കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങള്‍ക്കിടയില്‍ തനിക്ക് ക്രൂരമായ മർദനമേറ്റിരുന്നതായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ വെളിപ്പെടുത്തല്‍.
പ്രതിഷേധക്കാർ തന്റെ പുറത്തടിച്ചതായും ഡ്രൈവറെ ചവിട്ടിവീഴ്ത്തി കഴുത്തില്‍ ചവിട്ടിപ്പിടിച്ചതായും അദ്ദേഹം പറഞ്ഞു. ജൂലൈ 3-ന് നടന്ന ദുക്റാന ആചരണ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു മാസങ്ങള്‍ക്ക് മുൻപ് എറണാകുളം ബിഷപ്പ് ഹൗസില്‍ വെച്ചുണ്ടായ ഈ അനിഷ്ട സംഭവത്തെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്.
മർദിച്ച വ്യക്തിയുടെ പേരോ മറ്റ് വിവരങ്ങളോ ബിഷപ്പ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഏകീകൃത കുർബാനയെ അനുകൂലിക്കുന്ന വിഭാഗത്തില്‍പ്പെട്ടയാളാണ് ഇതിന് പിന്നിലെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്.
മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിലാണ് പാംപ്ലാനിയുടെ വെളിപ്പെടുത്തല്‍. 'എന്റെ പുറത്ത് ആഞ്ഞടിച്ച ഒരു വ്യക്തിയുണ്ട്. അദ്ദേഹത്തിന്റെ കൈവിരല്‍ പാടുകള്‍ എന്റെ പുറത്ത് ഒരു മാസത്തോളമായി മായാതെ കിടപ്പുണ്ട്. ഇതേ വ്യക്തി തന്നെ എന്റെ ഡ്രൈവറെ എറണാകുളം അരമനയില്‍ വെച്ച് ചവിട്ടി വീഴ്ത്തുകയും കഴുത്തില്‍ ചവിട്ടിപ്പിടിക്കുകയും ചെയ്തു. ചിലര്‍ ഇതിനകത്ത് അനവാശ്യമായി നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. അത്തരക്കാരെക്കുറിച്ച് നിങ്ങളും ജാഗ്രത പാലിക്കണം', പാംപ്ലാനി പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലൈ മൂന്നീന് ദുക്‌റാന ആചരണവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയില്‍വെച്ച് ഒരു പരിപാടി സംഘടിപ്പിരുന്നു. ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവരും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു എറണാകുളം ബിഷപ്പ് ഹൗസില്‍വെച്ച് നടന്ന സംഭവത്തെ കുറിച്ച് പാംപ്ലാനി വിശദീകരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ നാളായി തര്‍ക്കങ്ങളും പ്രതിഷേധങ്ങളും നിലനില്‍ക്കുന്നുണ്ട്. നിലവില്‍ സമവായത്തിന്റെ പാതയുണ്ടെങ്കിലും ഏകീകൃത കുര്‍ബാന പൂര്‍ണ അര്‍ത്ഥത്തില്‍ സിനഡ് തീരുമാനിച്ച രീതിയില്‍ നടപ്പാക്കിയിട്ടില്ല.

