സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്: എ ഫെയറിടെയില്‍ ഫോർ ഗ്രോണ്‍-അപ്‌സ്' എന്ന ചിത്രത്തിലെ ആദ്യഗാനമായ 'തബാഹി' പുറത്തിറങ്ങിയതോടെ ചിത്രം വീണ്ടും സോഷ്യല്‍ മീഡിയയിലെ ചർച്ചാവിഷയമായി.
മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 20 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയ ഗാനം, അതിലെ ഗ്ലാമർ നിറഞ്ഞ അവതരണത്തിന്റെ പേരിലാണ് പ്രധാനമായും ശ്രദ്ധ നേടുന്നത്.
ടീസറില്‍ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ ദൃശ്യങ്ങളുടെ വിപുലീകരണമാണ് ഗാനരംഗം. യാഷും കിയാരയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ തമ്മിലുള്ള റൊമാന്റിക്, ഗ്ലാമർ നിമിഷങ്ങളാണ് ഗാനത്തിന്റെ മുഖ്യ ആകർഷണം. എന്നാല്‍ ഈ അവതരണരീതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമർശനങ്ങളും ശക്തമാണ്.
"'തെറ്റുകള്‍ക്കും ശരികള്‍ക്കും ഇടയില്‍ ഒരു ഇടമുണ്ട്; ഞാൻ നിങ്ങളെ അവിടെ കാണാം'" എന്ന സൂഫി കവി റൂമിയുടെ പ്രശസ്ത വാചകത്തോടെയാണ് ഗാനത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. ഇതേ വരികള്‍ പങ്കുവെച്ചാണ് സംവിധായിക ഗീതു മോഹൻദാസ് തന്റെ സോഷ്യല്‍ മീഡിയ പേജിലും ഗാനത്തിന്റെ റീല്‍ പങ്കുവച്ചത്. ഗാനത്തിനെതിരെ ഉയരുന്ന വിമർശനങ്ങള്‍ക്ക് പരോക്ഷമായ മറുപടിയായാണോ ഈ ഉദ്ധരണിയെന്ന് ആരാധകർക്കിടയില്‍ ചർച്ചയുണ്ട്.
ഗാനത്തിലുടനീളം യാഷിന്റെയും കിയാരയുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള ബോള്‍ഡ് രംഗങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ നായകന്റെ പ്രണയതാല്‍പര്യമായി എത്തുന്ന കഥാപാത്രത്തെയാണ് കിയാര അവതരിപ്പിക്കുന്നത്. എന്നാല്‍ സ്ത്രീകഥാപാത്രങ്ങളെ നായകന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള സാന്നിധ്യങ്ങളായി അവതരിപ്പിക്കുന്ന സിനിമാപ്രവണതയെ മുൻപ് വിമർശിച്ച സംവിധായികയുടെ സിനിമയില്‍ തന്നെ സമാനമായ ദൃശ്യാവതരണം കാണുന്നതാണ് ചിലർ ചൂണ്ടിക്കാട്ടുന്ന പ്രധാന വൈരുദ്ധ്യം. ഇതുസംബന്ധിച്ച നിരവധി പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.
ചിത്രത്തിന്റെ ടീസറും ഗ്ലിംപ്സും പുറത്തിറങ്ങിയപ്പോഴും സമാനമായ വിമർശനങ്ങള്‍ ഉയർന്നിരുന്നു. ഗ്യാങ്സ്റ്റർ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം അതിശക്തമായ ആക്ഷനും വയലൻസും ഗ്ലാമറും നിറഞ്ഞ അനുഭവമായിരിക്കുമെന്ന സൂചനകളാണ് ഇതുവരെ പുറത്തുവന്ന പ്രമോഷൻ വീഡിയോകള്‍ നല്‍കുന്നത്.
അതേസമയം, സാങ്കേതിക മികവും ദൃശ്യാവിഷ്‌കാരവും കൊണ്ടുള്ള വലിയ സിനിമാറ്റിക് അനുഭവമായിരിക്കും 'ടോക്സിക്' എന്ന പ്രതീക്ഷയും സിനിമാപ്രേമികള്‍ക്കുണ്ട്. നിലവില്‍ ഉയരുന്ന വിമർശനങ്ങള്‍ക്ക് ചിത്രത്തിന്റെ കഥയും അവതരണവും മറുപടി നല്‍കുമോയെന്നാണ് ഇനി പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

