മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ പ്രമുഖ ഫാഷൻ റീട്ടെയില്‍ ബ്രാൻഡായ വെസ്റ്റ്സൈഡിന്റെ ഓണ്‍ലൈൻ ബിസിനസിനും വിദേശ ഇ-കൊമേഴ്‌സ് പ്രവർത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാൻ മായ ടാറ്റ എത്തുന്നതായി റിപ്പോർട്ടുകള്‍.
ട്രെന്റ് ലിമിറ്റഡിന്റെ കീഴിലുള്ള വെസ്റ്റ്സൈഡ് ആഗോള വിപണിയില്‍ സാന്നിധ്യം ശക്തമാക്കാൻ ഒരുങ്ങുന്ന ഘട്ടത്തിലാണ് ഈ നിർണായക നീക്കം. എന്നാല്‍, മായയുടെ നിയമനവുമായി ബന്ധപ്പെട്ട വാർത്ത കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ടാറ്റ ട്രസ്റ്റ്സ് ചെയർമാനായ നോയല്‍ ടാറ്റയുടെ മകളും, അന്തരിച്ച വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ അനന്തരവളുമായ 37-കാരിയായ മായ ടാറ്റ, ടാറ്റ ഗ്രൂപ്പിന്റെ അടുത്ത തലമുറ നേതാക്കളില്‍ ശ്രദ്ധേയയാണ്. ട്രെന്റ് ലിമിറ്റഡിന്റെ ചെയർമാനായ നോയല്‍ ടാറ്റ ഈ വർഷം നവംബറില്‍ വിരമിക്കാനിരിക്കെ മായയ്ക്ക് കൂടുതല്‍ നിർണായക ചുമതലകള്‍ നല്‍കുന്നുവെന്ന വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്.
ആരാണ് മായ ടാറ്റ?
1989-ല്‍ മുംബൈയില്‍ ജനിച്ച മായ ടാറ്റ, യുകെയിലെ വാർവിക് സർവകലാശാലയിലും പിന്നീട് ലണ്ടനിലും ബിസിനസ് മാനേജ്‌മെന്റിലും ഫിനാൻസിലും ഉന്നതപഠനം പൂർത്തിയാക്കി. പൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പെടാത്ത വ്യക്തിത്വമായ മായ, ടാറ്റ ഗ്രൂപ്പിലൂടെയാണ് തന്റെ ഔദ്യോഗിക കരിയർ ആരംഭിച്ചത്.
ടാറ്റ ഡിജിറ്റലില്‍ ചേരുന്നതിന് മുമ്പ് ടാറ്റ കാപ്പിറ്റലിന്റെ ടാറ്റ ഓപ്പർച്യൂണിറ്റീസ് ഫണ്ടില്‍ പ്രവർത്തിച്ച അനുഭവവും മായയ്ക്കുണ്ട്. സഹോദരൻ നെവില്‍ ടാറ്റ ട്രെന്റിന്റെ സ്റ്റാർ ബസാർ വിഭാഗത്തിന് നേതൃത്വം നല്‍കുമ്പോള്‍, മൂത്ത സഹോദരി ലിയ ടാറ്റ ഗ്രൂപ്പിന്റെ ഹോട്ടല്‍ ബിസിനസുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്.
വെസ്റ്റ്സൈഡിന്റെ വളർച്ചാ പദ്ധതികള്‍
ട്രെന്റ് ലിമിറ്റഡിന്റെ ഏറ്റവും പ്രധാന വരുമാന സ്രോതസുകളിലൊന്നാണ് വെസ്റ്റ്സൈഡ്. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ ഏകദേശം 40 ശതമാനവും ഈ ബ്രാൻഡില്‍ നിന്നാണ് ലഭിക്കുന്നത്. ഓരോ വർഷവും 50 പുതിയ സ്റ്റോറുകള്‍ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി മുന്നോട്ട് പോകുന്നത്. 2026 സാമ്പത്തിക വർഷത്തില്‍ മാത്രം 53 പുതിയ സ്റ്റോറുകള്‍ പ്രവർത്തനം ആരംഭിച്ചു.
യുഎഇയില്‍ ആദ്യ അന്താരാഷ്ട്ര സ്റ്റോർ തുറന്നതോടെ വെസ്റ്റ്സൈഡ് ആഗോള വിപണിയിലേക്കും ചുവടുവെച്ചിട്ടുണ്ട്. ഇന്ത്യൻ ഫാഷൻ ബ്രാൻഡിനെ കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനിയുടെ അടുത്ത ലക്ഷ്യം.
ട്രെന്റ് ലിമിറ്റഡ്
വെസ്റ്റ്സൈഡിനൊപ്പം സുഡിയോ (Zudio), സ്റ്റാർ ബസാർ (Star Bazaar) എന്നീ ജനപ്രിയ റീട്ടെയില്‍ ബ്രാൻഡുകളും ട്രെന്റ് ലിമിറ്റഡിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. 2026 സാമ്പത്തിക വർഷാവസാനത്തോടെ ഏകദേശം 19,700 കോടി രൂപയുടെ വരുമാനം നേടിയ കമ്പനിക്ക് രാജ്യത്തെ 321 നഗരങ്ങളിലായി 1,286 സ്റ്റോറുകളുടെ വിപുലമായ ശൃംഖലയുണ്ട്.

