ബംഗളൂരു: കർണാടകയില്‍ വ്യാജ ആയുർവേദ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ കേസില്‍ ഡല്‍ഹി സ്വദേശി പിടിയില്‍. വ്യാജ ഭാരം കുറയ്ക്കല്‍ പൊടിയും മറ്റ് ഉല്‍പ്പന്നങ്ങളും നിർമ്മിച്ച് വില്‍പന നടത്തിയിരുന്ന രാജീവ് ഖന്നയെയാണ് (56) തുമകുരു പോലീസ് അറസ്റ്റ് ചെയ്തത്.
ഡ്യൂപ്ലിക്കേറ്റ് ബ്രാൻഡിംഗ് ഉപയോഗിച്ച് വ്യാജ ആയുർവേദ ഉല്‍പ്പന്നങ്ങള്‍ നിർമ്മിച്ച് വ്യാപകമായി വില്‍പ്പന നടത്തി വരികയായിരുന്നു ഇയാള്‍. ഓണ്‍ ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയായിരുന്നു കച്ചവടം.
പ്രതി ഒന്നര വർഷമായി ഈ ബിസിനസ് നടത്തിവരികയാണ്. കൂട്ടുപ്രതികളും പ്രതിയുടെ മക്കളുമായ ഹിമാൻഷു (29), മനൻ ഖന്ന (25) എന്നിവർക്കെതിരെയും കേസെടുത്തു. ഇരുവരും ഒളിവിലാണ്. തുമകുരു ജില്ലയിലെ യാരഗുണ്ടെ ഗ്രാമത്തിലെ ജീനി കമ്പനിയുടെ ഉടമയായ ധനലക്ഷ്മി 2025ല്‍ നല്‍കിയ പരാതിയിലാണ് സംഭവം പുറത്തറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
2025 ഓഗസ്റ്റ് 14 ന് 'ജീനി സ്ലിം പൗഡർ' എന്ന കമ്പനിയുടെ ഉടമയായ ധനലക്ഷ്മി തന്റെ സ്ഥാപനത്തിന്റെ വ്യാപാരമുദ്ര ദുരുപയോഗം ചെയ്തതായി ആരോപിച്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, അദ്ദേഹത്തിന്റെ കൂട്ടാളികളായ മക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തു. പോലീസ് പറയുന്നതനുസരിച്ച്, പ്രതികള്‍ 'ആർകെ ട്രേഡേഴ്സ്' എന്ന പേരില്‍ വ്യാജ ഭാരം കുറയ്ക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വിറ്റിരുന്നു, ഇത് കൗമാരക്കാർ ഉള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ക്ക് ആരോഗ്യപരമായ അപകടസാധ്യതകള്‍ സൃഷ്ടിച്ചിരുന്നു.
മാർച്ച് 27 ന് ന്യൂഡല്‍ഹിയിലെ ഷാലിമാർ ബാഗ് പ്രദേശത്തെ പഞ്ചാബി മൊഹല്ലയിലെ ഗോഡൗണില്‍ പൊലീസ് റെയ്ഡ് നടത്തി. വ്യാജ ജീനി കമ്പനി ഉല്‍പന്നങ്ങള്‍, ഡ്യൂപ്ലിക്കറ്റ് ആയുർവേദ ഗുളികകള്‍, ബ്യൂട്ടി ക്രീമുകള്‍, ആയുർവേദ പൊടികള്‍ എന്നിവ കണ്ടെടുത്തു. ആവശ്യമായ സുരക്ഷ മുൻകരുതലുകളോ അംഗീകാരങ്ങളോ ഇല്ലാതെ ഓണ്‍ ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ആർ.കെ. ട്രേഡേഴ്‌സ്, എം.കെ. ട്രേഡേഴ്‌സ്, എം.എച്ച്.കെ. ട്രേഡേഴ്‌സ് എന്നീ ബ്രാന്‍ഡുകളുടെ പേരില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുകയായിരുന്നുവെന്ന് തുമകുരു പൊലീസ് സൂപ്രണ്ട് കെ.വി. അശോക് പറഞ്ഞു. മാർച്ച് 28ന് ഡല്‍ഹിയില്‍നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ തുമകുരുവിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വിട്ടു. ഗോതമ്പ് മാവ് പാത്രങ്ങളില്‍ നിറച്ച് ഡ്യൂപ്ലിക്കറ്റ് ലേബലുകളില്‍ ജീനി സ്ലിം പൗഡർ എന്ന പേരില്‍ വിറ്റതായും യഥാർഥ ആയുർവേദ ഗുളികകളും പൊടികളും എന്ന് ലേബല്‍ ചെയ്ത് ഗോതമ്പ് മാവ് വിറ്റതായും പൊലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

