മലപ്പുറം: കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വൻതോതില്‍ എംഡിഎംഎ എത്തിച്ചിരുന്ന ലഹരി മാഫിയാ തലവനായ നൈജീരിയൻ പൗരനും ഭാര്യയും പിടിയില്‍.
15 വർഷമായി കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് ചില്ലറ വിതരണക്കാർക്ക് കൈമാറുന്ന ഇക്കേചുക്വു പോള്‍ ഒഗ്ബോണ്ണ, ഭാര്യ ആരതി എന്നിവരെയാണ് മുംബൈയിലെ ഉള്‍വെയില്‍ നിന്ന് കേരള പൊലീസ് പിടികൂടിയത്. മലപ്പുറത്തെ നാർക്കോട്ടിക് ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ച പ്രതികളുടെ ദൃശ്യങ്ങള്‍ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ ആരതി കയ്യേറ്റം ചെയ്തു.
കൊണ്ടോട്ടി അരൂരില്‍ ഇക്കഴിഞ്ഞ ജൂണ്‍ 26ന് രതീഷ് എന്നയാളില്‍ നിന്നും 780 ഗ്രാം എംഡിഎംഎ പിടിച്ചതാണ് ഈ കേസിന്റെ തുടക്കം. രതീഷിന് ലഹരി എത്തിച്ച് നല്‍കിയ കണ്ണികളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പത്ത് പേരെ അറസ്റ്റ് ചെയ്ത് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇവർക്ക് ഇടനിലയായി നില്‍ക്കുന്ന നൈജീരിയൻ സ്വദേശിയെ സംബന്ധിച്ച് വിവരം കിട്ടിയത്. കൊണ്ടോട്ടി പൊലീസ് ഇൻസ്പെക്ടർ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈ ഉള്‍വെയിലെത്തിയാണ് പ്രതികളെ പിടികൂടിയത്. നൈജീരിയൻ സ്വദേശി ഇക്കേചുക്വു പോള്‍ ഒഗ്ബോണ്ണ കഴിഞ്ഞ 15 കൊല്ലമായി ഇന്ത്യയില്‍ ലഹരി വില്‍പ്പന നടത്തുന്നുണ്ട്. 8 വർഷം മുൻപാണ് മുംബൈ സ്വദേശി ആരതിയെ വിവാഹം ചെയ്തത്. ഇവരൊരുമിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ കോടികളുടെ ലഹരി കച്ചവടം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയയുന്നു. പ്രതികളെ നാറ്കോട്ടിക് ഡിവൈഎസ്പി ഓഫീസിലെത്തിച്ചപ്പോള്‍ ദൃശ്യമെടുക്കാനെത്തിയ മാധ്യമ പ്രവർത്തകരെ ആരതി കയ്യേറ്റം ചെയ്തു.
സംഘത്തിലെ പ്രധാന കണ്ണികള്‍ കേരളത്തില്‍ പിടിയിലായതോടെ പണം നൈജീരിയയിലേക്ക് കടത്തി, അവിടേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത്. പോളിന്റെ പേരില്‍ മുംബൈയില്‍ നേരത്തെ കേസുണ്ട്. ഇവർക്ക് എംഡിഎംഎ ഉണ്ടാക്കി നല്‍കുന്ന ആളിലേക്കായിരിക്കും ഇനിയുള്ള അന്വേഷണം.

