റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡില്‍ കനത്ത മഴയെത്തുടർന്ന് വൻ സുരക്ഷാ ഭീതി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (HPCL) ബോട്ടിലിങ് പ്ലാന്റില്‍ പ്രളയജലം ഇരച്ചുകയറിയതിനെ തുടർന്ന് മൂവായിരത്തോളം ഗ്യാസ് സിലിണ്ടറുകളാണ് പാതാള്‍ഗംഗ പുഴയിലൂടെയും സമീപത്തെ കായലിലൂടെയും ഒഴുകിപ്പോയത്.
പ്ലാന്റിന്റെ സുരക്ഷാ മതില്‍ തകർന്നാണ് വെള്ളം ഉള്ളിലേക്ക് പാഞ്ഞുകയറിയത്. നദിയിലൂടെ സിലിണ്ടറുകള്‍ കൂട്ടത്തോടെ ഒഴുകിനടക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഒഴുകിപ്പോയ സിലിണ്ടറുകളില്‍ പലതിലും പാചകവാതകം നിറച്ചിട്ടുണ്ടാകാമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പുഴയിലൂടെയോ സമീപപ്രദേശങ്ങളിലൂടെയോ ഒഴുകിനടക്കുന്ന ഗ്യാസ് സിലിണ്ടറുകള്‍ കണ്ടെത്തുന്ന ജനങ്ങള്‍ അവ ഉടൻ തന്നെ അധികൃതർക്കോ കമ്പനിക്കോ കൈമാറണമെന്ന് റായ്ഗഡ് കളക്ടർ കിഷൻ ജാവ്‌ലെ അറിയിച്ചു. ഒഴുകിപ്പോയ സിലിണ്ടറുകളില്‍ ഗ്യാസ് ഉണ്ടോ എന്നോ, അവ സുരക്ഷിതമായ അവസ്ഥയിലാണോ എന്നോ ഉറപ്പില്ല. അതുകൊണ്ട് ഇവ വീട്ടില്‍ കൊണ്ടുപോകുന്നതോ, തുറക്കാൻ ശ്രമിക്കുന്നതോ അപകടകരമാണെന്ന് അധികൃതർ അറിയിച്ചു.
പുഴയില്‍ നിന്നും കിട്ടിയ സിലിണ്ടറുകള്‍ ആരും വീട്ടില്‍ സൂക്ഷിക്കരുതെന്നും എത്രയും വേഗം ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. എന്നാല്‍ മുന്നറിയിപ്പ് അവഗണിച്ച് കുത്തൊഴുകുള്ള വെള്ളത്തില്‍ പലയിടത്തും അടിഞ്ഞ് കൂടിയ സിലിണ്ടറുകള്‍ നാട്ടുകാർ കൈക്കലാക്കിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ചയായി മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. വെള്ളപ്പൊക്കവും നദികള്‍ കരകവിഞ്ഞൊഴുകുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ നേരിട്ട ജില്ലകളിലൊന്നാണ് റായ്ഗഡ്.

