രുദ്രപൂർ (ഉത്തരാഖണ്ഡ്): മുസ്‌ലിം കുടുംബത്തിന്റെ വീടുനിർമാണം തടഞ്ഞ് ബി.ജെ.പി കൗണ്‍സിലറും സംഘവും. ഉത്തരാഖണ്ഡിലെ ഉദ്ധംസിങ് നഗറിലാണ് സംഭവം.
രുദ്രപൂർ നഗരത്തിലെ വാർഡ് 31ല്‍പ്പെട്ട ഈശ്വരി അലയൻസ് കോളനിയില്‍ ആസിം അൻസാരി എന്നയാളുടെ വീടുപണിയാണ് പ്രാദേശിക കൗണ്‍സിലർ സച്ചിൻ മുഞ്ജാലും സംഘവും ചേർന്ന് തടഞ്ഞത്. മുസ്‌ലിംകള്‍ക്ക് ഈ പ്രദേശത്ത് വീട് നിർമിക്കാനോ താമസിക്കാനോ അനുവാദമില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് അതിക്രമം.
2020ല്‍ നിയമപരമായി രജിസ്റ്റർ ചെയ്തുവാങ്ങിയ സ്ഥലത്ത് കഴിഞ്ഞ ദിവസമാണ് ആസിം അൻസാരി നിർമാണ പ്രവർത്തനങ്ങള്‍ തുടങ്ങിയത്. എന്നാല്‍ കൗണ്‍സിലർ സച്ചിൻ മുഞ്ജാല്‍, വിജയ് അറോറ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നിർമാണം തടയുകയായിരുന്നു.
"ഈ ലെയ്നിലോ പ്രദേശത്തോ മുസ്‌ലിംകളെ താമസിക്കാൻ അനുവദിക്കില്ല" -എന്ന് ഇവർ ആക്രോശിച്ചതായും പരാതിയില്‍ പറയുന്നു. കുറഞ്ഞ വിലയ്ക്ക് സ്ഥലം ഇവർക്ക് വില്‍ക്കാൻ നിർബന്ധിക്കുകയും വഴങ്ങാത്ത പക്ഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും രേഖാമൂലമുള്ള പരാതിയിലുണ്ട്..
പ്രദേശത്തെ ജനങ്ങളെ ഇളക്കിവിട്ട് വർഗീയ സംഘർഷത്തിന് കൗണ്‍സിലർ ശ്രമിക്കുകയാണെന്ന് അൻസാരി ആരോപിച്ചു. അഞ്ചു മുതല്‍ പത്തോളം പേരടങ്ങുന്ന സംഘത്തെ കൂട്ടി കൗണ്‍സിലർ തന്നെ മർദനത്തിനിരയാക്കുകയും ചെയ്തതായി ഇദ്ദേഹം പോലീസിനോട് പറഞ്ഞു. ഇതേ കോളനിയില്‍ 150ഓളം മുസ്‌ലിം കുടുംബങ്ങള്‍ വർഷങ്ങളായി താമസിക്കുന്നുണ്ടെന്നും തനിക്കുനേരെ മാത്രമാണ് കൗണ്‍സിലർ വിവേചനം കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തില്‍ ആസിം അൻസാരി പൊലീസില്‍ പരാതി നല്‍കി.
"മുസ്‌ലിമാവുക എന്നത് ഒരു കുറ്റമാണോ? ഒരുപാട് കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ടാണ് ഈ ഭൂമി വാങ്ങിയത്. ഭരണഘടനയിലും നിയമത്തിലും ഞങ്ങള്‍ക്ക് പൂർണ വിശ്വാസമുണ്ട്," അൻസാരി മാധ്യമങ്ങളോട് പറഞ്ഞു.

