Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡല്‍ഹി-കേരളം മംഗള എക്സ്പ്രസ്സില്‍ ഭക്ഷ്യവിഷബാധ; മലയാളി വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും തലകറക്കവും, ചികിത്സ നല്‍കി

ഡല്‍ഹി-കേരളം മംഗള എക്സ്പ്രസ്സില്‍ ഭക്ഷ്യവിഷബാധ; മലയാളി വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും തലകറക്കവും, ചികിത്സ നല്‍കി

Media Mangalam 1 week ago

ഭോപ്പാല്‍: സ്‌കൂളില്‍ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന മലയാളി വിദ്യാർഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ഡല്‍ഹി-കേരളം മംഗള എക്സ്പ്രസ്സിലാണ് ഭക്ഷ്യവിഷബാധ.

ട്രെയിനിലെ പാൻട്രിയില്‍ നിന്നുള്ള ഭക്ഷണമാണ് വിദ്യാർഥികള്‍ കഴിച്ചിരുന്നത്. കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ തോന്നിയതോടെ മധ്യപ്രദേശിലെ ഖാണ്ഡ്‌വ സ്‌റ്റേഷനില്‍ ട്രെയിൻ നിർത്തിയിട്ടു. ഡോക്ടർമാർ എത്തി പരിശോധിച്ചതിന് ശേഷമാണ് യാത്ര തുടർന്നത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഓഗസ്ത് 28 വെള്ളിയാഴ്ച രാവിലെ നിസാമുദ്ദീനില്‍ നിന്ന് പുറപ്പെടുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിൻ (12618) ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് എറണാകുളത്ത് എത്തുക.

തൃശൂരില്‍ നിന്നുള്ള സ്കൂള്‍ യാത്രാസംഘത്തിലെ നാല്‍പതോളം കുട്ടികള്‍ക്കാണ് ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടത്. എസ്2, എസ്3 കോച്ചുകളിലാണ് ഇവർ യാത്ര ചെയ്യുന്നത്. 80 വിദ്യാർഥികളും പത്ത് അധ്യാപകരുമാണ് ഇവർക്കൊപ്പമുണ്ടായിരുന്നത്. ഇറ്റാർസി സ്റ്റേഷൻ പിന്നിട്ട ശേഷമാണ് പല കുട്ടികള്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടാൻ തുടങ്ങിയത്. ഇതോടെ ഒപ്പമുണ്ടായിരുന്ന അധ്യാപകരും സ്‌കൂള്‍ അധികൃതരും ഉടൻ തന്നെ റെയില്‍വേ ജീവനക്കാരെയും റെയില്‍വേ ഹെല്‍പ് ലൈനിലും വിവരം അറിയിച്ചു. യാത്രയിലുടനീളം ട്രെയിനിലെ പാൻട്രി കാറില്‍ നിന്നുള്ള ഭക്ഷണമാണ് വിദ്യാർത്ഥികള്‍ കഴിച്ചിരുന്നത്. ഇറ്റാർസി സ്റ്റേഷന് സമീപത്തു വെച്ച്‌ കഴിച്ച ഭക്ഷണത്തിന് പിന്നാലെ കുട്ടികള്‍ക്ക് ഛർദ്ദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ മധ്യപ്രദേശിലെ ഖാണ്ഡ്‌വ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ അധികൃതർ മുൻകൂട്ടി മെഡിക്കല്‍ ടീമിനെ സജ്ജമാക്കി നിർത്തുകയായിരുന്നു.

വെള്ളി രാത്രി ഒൻപതരയോടെ ട്രെയിൻ ഖണ്ഡ്‌വ സ്റ്റേഷനില്‍ കുട്ടികളെ പുറത്തിറക്കി അടിയന്തര പ്രാഥമിക ചികിത്സ നല്‍കി. കുട്ടികളുടെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം 40 മിനിറ്റോളം വൈകി ട്രെയിൻ യാത്ര തുടർന്നു. മുൻകരുതല്‍ എന്ന നിലയില്‍ റെയില്‍വേയുടെ പ്രത്യേക മെഡിക്കല്‍ ടീം ഖാണ്ട്‌വയില്‍ നിന്ന് ഭുസാവല്‍ സ്റ്റേഷൻ വരെ ട്രെയിനില്‍ വിദ്യാർഥികള്‍ക്കൊപ്പം യാത്ര ചെയ്തു. അപകടനില തരണം ചെയ്ത കുട്ടികളെല്ലാം നിലവില്‍ സുരക്ഷിതരായി യാത്ര തുടരുകയാണെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു. ഈ ട്രെയിൻ ശനിയാഴ്ച രാത്രി രണ്ട് മണിക്ക് ശേഷമായിരിക്കും കേരളത്തിന്റെ അതിർത്തി കടക്കുക എന്നാണ് ഷെഡ്യൂള്‍ വിവരം. കുട്ടികളെല്ലാം പതിനഞ്ചിനും പതിനെട്ടിയും ഇടയില്‍ പ്രായമുള്ളവരാണ്. തൃശൂരിലെ ഏത് സ്‌കൂളില്‍ നിന്നുള്ള വിദ്യാർഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് വ്യക്തമല്ല. കാലാവധി കഴിഞ്ഞ ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കിയതെന്നാണ് സംശയം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam