കോഴിക്കോട്: സർക്കാർ മെഡിക്കല്‍ കോളേജ് അധ്യാപകർക്കും ഡോക്ടർമാർക്കും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിന് കർശന വിലക്കുള്ളപ്പോള്‍, ചട്ടങ്ങള്‍ ലംഘിച്ച് സ്വകാര്യ ആശുപത്രിയില്‍ സേവനം ആരംഭിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസർ.
ദീർഘകാല അവധിക്ക് അപേക്ഷ നല്‍കിയെങ്കിലും സർക്കാർ തലത്തില്‍ ഇതില്‍ അന്തിമ തീരുമാനമാകുന്നതിന് മുൻപാണ് ഡോക്ടർ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ആരംഭിച്ചിരിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറായ ഡോ. വൈശാഖ് സി. എൻ ആണ് നിലവില്‍ നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് നടത്തുന്നത്. ഡോക്ടറുടെ ചിത്രം സഹിതമാണ് സ്വകാര്യ ആശുപത്രി അധികൃതർ പരസ്യം നല്‍കിയിരിക്കുന്നത്. മറ്റ് ഹ്രസ്വകാല അവധികള്‍ മാറിമാറി എടുത്തുകൊണ്ടാണ് ഡോക്ടറുടെ ഈ നിയമലംഘനം.
വിവരാവകാശ രേഖകള്‍ പുറത്ത്
2020 ഒക്ടോബർ 27 മുതല്‍ ഡോ. വൈശാഖ് മെഡിക്കല്‍ കോളേജില്‍ അസിസ്റ്റൻ്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു വരികയാണെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഡോക്ടർ ശമ്പളമില്ലാത്ത ദീർഘകാല അവധിക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ നിലവില്‍ ഇയാള്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നുമാണ് മെഡിക്കല്‍ കോളേജ് അധികൃതർ നല്‍കിയ ഔദ്യോഗിക വിവരാവകാശ മറുപടി. എന്നാല്‍, ഇതിനെ പൂർണ്ണമായും തള്ളുന്ന രീതിയിലാണ് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കാണാൻ നിലവില്‍ ഒപി ബുക്കിംഗ് സൗകര്യമൊരുക്കിയിരിക്കുന്നത്.
വിശദീകരണവുമായി ഡോക്ടർ
അതേസമയം, താൻ ദീർഘകാല അവധിക്കായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അവധി അനുവദിച്ചില്ലെങ്കില്‍ ഔദ്യോഗിക പദവി രാജിവെക്കുമെന്നുമാണ് വിഷയത്തില്‍ ഡോ. വൈശാഖിൻ്റെ വിശദീകരണം.
സർക്കാർ ഡോക്ടർമാർക്ക് വീടുകളില്‍ പോലും സ്വകാര്യ പ്രാക്ടീസ് അനുവദിക്കാത്ത കർശന നിയമം നിലനില്‍ക്കെ, പരസ്യമായി ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടിട്ടും അധികൃതർ കാണിക്കുന്ന നിസ്സംഗതയില്‍ പ്രതിഷേധം ശക്തമാണ്. ഈ ഗുരുതരമായ നിയമലംഘനത്തില്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഇനി എന്ത് നടപടി സ്വീകരിക്കും എന്നത് നിർണ്ണായകമാകും.

