പയ്യന്നൂർ: സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച തായിനേരി എസ്.എ.ബി.ടി.എം ഹൈസ്കൂളിലെ പി.ടി.
അധ്യാപകൻ രഘുവിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. ജൂണ്‍ 22-ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. 13 വയസ്സുകാരനായ വിദ്യാർത്ഥിയെ തടഞ്ഞുനിർത്തി വടികൊണ്ടും കൈകൊണ്ടും അടിച്ച് പരിക്കേല്‍പ്പിച്ചതായാണ് പ്രഥമ വിവര റിപ്പോർട്ട് (FIR). ഭാരതീയ ന്യായ സംഹിതയിലെ 126(2), 115(2), 118(1) എന്നീ വകുപ്പുകള്‍ക്ക് പുറമെ, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75-ാം വകുപ്പും അധ്യാപകനെതിരെ ചുമത്തിയിട്ടുണ്ട്. വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തി ജൂലൈ ഒന്നിനാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തില്‍ പ്രതിയായ അധ്യാപകനെ ഇതുവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ല.
"തൊണ്ടയ്ക്ക് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കാൻ നോക്കി": ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്മ
പനിയായിരുന്നതിനാല്‍ ഗ്രൗണ്ടില്‍ കളിക്കാൻ ഇറങ്ങാതെ ക്ലാസിലിരുന്ന് നോട്ട് എഴുതാൻ കുട്ടിയോട് പറഞ്ഞിരുന്നതായി അമ്മ രഹനസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ രണ്ടാമത്തെ പിരീഡായിരുന്നു പിടി. കളിസ്ഥലത്ത് വരാൻ വൈകിയതിന് മറ്റു കുട്ടികള്‍ക്ക് കാലിന് രണ്ട് അടി നല്‍കിയ അധ്യാപകൻ, തൻ്റെ മകനെ മാത്രം കുനിച്ചുനിർത്തി പുറത്ത് ഇരുപത്തഞ്ചോളം അടി അടിച്ചു. അടിയേറ്റ കുട്ടി പ്രതികരിക്കാതിരുന്നതിനെ തുടർന്ന് തൊണ്ടയ്ക്ക് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കാൻ നോക്കിയതായും ഭിത്തിയിലേക്ക് തള്ളിയതായും അമ്മ ആരോപിക്കുന്നു. 'മർദ്ദനമേറ്റ കുട്ടിക്ക് ഉമിനീര് പോലും ഇറക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം പോലും കഴിക്കാൻ കഴിയാതെ കരഞ്ഞുകൊണ്ടാണ് കുട്ടി വീട്ടിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ പുറത്ത് ഗുരുതരമായി ചതേറ്റതായി കണ്ടെത്തി. എക്സ്റേ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് ശേഷമാണ് കുട്ടിയുടെ പരിക്കിന്റെ തീവ്രത ബോധ്യപ്പെട്ടത്. സംഭവത്തില്‍ പയ്യന്നൂർ പൊലീസില്‍ നേരിട്ടെത്തി പരാതി നല്‍കിയെങ്കിലും ആദ്യഘട്ടത്തില്‍ കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് ഡിവൈഎസ്‌പി ഓഫീസിലെത്തി പരാതി നല്‍കി. ഇതേത്തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബാലാവകാശ കമ്മീഷനും പരാതി നല്‍കിയെന്നും രഹനാസ് വ്യക്തമാക്കി.
ഒത്തുതീർപ്പ് ശ്രമവുമായി സ്കൂള്‍ അധികൃതർ; അധ്യാപകൻ മുൻപും അക്രമാസക്തൻ
കുട്ടിയുമായി ആശുപത്രിയില്‍ എത്തിയ സമയത്ത് സ്കൂള്‍ പ്രിൻസിപ്പലും മറ്റ് അധ്യാപകരും ചേർന്ന് സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായി അമ്മ ആരോപിക്കുന്നു. പോലീസില്‍ പരാതിപ്പെടാതിരിക്കാൻ കുട്ടിയുടെ വലിയമ്മയെയും അമ്മയെയും മണിക്കൂറുകളോളം കാറില്‍ ഇരുത്തി സമ്മർദ്ദം ചെലുത്തി. അധ്യാപകനെ തല്‍ക്കാലത്തേക്ക് സ്‌കൂളില്‍ നിന്ന് മാറ്റിനിർത്താമെന്ന് പറഞ്ഞ് കേസ് ഒതുക്കിത്തീർക്കാനായിരുന്നു മാനേജ്മെന്റിന്റെ ശ്രമം. എന്നാല്‍ അധ്യാപകനെതിരെ ശക്തമായ നിയമനടപടി വേണം. അധ്യാപകനായി തുടരാൻ ഇയാള്‍ക്ക് അർഹതയില്ല. ചെയ്ത പ്രവർത്തിക്ക് അധ്യാപകൻ ജയില്‍ശിക്ഷ അനുഭവിക്കണമെന്നും രഹനാസ് പറഞ്ഞു. ഇതേ അധ്യാപകൻ മുൻപ് തന്റെ മൂത്ത മകനെ ഐഡി കാർഡ് ധരിച്ചില്ലെന്ന കാരണത്താല്‍ സമാനമായ രീതിയില്‍ തൊണ്ടയ്ക്ക് കുത്തിപ്പിടിച്ച് ഭിത്തിയില്‍ അടിച്ച് പരിക്കേല്‍പ്പിക്കാൻ ശ്രമിച്ചിരുന്നതായി രഹനസ് വെളിപ്പെടുത്തി. അന്ന് സ്കൂള്‍ ക്ലർക്ക് ഇടപെട്ടാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. അന്ന് സ്കൂള്‍ അധികൃതർക്ക് പരാതി നല്‍കിയെങ്കിലും അധ്യാപകനെതിരെ യാതൊരുവിധ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും രഹനാസ് പറയുന്നു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരും പൊലീസും പ്രതികരിക്കാൻ തയ്യാറായില്ല.

