ന്യൂഡല്‍ഹി: ഇന്ത്യൻ ഇരുചക്ര വാഹന വിപണിയില്‍ പുതിയ അധ്യായത്തിന് തുടക്കമിട്ട് രാജ്യത്തെ ആദ്യ ഫ്‌ളെക്‌സ്-ഫ്യൂവല്‍ മോട്ടോർസൈക്കിളുകള്‍ അവതരിപ്പിച്ച് ഹീറോ മോട്ടോകോർപ്പ്.
ജനപ്രിയ മോഡലുകളായ സ്‌പ്ലെൻഡർ പ്ലസ്, എച്ച്‌എഫ് ഡീലക്‌സ് എന്നിവയുടെ ഫ്‌ളെക്‌സ്-ഫ്യൂവല്‍ പതിപ്പുകളാണ് കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. ബദല്‍ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും പെട്രോളിനോടുള്ള ആശ്രയം കുറയ്ക്കാനുമുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് വലിയ കരുത്തേകുന്നതാണ് ഈ നീക്കം.
കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയും പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരിയും ചേർന്നാണ് പുതിയ മോഡലുകള്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള രാജ്യത്തിന്റെ മാറ്റത്തിന് ഇത് നിർണായക നാഴികക്കല്ലാണെന്ന് കേന്ദ്ര മന്ത്രിമാർ അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളുകളിലൊന്നായ ഹീറോ സ്‌പ്ലെൻഡർ പ്ലസിന്റെ ഫ്‌ളെക്‌സ്-ഫ്യൂവല്‍ പതിപ്പിന് 82,710 രൂപയാണ് (എക്‌സ്-ഷോറൂം) പ്രാരംഭ വില. E85 ഇന്ധനം ഉപയോഗിക്കാൻ കഴിയുന്ന എഞ്ചിനോടെയാണ് ഈ മോഡല്‍ എത്തുന്നത്. പുതിയ ബ്ലാക്ക്-ലൈം യെല്ലോ ഗ്രാഫിക്‌സ് ഡിസൈൻ വാഹനത്തിന് കൂടുതല്‍ വ്യത്യസ്തമായ രൂപഭംഗിയും നല്‍കുന്നു.
അതേസമയം, ഹീറോ എച്ച്‌എഫ് ഡീലക്‌സ് ഫ്‌ളെക്‌സ്-ഫ്യൂവല്‍ മോഡല്‍ 72,792 രൂപ (എക്‌സ്-ഷോറൂം) വിലയിലാണ് ലഭ്യമാകുക. E85 ഇന്ധനത്തില്‍ പ്രവർത്തിക്കുന്ന 97.2 സിസി എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഡിജിറ്റല്‍-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ്, ട്യൂബ്‌ലെസ് ടയറുകള്‍, നവീകരിച്ച ECU, പ്രത്യേക ഇന്ധന സംവിധാന ഘടകങ്ങള്‍ എന്നിവയും പുതിയ മോഡലുകളുടെ പ്രധാന സവിശേഷതകളാണ്.
എഥനോള്‍ അടങ്ങിയ ഇന്ധനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിലൂടെ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനോടുള്ള ആശ്രയം കുറയ്ക്കാനും കാർബണ്‍ പുറന്തള്ളല്‍ നിയന്ത്രിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഫ്‌ളെക്‌സ്-ഫ്യൂവല്‍ വാഹനങ്ങള്‍ക്ക് കേന്ദ്ര സർക്കാർ പ്രത്യേക പ്രോത്സാഹനവും നല്‍കുന്നുണ്ട്.

