താരസംഘടനയായ 'അമ്മ'യുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നടി ലക്ഷ്മി പ്രിയയ്ക്കെതിരെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക വിമർശനങ്ങളും പരിഹാസങ്ങളും ഉയരുകയാണ്.
സംഘടനയ്ക്കുള്ളിലെ വിഷയങ്ങള്‍ പൊതുചർച്ചയായതോടെ ലക്ഷ്മി പ്രിയ നടത്തിയ ചില പ്രതികരണങ്ങളും നിലപാടുകളും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ നിരവധി പേരാണ് നടിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
'അമ്മ'യില്‍ വർഗീയതയും മതപരമായ വിഭജനവും കൊണ്ടുവരാൻ ലക്ഷ്മി പ്രിയ ശ്രമിച്ചുവെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം.
ഇപ്പോഴിതാ തനിക്കെതിരായി ചെയ്തൊരു വീഡിയോയ്ക്ക് താഴെ ലക്ഷ്മി പ്രിയ നല്‍കിയ കമന്റ് ശ്രദ്ധനേടുകയാണ്. അൻസൂസ് മീഡിയ എന്ന യുട്യൂബ് ചാനലിന് ആയിരുന്നു ലക്ഷ്മിയുടെ മറുപടി.
നടി ഉഷ ഹസീന, ലക്ഷ്മി പ്രിയയ്ക്ക് എതിരെ സംസാരിക്കുന്ന വീഡിയോയ്ക്ക് റിയാക്ഷൻ ചെയ്തതായിരുന്നു അൻസൂസ്. ഇതിന് താഴെ "ചത്തേനെ സഹോദരാ. ലക്ഷ്മി പ്രിയ എന്ന ഞാൻ എന്തു ദ്രോഹമാണ് നാട്ടുകാർക്കും ഈ പറയുന്ന മനുഷ്യർക്കും ചെയ്തത് എന്ന് സത്യസന്ധമായി ഒന്ന് പറഞ്ഞു തന്നിരുന്നുവെങ്കില്‍.
ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത നിങ്ങള്‍ പോലും എന്റെ ജീവിതത്തെ ചോദ്യം ചെയ്തു കൊണ്ടും പരിഹസിച്ചു കൊണ്ടും കാശുണ്ടാക്കി ജീവിക്കുന്നത് കാണുമ്പോ പലവട്ടം കഴുത്തിലിട്ട കുരുക്ക് ഊരി എറിയുന്നത് 10 വയസ്സുള്ള എന്റെ പൊന്നു മകളുടെ മുഖം ഓർക്കുമ്പോഴാണ്. എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ല. ഒന്നു മാത്രം തുറന്നു പറയാം. കേട്ടു കേള്‍വികള്‍ വച്ച് സത്യമറിയാതെ ആരെയും വിധിക്കരുത്. അവർക്ക് ചിലപ്പോള്‍ എന്റെ അത്ര മനക്കട്ടി ഉണ്ടാവില്ല സഹോദരാ. ദ്രോഹിച്ചു മതിയായി എന്ന് തോന്നുമ്പോ മാത്രം നിർത്തുക. നന്ദി", എന്നായിരുന്നു ലക്ഷ്മിയുടെ കമന്റ്.
പിന്നാലെ പ്രതികരണവുമായി അൻസൂസും രംഗത്ത് എത്തി. "ലക്ഷ്മി, ഞാന്‍ നിങ്ങളെ ദ്രോഹിക്കാന്‍ വേണ്ടിയൊന്നും പറഞ്ഞിട്ടില്ല. എനിക്ക് നിങ്ങളോട് ആകെ ദേഷ്യം തോന്നിയ കാര്യം അന്നത്തെ കുടുംബസംഗമത്തില്‍ നടന്ന ആ വോയ്സ് ക്ലിപ്പ് മാത്രം ആണ്. നിങ്ങള്‍ അവിടെ ഒന്ന് സംയമനം പാലിച്ച്, അത് നല്ല രീതിയില്‍ ഒന്ന് ഡെലിവെര്‍ ചെയ്തിരുന്നുവെങ്കില്‍ എല്ലാവരും ലക്ഷ്മിയുടെ കൂടെ നിന്നെനെ. പിന്നെ എന്തിന് ലക്ഷ്മി ആത്മഹത്യ ചെയ്യണം? നിങ്ങള്‍ക്ക് ഇതൊന്നും ഏല്‍ക്കില്ലെന്ന് പറഞ്ഞത് ലക്ഷ്മി തന്നെയല്ലേ? എന്തായാലും എന്‍റെ സൈഡില്‍ നിന്ന് എന്തേലും വേദന ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക ലക്ഷ്മി..", എന്നായിരുന്നു അൻസൂസിന്റെ വാക്കുകള്‍.
അതേസമയം സംഘടനയുടെ ഐക്യം തകർക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് നടി നടത്തിയതെന്നാണ് വിമർശകർ പറയുന്നത്. അതേസമയം, വിഷയത്തില്‍ ലക്ഷ്മി പ്രിയയുടെ വിശദീകരണവും നിലപാടും ശ്രദ്ധേയമാകുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകവും ആരാധകരും.

