ലഖ്നൗ: അത്യാവശ്യമില്ലെങ്കില്‍ സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന തന്റെ അഭ്യർത്ഥന രാജ്യത്തെ പൗരന്മാർ ഏറ്റെടുത്തതാണ് സ്വർണവില കുറയാൻ കാരണമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ലഖ്നൗവില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വർഷം മുൻപ് താൻ നടത്തിയ അഭ്യർത്ഥന ജനങ്ങള്‍ അനുസരിച്ചതിനാലാണ് വില കുറഞ്ഞതെന്നും, ഇതുവഴി ജനങ്ങള്‍ക്ക് പണം ലാഭിക്കാൻ കഴിഞ്ഞതായി അവർ തന്നോട് പറയാറുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
'ഒരു വർഷം മുമ്പ്, ഞാൻ രാജ്യത്തെ പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്നു, അത്യാവശ്യമില്ലെങ്കില്‍ ഒരു വർഷത്തേക്ക് സ്വർണം വാങ്ങാതിരിക്കൂ. ലാല്‍ ബഹാദൂർ ശാസ്ത്രിജി ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടപ്പോള്‍ ഈ രാജ്യം അത് അനുസരിച്ചതുപോലെ, ഇന്നും നമ്മുടെ രാജ്യത്തിന് അതേ സ്വഭാവമുണ്ട് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നെപ്പോലൊരു സാധാരണക്കാരൻ സ്വർണം വാങ്ങുന്നത് കുറയ്ക്കാൻ ആവശ്യപ്പെട്ടപ്പോള്‍, ജനങ്ങള്‍ അത് അനുസരിക്കുകയും സ്വർണവില കുറയുകയും ചെയ്തു. ഇന്ന് ആളുകള്‍ എന്നോട് പറയുന്നു, 'മോദിജി, അങ്ങ് പറഞ്ഞപ്പോള്‍ ഞങ്ങള്‍ ആ ഉപദേശം കേട്ടു, അങ്ങനെ ഞങ്ങളുടെ പണം ലാഭിക്കാൻ സാധിച്ചു.' ലഖ്നൗവില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ മോദി പറഞ്ഞു.
യുഎസ്-ഇറാൻ യുദ്ധസാഹചര്യവും ഇന്ധനവിലയിലെ വർദ്ധനവും സംബന്ധിച്ച ആശങ്കകള്‍ക്കിടയില്‍, പൊതുയോഗങ്ങളില്‍ വെച്ച് ഇന്ധനത്തിന്റെയും സ്വർണ്ണത്തിന്റെയും ഉപയോഗം കുറയ്ക്കണമെന്ന് മോദി പറഞ്ഞിരുന്നു. ഈ അഭ്യർത്ഥനയാണ് ഇപ്പോഴത്തെ സ്വർണവിലയിടിവിന് കാരണമെന്നാണ് അദ്ദേഹത്തിന്റെ വാദം.
ഭാവിയില്‍ ഔദ്യോഗിക വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകള്‍ ഉള്ളവരേക്കാള്‍ പ്രായോഗിക നൈപുണ്യമുള്ളവർക്ക് കൂടുതല്‍ സ്വീകാര്യതയും മൂല്യവും ലഭിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 'ഇന്ന് എനിക്ക് ഒരു കാര്യം കൂടി പറയുവാനുണ്ട്. ഓർത്തു വെച്ചോളൂ, കാലം മാറുകയാണ്. കോട്ടും പാന്റും ടൈയും ധരിച്ച് കടലാസ് സർട്ടിഫിക്കറ്റുകള്‍ കൈവശം വെക്കുന്നവരേക്കാള്, നൈപുണ്യമുള്ള ആളുകള്‍ക്ക് കൂടുതല്‍ മൂല്യം ലഭിക്കും.' മോദി പറഞ്ഞു.
അധിനിവേശക്കാർ ഇന്ത്യയുടെ പരമ്പരാഗത നൈപുണ്യ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിച്ചുവെന്നും പരമ്പരാഗത കരകൗശല വൈദഗ്ധ്യത്തെ ലക്ഷ്യംവച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. പരമ്പരാഗത നൈപുണ്യങ്ങളെയും കരകൗശല വൈദഗ്ധ്യത്തെയും നശിപ്പിക്കുന്നതിനായി അധിനിവേശക്കാർ കരകൗശല വിദഗ്ധരുടെ പെരുവിരലുകള്‍ മുറിച്ചുമാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) വിദ്യാർത്ഥികള്‍ക്ക് ലഭിക്കുന്ന അതേ ആദരവ് ഇൻഡസ്ട്രിയല്‍ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ITI) വിദ്യാർത്ഥികള്‍ക്കും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ഐഐടി ആയാലും ഐടിഐ ആയാലും, എനിക്ക് വിദ്യാർത്ഥികളാണ് രാജ്യത്തിന്റെ സമ്പത്തും ശക്തിയും ഭാവി'യുമെന്നും മോദി കൂട്ടിച്ചേർത്തു.

