ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹി നേരിടുന്ന അതിരൂക്ഷമായ വായു മലിനീകരണ പ്രശ്നത്തിന് പരിഹാരമായി കേന്ദ്ര സർക്കാർ വലിയൊരു പദ്ധതി പ്രഖ്യാപിച്ചു.
ഡല്‍ഹി-എൻസിആർ മേഖലയില്‍ പഴകിയ ട്രക്കുകളും ബസുകളും ഘട്ടംഘട്ടമായി ഒഴിവാക്കി ഇലക്‌ട്രിക് വാഹനങ്ങളിലേക്കും BS6 നിലവാരത്തിലുള്ള വാഹനങ്ങളിലേക്കും മാറ്റുന്നതിനായി 5,041 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.
ഡല്‍ഹിയിലെ വായു ഗുണനിലവാരത്തിലെ ഗുരുതര ഇടിവിന് പ്രധാന കാരണങ്ങളിലൊന്നായി പഴയ ഡീസല്‍ വാഹനങ്ങളെ കണക്കാക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. മേഖലയില്‍ നിലവില്‍ പ്രവർത്തിക്കുന്ന ഏകദേശം 1.9 ലക്ഷം ട്രക്കുകളും 16,000 ബസുകളും ഈ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടും.
പദ്ധതിയുടെ ഭാഗമായി വാഹന ഉടമകള്‍ക്ക് പുതിയ വാഹനങ്ങള്‍ വാങ്ങാൻ സാമ്പത്തിക സഹായം ലഭിക്കും. കൂടാതെ അഞ്ച് വർഷത്തേക്ക് അഞ്ച് ശതമാനം പലിശ സബ്സിഡിയും, മാസം 4,800 രൂപ വരെ ഫ്യുവല്‍ വൗച്ചർ പിന്തുണയും നല്‍കുന്ന സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഹന നിർമ്മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്ക് എക്സ്-ഷോറൂം വിലയില്‍ എട്ട് ശതമാനം വരെ കിഴിവ് നല്‍കേണ്ടതായിരിക്കും.
ഡല്‍ഹി-എൻസിആർ മേഖലയിലെ രജിസ്റ്റർ ചെയ്ത വാഹന ഉടമകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പഴയ വാഹനങ്ങള്‍ അംഗീകൃത സ്ക്രാപ്പിങ് കേന്ദ്രങ്ങളില്‍ നശിപ്പിച്ച ശേഷം മാത്രമേ ആനുകൂല്യങ്ങള്‍ ലഭ്യമാകൂ. കൂടാതെ BS4 വാഹനങ്ങള്‍ NCAP പരിധിയില്‍പ്പെടാത്ത നഗരങ്ങളിലേക്ക് വില്‍ക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസിലും നികുതിയിലും ഡല്‍ഹി, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് സർക്കാരുകള്‍ ഇളവ് നല്‍കും. ഇതിലൂടെ പുതിയ വാഹനങ്ങളിലേക്ക് മാറ്റം കൂടുതല്‍ വേഗത്തിലാക്കാനാണ് ലക്ഷ്യം.
ഡല്‍ഹിയിലെ വായു മലിനീകരണം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട ഈ വമ്പൻ പദ്ധതി വാഹന മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. പഴയ ഡീസല്‍ വാഹനങ്ങളില്‍ നിന്ന് ശുദ്ധ ഊർജ്ജ വാഹനങ്ങളിലേക്കുള്ള ഈ മാറ്റം, ഭാവിയില്‍ രാജ്യതലസ്ഥാനത്തിന്റെ വായു ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ നിർണായകമാകുമെന്നതാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടല്‍.

