വാഷിങ്ടണ്‍: ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെ 2025-ല്‍ തന്റെ കുടുംബം 1.2 ബില്യണ്‍ ഡോളറിലേറെ (10,000 കോടിയിലധികം രൂപ) സമ്പാദിച്ചെന്ന റിപ്പോർട്ടുകളെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ ഗുണഫലം എല്ലാവർക്കും ലഭിക്കുന്ന സാഹചര്യത്തിലാണ് ഈ നേട്ടമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.
പ്രസിഡന്റ് പദവി വ്യക്തിപരമായ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ചെന്ന ആരോപണങ്ങള്‍ ട്രംപ് തള്ളി. തന്റെ നിക്ഷേപങ്ങളെല്ലാം 'ബ്ലൈൻഡ് ട്രസ്റ്റുകളില്‍' ആണുള്ളതെന്നും അവയുടെ നടത്തിപ്പിലോ സാമ്പത്തിക തീരുമാനങ്ങളിലോ താൻ ഇടപെടാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സമ്പത്ത് പ്രസിഡന്റ് പദവിയിലൂടെയല്ല, വർഷങ്ങളായുള്ള ബിസിനസ് വിജയങ്ങളിലൂടെയാണ് നേടിയതെന്നും ട്രംപ് അവകാശപ്പെട്ടു.
എന്നാല്‍, യുഎസ് ഓഫീസ് ഓഫ് ഗവണ്‍മെന്റ് എത്തിക്സ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ട്രംപിന്റെ മക്കളും സ്റ്റീവ് വിറ്റ്‌കോഫിന്റെ മകനും ചേർന്ന് സ്ഥാപിച്ച വേള്‍ഡ് ലിബർട്ടി ഫിനാൻഷ്യല്‍ എന്ന ക്രിപ്റ്റോ സ്റ്റാർട്ടപ്പില്‍നിന്ന് മാത്രം ട്രംപിന് 550 മില്യണ്‍ ഡോളർ (5,226 കോടി രൂപ) ലഭിച്ചു. ഇതുകൂടാതെ, 2025 ജനുവരിയില്‍ അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പ് പുറത്തിറക്കിയ $TRUMP ക്രിപ്റ്റോ ടോക്കണിന്റെ ലൈസൻസിങ് കരാറിലൂടെ 635 മില്യണ്‍ ഡോളർ റോയല്‍റ്റിയായും ലഭിച്ചതായി രേഖകളില്‍ പറയുന്നു.
ക്രിപ്റ്റോ മേഖലയിലെ ഈ ഇടപെടലുകള്‍ ട്രംപിന്റെ ആസ്തിയില്‍ വലിയ വർധനവുണ്ടാക്കിയതായാണ് റിപ്പോർട്ടുകള്‍. ഫോർബ്സ് മാസികയുടെ കണക്കുകള്‍ പ്രകാരം, 2024-ല്‍ 2.3 ബില്യണ്‍ ഡോളറായിരുന്ന ട്രംപിന്റെ ആസ്തി 2026-ഓടെ 6.5 ബില്യണ്‍ ഡോളറായി ഉയർന്നു. ഭരണകാലത്ത് ക്രിപ്റ്റോ മേഖലയിലെ നിയന്ത്രണങ്ങള്‍ ഇളവ് ചെയ്തതും ഡിജിറ്റല്‍ ആസ്തികളുടെ മൂല്യം ഉയരാൻ കാരണമായെന്നാണ് വിലയിരുത്തല്‍. അതേസമയം, അമേരിക്കയെ ലോകത്തിന്റെ "ക്രിപ്റ്റോ തലസ്ഥാനം" ആക്കാനുള്ള ശ്രമത്തില്‍ അഭിമാനമുണ്ടെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.

