Dailyhunt
ഗാസ മുനമ്പില്‍ ഇസ്രായേലിന്റെ ഡ്രോണ്‍ ആക്രമണം; അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തകൻ കൊല്ലപ്പെട്ടു

ഗാസ മുനമ്പില്‍ ഇസ്രായേലിന്റെ ഡ്രോണ്‍ ആക്രമണം; അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തകൻ കൊല്ലപ്പെട്ടു

Media Mangalam 4 days ago

ഗാസ സിറ്റി: ഗാസ മുനമ്പില്‍ ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ ജസീറ പത്രപ്രവർത്തകൻ കൊല്ലപ്പെട്ടു. അല്‍ ജസീറ മുബാഷർ കറസ്‌പോണ്ടന്റായ മുഹമ്മദ് വിഷാ ആണ് മരിച്ചത്.

ബുധനാഴ്ചയാണ് സംഭവം. ഗാസ സിറ്റിയുടെ പടിഞ്ഞാറൻ തീരദേശ റോഡായ അല്‍-റാഷിദ് സ്ട്രീറ്റില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന കാറില്‍ ഡ്രോണ്‍ പതിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച്‌ തന്നെ അദ്ദേഹം മരണപ്പെട്ടു. ഡ്രോണ്‍ പതിച്ചതിനെത്തുടർന്ന് വാഹനം പൂർണ്ണമായും കത്തിനശിച്ചതായാണ് റിപ്പോർട്ടുകള്‍.

അതേസമയം മുഹമ്മദ് വിഷായുടെ കൊലപാതകത്തെ അല്‍ ജസീറ മീഡിയ നെറ്റ്‌വർക്ക് ശക്തമായി അപലപിച്ചു. ഇതൊരു യാദൃശ്ചികമായ സംഭവമല്ലെന്നും, മാധ്യമപ്രവർത്തകരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആസൂത്രിതമായ കുറ്റകൃത്യമാണെന്നും അല്‍ ജസീറ പ്രസ്താവനയില്‍ പറഞ്ഞു. 'സത്യത്തിന്റെ ശബ്ദം നിശബ്ദമാക്കാനും മാധ്യമപ്രവർത്തകരെ ഭയപ്പെടുത്താനുമുള്ള ഇസ്രായേലിന്റെ നയത്തിന്റെ ഭാഗമാണിത്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു' - അല്‍ ജസീറ മീഡിയ നെറ്റ്‌വർക്ക്

യു.എസ് മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിർത്തല്‍ കരാർ ഇസ്രായേല്‍ നിരന്തരം ലംഘിക്കുകയാണ്. 2023 ഒക്ടോബർ മുതല്‍ ഇതുവരെ 262 മാധ്യമപ്രവർത്തകരാണ് ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. വെടിനിർത്തല്‍ നിലവില്‍ വന്നതിന് ശേഷം മാത്രം ഏകദേശം 2,000ത്തിലധികം ലംഘനങ്ങള്‍ ഇസ്രായേല്‍ സൈന്യം നടത്തിയിട്ടുണ്ട്. കൂടാതെ വെടിനിർത്തല്‍ കാലയളവില്‍ മാത്രം ഇതുവരെ 733 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

മാധ്യമപ്രവർത്തകർക്കെതിരെയുള്ള ഇസ്രായേലിന്റെ ഈ ക്രൂരതകള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം വേണമെന്നും കുറ്റവാളികളെ അന്താരാഷ്ട്ര കോടതികളില്‍ വിചാരണ ചെയ്യണമെന്നും ഗാസ ഗവണ്‍മെന്റ് മീഡിയ ഓഫീസ് ആവശ്യപ്പെട്ടു. 2018ലാണ് മുഹമ്മദ് വിഷാ അല്‍ ജസീറ നെറ്റ്‌വർക്കിന്റെ ഭാഗമായത്. ഗസയിലെ യുദ്ധസാഹചര്യങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ അദ്ദേഹം സജീവമായിരുന്നു.

രണ്ടു ദിവസം മുൻപ് ഇസ്താംബൂളിലെ ഇസ്രായേല്‍ കോണ്‍സുലേറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപം വെടിയുതിർത്ത മൂന്ന് അക്രമികള്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനയുടെ വെടിയേറ്റ് അക്രമികള്‍ കൊല്ലപ്പെട്ടതായും രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് വെടിവയ്പ്പില്‍ പരിക്കേറ്റതായും തുർക്കി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

തുർക്കിയില്‍ ഇപ്പോള്‍ ഇസ്രായേലി നയതന്ത്രജ്ഞർ നിലയുറപ്പിച്ചിട്ടില്ലെന്നും 2023 ഒക്ടോബർ 7 ന് ഗാസ യുദ്ധത്തെത്തുടർന്ന് ഇസ്രായേലും തുർക്കിയും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടർന്ന് കോണ്‍സുലേറ്റ് രണ്ട് വർഷത്തേക്ക് അടച്ചിട്ടിരിക്കുകയാണെന്നും സ്രോതസ്സുകള്‍ പറയുന്നു. ഗാസ അധിനിവേശത്തിന് ഇസ്രായേലിനെ തുർക്കി വിമർശിക്കുകയും പ്രതിഷേധിച്ച്‌ കോണ്‍സുലേറ്റ് അടച്ചുപൂട്ടുകയും ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam