റിയാദ്: ഹജ്ജ് തീർഥാടനത്തിനെത്തിയ മലയാളി മക്കയില്‍ മരിച്ചു. കോഴിക്കോട് ഫറോക്ക് നല്ലളം സുന്ദരംപള്ളി സ്വദേശിനി റംലത്ത് (65) ആണ് മരിച്ചത്.
മൂന്നു മാസമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീയാണ് മരിച്ചത്. മഹ്‌റം (ആണ്‍തുണ) ഇല്ലാതെയാണ് റംലത്ത് ഹജ്ജിനെത്തിയത്. ഈ വർഷത്തെ ഹജ്ജ് കർമങ്ങള്‍ പൂർത്തിയാക്കിയ ശേഷം ഇവർക്ക് അസുഖം പിടിപെടുകയായിരുന്നു. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ഹജ്ജ് മിഷൻ ക്ലിനിക്ക് മുഖേന മക്കയിലെ എസ്.എൻ.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മൂന്നുമാസത്തോളമായി ഇതേ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു റംലത്ത് ഇതിനിടെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.
ചികിത്സയ്ക്കായി ഇവരെ നാട്ടിലെത്തിക്കാനായുള്ള ശ്രമങ്ങള്‍ കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ അടക്കമുള്ളവർ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് റംലത്ത് മരണത്തിന് കീഴടങ്ങിയത്. ജിൻസ, ജസ്ലീന എന്നിവർ മക്കളാണ്. നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

