത്തായിരുന്നു ചന്ദ്രനെന്ന് സ്‍പേസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.
ന്യൂയോർക്കിലെ അഡിറോണ്ടാക്ക് സ്കൈ സെന്റർ ആൻഡ് ഒബ്സർവേറ്ററിയുടെ പ്രസിഡന്റ് സെത്ത് മക്‌ഗോവന്റെ വിശദീകരണമനുസരിച്ച്, ശരാശരി പ്രതിവർഷം 3.8 സെന്റിമീറ്റർ എന്ന നിരക്കിലാണ് ചന്ദ്രൻ ഭൂമിയില്‍ നിന്ന് അകന്നുപോകുന്നത്. മനുഷ്യന്റെ നഖം വളരുന്ന വേഗത്തിന് സമാനമായ ഈ മാറ്റം ദിവസേന അനുഭവപ്പെടില്ലെങ്കിലും ദീർഘകാല കണക്കുകളില്‍ ഇത് വ്യക്തമായി പ്രകടമാകുന്നു.
250 വർഷത്തിനിടെ ഉണ്ടായ 31 അടിയുടെ വ്യത്യാസം കേള്‍ക്കുമ്പോള്‍ വലുതായി തോന്നാമെങ്കിലും, ഭൂമിയും ചന്ദ്രനും തമ്മിലുള്ള ശരാശരി 3.84 ലക്ഷം കിലോമീറ്റർ ദൂരവുമായി താരതമ്യം ചെയ്യുമ്പോള്‍ അത് വളരെ ചെറിയ മാറ്റമാണ്. മാത്രമല്ല, ചന്ദ്രന്റെ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥം കാരണം ഓരോ മാസവും ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തില്‍ ഏകദേശം 43,000 കിലോമീറ്റർ വരെ സ്വാഭാവിക വ്യത്യാസം സംഭവിക്കാറുണ്ട്.
ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകർഷണ ബന്ധവും സമുദ്രത്തിലെ വേലിയേറ്റവുമാണ് ഈ പ്രതിഭാസത്തിന് പിന്നിലെ പ്രധാന കാരണം. ഭൂമി ചന്ദ്രനെക്കാള്‍ വേഗത്തില്‍ ഭ്രമണം ചെയ്യുന്നതിനാല്‍ വേലിയേറ്റം സൃഷ്ടിക്കുന്ന ഗുരുത്വബലം ചന്ദ്രന് അധിക ഊർജം നല്‍കുകയും അതിനെ പതിയെ കൂടുതല്‍ ഉയർന്ന ഭ്രമണപഥത്തിലേക്ക് തള്ളുകയും ചെയ്യുന്നു. ഇതോടൊപ്പം ഭൂമിയുടെ ഭ്രമണവേഗവും വളരെ ചെറിയ തോതില്‍ കുറയുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
ഒരുകാലത്ത് ജീവിതത്തിന്റെ താളം നിശ്ചയിച്ച ചന്ദ്രൻ
ഇന്ന് രാത്രിയിലെ മനോഹര കാഴ്ചയായി മാത്രം കാണപ്പെടുന്ന ചന്ദ്രന് 18-ാം നൂറ്റാണ്ടില്‍ അതിലേറെ പ്രാധാന്യമുണ്ടായിരുന്നു. വൈദ്യുതിയും ആധുനിക സമയമാപിനികളും ഇല്ലാതിരുന്ന കാലത്ത് യാത്രകള്‍ ആസൂത്രണം ചെയ്യാനും കൃഷിപ്പണികള്‍ ക്രമീകരിക്കാനും കടല്‍യാത്രകള്‍ നടത്താനും വേലിയേറ്റ-വേലിയിറക്കങ്ങള്‍ കണക്കാക്കാനും ചന്ദ്രപ്രകാശവും ചന്ദ്രക്കലകളും ആശ്രയിച്ചിരുന്നു. ചന്ദ്രോദയ-ചന്ദ്രാസ്തമയ സമയങ്ങളും ഗ്രഹണങ്ങളും കാലാവസ്ഥാ സൂചനകളും ഉള്‍പ്പെടുത്തിയ കലണ്ടറുകളായിരുന്നു അന്നത്തെ പ്രധാന വിവരസ്രോതസുകള്‍.
1776-ഓടെ ഗലീലിയോയുടെ ദൂരദർശിനി നിരീക്ഷണങ്ങളിലൂടെ ചന്ദ്രനിലെ പർവതങ്ങളെയും ഗർത്തങ്ങളെയും കുറിച്ചുള്ള അറിവ് ലഭിച്ചിരുന്നു. ഐസക് ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തം ചന്ദ്രന്റെ ഭ്രമണവും വേലിയേറ്റങ്ങളും വിശദീകരിച്ചിരുന്നെങ്കിലും, ചന്ദ്രന്റെ മറുവശത്തെയും ഘടനയെയും രൂപീകരണത്തെയും കുറിച്ചുള്ള വ്യക്തമായ അറിവ് അന്നുണ്ടായിരുന്നില്ല.
പിന്നീട് അപ്പോളോ ദൗത്യങ്ങളില്‍ ചന്ദ്രനില്‍ സ്ഥാപിച്ച ലേസർ റെട്രോറെഫ്ലക്ടറുകള്‍ ഉപയോഗിച്ചാണ് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം അത്യന്തം കൃത്യതയോടെ അളക്കാൻ ശാസ്ത്രജ്ഞർക്ക് സാധിച്ചത്. ഈ പരീക്ഷണങ്ങളിലൂടെയാണ് ചന്ദ്രൻ വർഷംതോറും ഭൂമിയില്‍ നിന്ന് അകന്നുപോകുന്നുവെന്നത് സ്ഥിരീകരിക്കപ്പെട്ടത്. ഇന്നും ഈ അളവെടുപ്പുകള്‍ തുടരുകയാണ്.
ഭാവിയില്‍ ഈ ചെറിയ മാറ്റം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. ലക്ഷക്കണക്കിന് വർഷങ്ങള്‍ക്കുശേഷം ചന്ദ്രൻ കൂടുതല്‍ അകന്നാല്‍ ഭൂമിയില്‍ നിന്ന് കാണുന്ന അതിന്റെ വലിപ്പം കുറയും. അതിന്റെ ഫലമായി ഇന്ന് നമ്മള്‍ കാണുന്ന സമ്പൂർണ സൂര്യഗ്രഹണങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാവുകയും, വളയ സൂര്യഗ്രഹണങ്ങള്‍ മാത്രമേ അന്നുണ്ടാകൂ എന്ന സാധ്യതയും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

