ന്യൂഡല്‍ഹി: ട്രെയിനിലും റെയില്‍വേ സ്റ്റേഷൻ പരിസരത്തും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി ശക്തമാക്കി ഇന്ത്യൻ റെയില്‍വേ.
യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിയുന്നവർ ഇനി 1,000 രൂപ പിഴ അടയ്ക്കണം. നിലവിലുണ്ടായിരുന്ന 500 രൂപ പിഴയാണ് ഇരട്ടിയാക്കി 1,000 രൂപയാക്കിയത്. ഓഗസ്റ്റ് 24ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് റെയില്‍വേ മന്ത്രാലയം പുതിയ നിയമം പ്രഖ്യാപിച്ചത്.
1989ലെ റെയില്‍വേ നിയമത്തിലെ പ്രത്യേക അധികാരം ഉപയോഗിച്ച് 2012ലെ ശുചിത്വ നിർവഹണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീയതി മുതല്‍ പുതുക്കിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നും റെയില്‍വേ വ്യക്തമാക്കി.
പുതിയ നിയമപ്രകാരം ട്രെയിനിലോ റെയില്‍വേ സ്റ്റേഷൻ പരിസരത്തോ മാലിന്യം വലിച്ചെറിഞ്ഞാല്‍ സംഭവസ്ഥലത്തുവച്ച് തന്നെ 1,000 രൂപ പിഴ ഈടാക്കും. പിഴ അടയ്ക്കാൻ വിസമ്മതിക്കുന്നവർക്ക് കോടതി നടപടികള്‍ നേരിടേണ്ടിവരും. കുറ്റം തെളിഞ്ഞാല്‍ കോടതിക്ക് 2,000 രൂപ വരെ പിഴ ചുമത്താനും സാധിക്കും.
യാത്രക്കാരില്‍നിന്ന് നേരിട്ട് പിഴ ഈടാക്കാനുള്ള അധികാരം സ്റ്റേഷൻ മാസ്റ്റർമാർ, സ്റ്റേഷൻ മാനേജർമാർ, കമേഴ്‌സ്യല്‍ വിഭാഗത്തിലെ ടിക്കറ്റ് കളക്ടർമാർ, ഓപ്പറേറ്റിങ് വിഭാഗത്തിലെ തുല്യ റാങ്കിലുള്ള ഉദ്യോഗസ്ഥർ, ഇതിനായി പ്രത്യേകമായി ചുമതലപ്പെടുത്തിയ റെയില്‍വേ ഉദ്യോഗസ്ഥർ എന്നിവർക്കാണ്.
വേസ്റ്റ് ബിന്നുകളില്‍ നിക്ഷേപിക്കാതെ ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും സ്റ്റേഷൻ പരിസരത്തും മാലിന്യം തള്ളുന്നത് മാത്രമല്ല, മറ്റ് നിരവധി പ്രവർത്തനങ്ങളും പുതുക്കിയ ചട്ടങ്ങളുടെ പരിധിയില്‍ വരും. നിർദിഷ്ട സ്ഥലങ്ങളിലല്ലാതെ ഭക്ഷണം പാകം ചെയ്യുക, കുളിക്കുക, തുപ്പുക, മലമൂത്ര വിസർജനം നടത്തുക, മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും തീറ്റ നല്‍കുക, വസ്ത്രങ്ങളോ വാഹനങ്ങളോ കഴുകുക, സാധനങ്ങള്‍ സൂക്ഷിച്ചുവയ്ക്കുക തുടങ്ങിയവയ്ക്കും 1,000 രൂപ വരെ പിഴ ഈടാക്കാം.
റെയില്‍വേ അധികൃതരുടെ മുൻകൂർ അനുമതിയില്ലാതെ ട്രെയിൻ കോച്ചുകളിലോ റെയില്‍വേയുടെ മറ്റ് വസ്തുവകകളിലോ പോസ്റ്ററുകള്‍ പതിക്കുന്നതും മുദ്രാവാക്യങ്ങള്‍, സന്ദേശങ്ങള്‍ എന്നിവ എഴുതുന്നതും ചിത്രങ്ങള്‍ വരയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്.
റെയില്‍വേ പരിസരത്തെ കച്ചവടക്കാർക്കും പുതിയ ചട്ടങ്ങളില്‍ കർശന നിർദേശമുണ്ട്. മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി കച്ചവടക്കാർ വേസ്റ്റ് ബിന്നുകള്‍ നിർബന്ധമായും കരുതണം. ശേഖരിക്കുന്ന അവശിഷ്ടങ്ങള്‍ നിശ്ചിത സ്ഥലങ്ങളില്‍ മാത്രമേ നിക്ഷേപിക്കാവൂ.
റെയില്‍വേ സ്റ്റേഷനുകളും ട്രെയിനുകളും കൂടുതല്‍ വൃത്തിയുള്ളതാക്കുന്നതിനൊപ്പം യാത്രക്കാരില്‍ ശുചിത്വബോധം വളർത്തുകയാണ് ചട്ടങ്ങള്‍ കടുപ്പിച്ചതിന്റെ പ്രധാന ലക്ഷ്യം. നിയമലംഘനങ്ങള്‍ക്ക് പിഴ ഉയർത്തിയതോടെ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന പ്രവണതയ്ക്ക് നിയന്ത്രണം കൊണ്ടുവരാനാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.

