കൊച്ചി: പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ ഹോട്ടല്‍ അടച്ചുപൂട്ടിയതിന് പിന്നാലെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി.
പെരുമ്പാവൂർ മുടക്കുഴ കണ്ണഞ്ചേരിമുകള്‍ കോടമ്പുറം സ്വദേശിയായ കെ കെ രാജൻ (58) ആണ് മരിച്ചത്. കാക്കനാട് പ്രവർത്തിക്കുന്ന കെകെആർ ബേക്സ് ആൻഡ് ജ്യൂസ് എന്ന ഹോട്ടല്‍ ഇദ്ദേഹത്തിന്റേതായിരുന്നു. എന്നാല്‍ എല്‍പിജി ക്ഷാമത്തെ തുടർന്ന് ഹോട്ടല്‍ അടച്ചിടേണ്ടി വന്നു. വാടകയ്ക്കെടുത്ത കെട്ടിടത്തിലായിരുന്നു ഹോട്ടല്‍ പ്രവർത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ വാടക കൊടുക്കാനാവാതെയും കട പ്രവർത്തിപ്പിക്കാനാവാതെയും രാജന് സാമ്പത്തിക ബുദ്ധിമുട്ടിലായി എന്നാണ് വിവരം. മുൻപ് രാജന് പെരുമ്പാവൂർ, കുറുപ്പംപടി, കോതമംഗലം എന്നിവിടങ്ങളില്‍ 'ഗിന്നസ്'എന്ന പേരില്‍ ഫോട്ടോ സ്റ്റുഡിയോ ഉണ്ടായിരുന്നു. ഇതിന്റെ പ്രവർത്തനം അവസാനിപ്പിച്ചാണ് 2026 ജനുവരി ഒന്നിന് ഹോട്ടല്‍ ആരംഭിച്ചത്. അതുകൊണ്ട് തന്നെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് സൂചന.
സിനിമ രംഗത്തും രാജൻ പ്രവർത്തിച്ചിരുന്നു. 'ഇതിഹാസ','കാമുകി'എന്നീ സിനിമകളുടെ നിർമാണ പങ്കാളിയായിരുന്നു ഇദ്ദേഹം. കാമുകി' സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. രാജന്റെ മകള്‍ കൃഷ്ണ രാജൻ സിനിമയില്‍ ഛായാഗ്രാഹകയായിരുന്നുവെങ്കിലും, ഉത്തരേന്ത്യയില്‍ ഷൂട്ടിങ്ങിനിടെ അസുഖം ബാധിച്ച് ഒരു വർഷം മുൻപി മരണപ്പെട്ടിരുന്നു. . സ്റ്റുഡിയോയും ഹോട്ടല്‍ നടത്തിപ്പുമായും ബന്ധപ്പെട്ട് രാജന് ധാരാളം കടബാധ്യതകള്‍ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ഓള്‍ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ പെരുമ്പാവൂർ മേഖല സെൻട്രല്‍ യൂണിറ്റ് അംഗമായിരുന്നു ഇദ്ദേഹം.

