പായസത്തിലായാലും ഫിർനിയിലായാലും മില്‍ക്ക് ഷേക്കിലായാലും ചെറിയ കറുത്ത മണികള്‍ പോലെ കണ്ണില്‍പ്പെടുന്ന ഒരു ചേരുവയുണ്ട്, കസ്കസ്, അഥവാ പോപ്പി വിത്തുകള്‍.
രുചിയും സുഗന്ധവും കൂട്ടുന്ന ഈ കുഞ്ഞൻ വിത്ത് ഇന്ത്യൻ അടുക്കളകളില്‍ പതിവ് കാഴ്ചയാണ്. എന്നാല്‍, ഭക്ഷണത്തില്‍ സ്വാഭാവികമായി ഉപയോഗിക്കുന്ന ഇതേ കസ്കസ് ചില രാജ്യങ്ങളുടെ അതിർത്തി കടന്നാല്‍ നിരോധിത വസ്തുവായി മാറും. അബദ്ധത്തില്‍ കൈവശം വച്ചാല്‍ പോലും ചോദ്യം ചെയ്യലും പിഴയും ചിലപ്പോള്‍ ജയില്‍ശിക്ഷയും വരെ നേരിടേണ്ടി വന്നേക്കാം. ലോകത്തിലെ ഏറ്റവും വിവാദപരമായ സുഗന്ധവ്യഞ്ജനങ്ങളിലൊന്നായ കസ്കസിന്റെ അതിശയിപ്പിക്കുന്ന വശങ്ങളാണിവ.
കസ്കസ് എന്താണ്?
കസ്കസ് എന്നത് കറുപ്പ് ചെടിയുടെ വിത്തുകളാണ്. Papaver somniferum എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഡെസേർട്ടുകള്‍, പാനീയങ്ങള്‍, ബേക്കറി വിഭവങ്ങള്‍, കറികള്‍ എന്നിവയില്‍ രുചിയും മണവും വർധിപ്പിക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും ഭക്ഷ്യനാരുകളും ആരോഗ്യകരമായ ഫാറ്റി ആസിഡുകളും ധാരാളമായി അടങ്ങിയതിനാല്‍ പോഷകഗുണത്തിലും കസ്കസ് ശ്രദ്ധേയമാണ്. ഇന്ത്യയില്‍, പ്രത്യേകിച്ച് ബംഗാളി ഭക്ഷണരീതിയില്‍, ഇത് വെറും മസാലയല്ല; ഭക്ഷണസംസ്കാരത്തിന്റെ ഭാഗമാണ്.
എന്തുകൊണ്ടാണ് ചില രാജ്യങ്ങളില്‍ വിലക്ക്?
കസ്കസ് സ്വതന്ത്രമായി ലഹരിവസ്തുവല്ല. എന്നാല്‍ ഇവ ലഭിക്കുന്നത് കറുപ്പ് ചെടിയില്‍ നിന്നായതിനാല്‍, വിത്തുകളുടെ പുറംഭാഗത്ത് വളരെ ചെറിയ അളവില്‍ കറുപ്പ് പാലിന്റെ അവശിഷ്ടങ്ങള്‍ പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യതയുണ്ട്. ഇതുമൂലം മോർഫിൻ, കൊഡീൻ തുടങ്ങിയ ഓപിയേറ്റ് സംയുക്തങ്ങളുടെ സൂക്ഷ്മ അംശങ്ങള്‍ ചിലപ്പോള്‍ കണ്ടെത്തിയേക്കാം.
ഇത്തരം സാഹചര്യങ്ങള്‍ ലഹരിമരുന്ന് പരിശോധനകളില്‍ തെറ്റായ പോസിറ്റീവ് ഫലങ്ങള്‍ക്ക് കാരണമാകാനും ദുരുപയോഗത്തിനുള്ള സാധ്യത വർധിപ്പിക്കാനും ഇടയുണ്ടെന്ന ആശങ്കയാണ് പല രാജ്യങ്ങളെയും കസ്കസിന് മേല്‍ നിയന്ത്രണം ഏർപ്പെടുത്താൻ പ്രേരിപ്പിച്ചത്.
കസ്കസിന് 'നോ എൻട്രി' പറയുന്ന രാജ്യങ്ങള്‍
സിംഗപ്പൂർ, തായ്‌വാൻ:
കസ്കസിനെ നിരോധിത ഉല്‍പന്നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങളാണ്. ലഹരിമരുന്ന് വിരുദ്ധ നിയമങ്ങളുടെ ഭാഗമായി കർശന നിയന്ത്രണങ്ങളുണ്ട്.
ഗള്‍ഫ് രാജ്യങ്ങള്‍:
സൗദി അറേബ്യ, യുഎഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ കസ്കസിന് കടുത്ത നിയന്ത്രണങ്ങളാണ്. കറുപ്പുമായി ബന്ധപ്പെട്ട ഏത് ഉല്‍പന്നത്തെയും അതീവ ജാഗ്രതയോടെയാണ് അധികൃതർ കാണുന്നത്. അതിനാല്‍ യാത്രക്കാർ ഭക്ഷ്യവസ്തുക്കളില്‍ പോലും കസ്കസ് ഉണ്ടോയെന്ന് മുൻകൂട്ടി പരിശോധിക്കുന്നത് നല്ലതാണ്.
റഷ്യ:
കസ്കസ് വില്‍ക്കാൻ അനുവാദമുണ്ടെങ്കിലും പോപ്പി ചെടി കൃഷി ചെയ്യുന്നത് നിയമവിരുദ്ധമാണ്.
അഫ്ഗാനിസ്ഥാൻ:
ലോകത്ത് ഏറ്റവും കൂടുതല്‍ കറുപ്പ് ചെടി കൃഷി ചെയ്യുന്ന രാജ്യങ്ങളിലൊന്നായിട്ടും, കറുപ്പ് ഉല്‍പാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം കസ്കസിന്റെ വ്യാപാരത്തിനും ഉപയോഗത്തിനും കർശന നിയന്ത്രണങ്ങളുണ്ട്.
അമേരിക്കയില്‍
അമേരിക്കയില്‍ പാചക ആവശ്യങ്ങള്‍ക്കുള്ള കസ്കസ് ഉപയോഗം സാധാരണമാണ്. യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷൻ (DEA) കസ്കസിനെ നിരോധിച്ചിട്ടില്ല. എന്നാല്‍ കറുപ്പ് ഉല്‍പാദന സാധ്യത കണക്കിലെടുത്ത് പോപ്പി ചെടി കൃഷി ചെയ്യുന്നതിന് കർശന നിയന്ത്രണങ്ങളുണ്ട്.
കലിഫോർണിയ, വാഷിങ്ടണ്‍: കസ്കസ് വാങ്ങാനും ഉപയോഗിക്കാനും അനുമതിയുണ്ടെങ്കിലും പോപ്പി കൃഷിക്ക് പ്രത്യേക അനുമതി ആവശ്യമാണ്.
ടെക്സസ്, അരിസോണ: ഉപഭോഗം നിയമപരമാണെങ്കിലും പോപ്പി കൃഷി കർശന നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്.
കഴുകാത്ത കസ്കസ് എന്തുകൊണ്ട് അപകടകാരി?
വിപണിയില്‍ ലഭിക്കുന്ന കസ്കസ് സാധാരണയായി നന്നായി ശുദ്ധീകരിച്ചവയാണ്. ഇതിലൂടെ കറുപ്പിന്റെ അവശിഷ്ടങ്ങള്‍ മിക്കവാറും നീക്കം ചെയ്യപ്പെടുന്നു. എന്നാല്‍ കഴുകാത്ത പോപ്പി വിത്തുകളില്‍ ഓപിയേറ്റ് അംശം കൂടുതലായിരിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കും ലഹരിക്കും കാരണമാകാം.
ഇത് മുൻനിർത്തി നിരവധി പ്രമുഖ ഓണ്‍ലൈൻ വ്യാപാര പ്ലാറ്റ്ഫോമുകള്‍ ഇത്തരം വിത്തുകളുടെ വില്‍പന അവസാനിപ്പിച്ചിട്ടുണ്ട്. യുഎസ് കസ്റ്റംസ് അധികൃതരും ഇറക്കുമതി ചെയ്യുന്ന കസ്കസ് ശുദ്ധീകരിച്ചതാണെന്ന് ഉറപ്പാക്കിയ ശേഷമാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്. അതിനാല്‍ വിദേശയാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ ഭക്ഷ്യവസ്തുക്കളില്‍ കസ്കസ് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത് സുരക്ഷിതമായ തീരുമാനമായിരിക്കും.

