Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടീമിന് ഗുണമെങ്കില്‍ തന്നെ പുറത്താക്കാൻ സഞ്ജു പറഞ്ഞു; ആ വാക്കുകള്‍ ഞെട്ടിച്ചെന്ന് സൂര്യകുമാര്‍ യാദവ്

ടീമിന് ഗുണമെങ്കില്‍ തന്നെ പുറത്താക്കാൻ സഞ്ജു പറഞ്ഞു; ആ വാക്കുകള്‍ ഞെട്ടിച്ചെന്ന് സൂര്യകുമാര്‍ യാദവ്

Media Mangalam 2 weeks ago

ന്യൂഡല്‍ഹി: 2026ലെ ട്വന്റി 20 ലോകകപ്പ് കിരീടം നേടാനുള്ള യാത്രയില്‍ സുപ്രധാനമായ പല തീരുമാനങ്ങളും എടുക്കേണ്ടി വന്നിരുന്നെന്ന് മുൻ ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ്.

അതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനങ്ങളില്‍ ഒന്നായിരുന്നു ആദ്യ ഘട്ടങ്ങളില്‍ മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനില്‍ നിന്ന് മാറ്റിനിറുത്തിയതെന്നും സൂര്യകുമാർ പറഞ്ഞു. ടീമില്‍ നിന്ന് സഞ്ജു ഒഴിവാക്കപെട്ടപ്പോള്‍ അദ്ദേഹവുമായി നടത്തിയ സംഭാഷണവും സൂര്യകുമാർ ഓർമിച്ചു. ടീമിന്റെ വിജയത്തിനായി തനിക്ക് ശരിയെന്ന്‌ തോന്നുന്ന തീരുമാനം എടുക്കണമെന്നാണ് സഞ്ജു പറഞ്ഞതെന്ന് സൂര്യകുമാർ വെളിപ്പെടുത്തി. ആകാശ്‌ചോപ്രയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ബസില്‍ വച്ചാണ് സഞ്ജുവിനോട് സംസാരിച്ചത്. അന്നത്തെ സാഹചര്യത്തില്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടാകുമെന്ന് ഞാൻ പറഞ്ഞു. എന്നാല്‍ലോകകപ്പ് ജയിക്കാൻ ടീമിന് ആവശ്യമായത് ചെയ്യൂ എന്നാണ് സഞ്ജു പറഞ്ഞത്. ടീമിന് ആവശ്യമുള്ളപ്പോള്‍ ഒപ്പമുണ്ടാകുമെന്നും കളിക്കാൻ ഇറങ്ങുന്നതുപോലെ തന്നെ തയ്യാറെടുപ്പ് നടത്തുമെന്നും പറഞ്ഞു. അത്‌കേട്ടപ്പോള്‍ എനിക്ക് വലിയ ആത്മവിശ്വാസം ലഭിച്ചു. ജീവിതത്തില്‍ ഇങ്ങനെയുള്ള ആളുകളും ഉണ്ടല്ലോ.

'സഞ്ജുവിനെ മാറ്റിനിർത്തിയത് ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. 2024ലെ ശ്രീലങ്കൻ പരമ്പരയില്‍ അദ്ദേഹത്തിന് കാര്യമായി റണ്‍സ്‌ നേടാൻ കഴിഞ്ഞില്ല. എന്താണ് ചെയ്യേണ്ടതെന്ന് സഞ്ജു എന്നോട്‌ ചോദിച്ചു. അനന്തപൂരില്‍ ദുലീപ് ട്രോഫി കളിക്കുന്ന സമയമായിരുന്നു അത്. എനിക്ക് നിന്നില്‍ വിശ്വാസമുണ്ടെന്നും പരിശീലകനും അതേ വിശ്വാസമാണ് പ്രകടിപ്പിച്ചതെന്നും ഞാൻ പറഞ്ഞു. വരാനിരിക്കുന്ന അടുത്ത ഏഴ് മത്സരങ്ങളില്‍ തുടരെ പൂജ്യത്തിന് പുറത്തായാലും എട്ടാമത്തെ മത്സരത്തിലും കളിപ്പിക്കുമെന്ന ഉറപ്പാണ് അന്ന് ഞാൻ നല്‍കിയത്'. -സൂര്യകുമാർ വെളിപ്പെടുത്തി.

ട്വന്റി-20 ലോകകപ്പിന് മുമ്പ് ന്യൂസിലാൻഡിനെതിരായ പരമ്പരയില്‍ ഓപ്പണറായി മികച്ച പ്രകടനം നടത്തിയ ഇഷാൻ കിഷന്‌ ലോകപ്പിന്റെ ആദ്യ മത്സരങ്ങളില്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിക്കാതിരിക്കുകയും അഭിഷേക് ശർമ്മ ഫിറ്റല്ലാതിരിക്കുകയും ചെയ്തതോടെ സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചു. ലഭിച്ച അവസരം സഞ്ജു ഇരുകൈയും നീട്ടി സ്വീകരിച്ചു. നിർണായക ഘട്ടങ്ങളില്‍ തുടർച്ചയായ മിന്നും പ്രകടനങ്ങളിലൂടെ ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിർണായക പങ്കുവഹിച്ച സഞ്ജു ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam