കാസർകോട്: നീലേശ്വരം ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നിർബന്ധിത പണപ്പിരിവ് നടക്കുന്നതായി പരാതി. സ്‌റ്റേഡിയത്തില്‍ കെയർ ടേക്കറായ ആളാണ് കരാർ ക്ലീനിംഗ് ജീവനക്കാരികളില്‍ നിന്നും പണം വാങ്ങിയത്.
സംഭവത്തില്‍ കെയർ ടേക്കർ ഷാജുവിനെതിരെ പരാതിയുമായി രണ്ട് കരാർ ക്ലീനിംഗ് ജീവനക്കാരികള്‍ രംഗത്തെത്തി. പ്രതിമാസം ഇയാള്‍ 7,000 രൂപ വീതം തങ്ങളില്‍ നിന്നും കൈപ്പറ്റിയിരുന്നുവെന്നാണ് കരാർ ജീവനക്കാരിയുടെ പരാതിയിലുണ്ട്. കഴിഞ്ഞ നാലുമാസമായി ഈ രീതി തുടരുന്നുവെന്നും തൊഴിലാളികളായ ശോഭനയും ബിന്ദുവും പ്രതികരിച്ചു.
അകെ തങ്ങള്‍ക്ക് ലഭിക്കുന്നത് 13,000 രൂപ ആണെന്നും ഇതില്‍ നിന്നാണ് ഇയാള്‍ 7,000 നിർബന്ധിത പണപ്പിരിവ് നടത്തുന്നതെന്നും ജീവനക്കാരികള്‍ മാധ്യമങ്ങള്‍ലോഡ് പ്രതികരിച്ചു. സ്‌റ്റേഡിയത്തിലെ മറ്റ് ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞാണ് പണപ്പിരിവ് നടത്തുന്നത്, പണം വാങ്ങുന്നത് പുറത്തു പറഞ്ഞാല്‍ ജോലി നഷ്ടപ്പെടും എന്ന് കെയർ ടേക്കർ ഭീഷണിപ്പെടുത്തിയതായും ക്ലീനിങ് തൊഴിലാളികള്‍ പറയുന്നു.
സംഭവത്തില്‍ ഇവർ കായിക മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പിടിച്ചുവാങ്ങിയ പണം തിരിച്ച് ലഭിക്കണമെന്നും നടപടിയെടുക്കണമെന്നുമാണ് ക്ലീനിങ്ങ് തൊഴിലാളികളുടെ ആവശ്യം. ഏകദേശം ആറ് ലക്ഷത്തോളം രൂപയാണ് കെയർ ടേക്കർ ഷാജു ഇവരില്‍ നിന്ന് തട്ടിയെടുത്തതെന്നാണ് ആരോപണം.
അതേസമയം, പരാതിയില്‍ പ്രതികരിച്ച് കെയർ ടേക്കർ രാജുവും രംഗത്തെത്തി. തികച്ചും വ്യാജമായ പരാതിയാണിതെന്നാണ് കെയർ ടേക്കർ രാജു പറയുന്നത്. സ്റ്റേഡിയത്തില്‍ അനധികൃതമായി ഒരു യുവാവ് താമസിക്കുന്നുണ്ട് അത് താൻ റിപ്പോർട്ട് ചെയ്തിരുന്നു അതിന്‍റെ വൈരാഗ്യത്തില്‍ തയ്യാറാക്കുപ്പെട്ട പരാതിയാണിത് എന്നാണ് പ്രതികരണം.
ഇതുമായി ബന്ധപ്പെട്ട് നീലേശ്വരം മുൻസിപ്പാലിറ്റി ചെയർമാൻ മുഹമ്മദ് റാഫിയും പ്രതികരണവുമായെത്തി. ഇത്തരത്തിലൊരു പരാതിയ്ക്കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ല. 18 കോടിയോളം രൂപ ചിലവഴിച്ചാണ് നീലേശ്വരത്ത് ഈ സ്റ്റേഡിയം നിർമ്മിച്ചത്. നിർമ്മാണ വേളയില്‍ തന്നെ സ്റ്റേഡിയത്തിന്‍റെ നടത്തിപ്പ് നഗരസഭയ്ക്ക് വിട്ടുതരണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ സ്പോർട്സ് കേരള ഫൗണ്ടേഷൻ എന്ന പ്രത്യേക സമിതി രൂപീകരിച്ചാണ് നടത്തിപ്പിന് നല്‍കിയത്. ഇക്കാരണം കൊണ്ടുതന്നെ പരാതികള്‍ വരുമ്പോള്‍ ഇടപെടാനുള്ള സാഹചര്യം തങ്ങള്‍ക്കില്ലെന്നും മുഹമ്മദ് റാഫി വ്യക്തമാക്കി.

