Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹോര്‍മുസ് കടലിടുക്കിലെ നാവിക ഉപരോധം പിൻവലിക്കുന്നതായി ഡൊണാള്‍ഡ് ട്രംപ്; കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ക്ക് ഇനി സ്വന്തം നാടുകളിലേക്ക് മടങ്ങാം

ഹോര്‍മുസ് കടലിടുക്കിലെ നാവിക ഉപരോധം പിൻവലിക്കുന്നതായി ഡൊണാള്‍ഡ് ട്രംപ്; കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ക്ക് ഇനി സ്വന്തം നാടുകളിലേക്ക് മടങ്ങാം

Media Mangalam 1 week ago

വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കില്‍ അമേരിക്ക ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം പിൻവലിക്കുന്നതായി യു.എസ്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്' (Truth Social) ട്രംപ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. ആഗോള സാമ്പത്തിക-വ്യാപാര മേഖലകളില്‍ വലിയ ചലനങ്ങളുണ്ടാക്കാൻ പോകുന്നതാണ് അമേരിക്കയുടെ ഈ പെട്ടെന്നുള്ള നീക്കം. ഇതോടെ ദിവസങ്ങളായി മേഖലയില്‍ നിലനിന്നിരുന്ന കടുത്ത അന്താരാഷ്ട്ര അനിശ്ചിതത്വങ്ങള്‍ക്കാണ് താല്‍ക്കാലികമായി അയവ് വന്നിരിക്കുന്നത്.

ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന കരാർ സംബന്ധിച്ച ചർച്ചകള്‍ക്കൊടുവിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഉപരോധം കാരണം കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ക്ക് ഇനി സ്വന്തം നാടുകളിലേക്ക് മടങ്ങാനുള്ള നടപടികള്‍ ആരംഭിക്കാമെന്ന് ട്രംപ് അറിയിച്ചു.

ഉപരോധം പിൻവലിക്കുന്നതിനായി ഇറാന് ട്രംപ് കർശന നിർദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇറാൻ ഒരിക്കലും ആണവായുധമോ ബോംബോ കൈവശം വയ്ക്കില്ലെന്ന് ഉറപ്പുനല്‍കണം എന്നതാണ് പ്രധാന നിബന്ധന. ഹോർമുസ് കടലിടുക്ക് യാതൊരുവിധ നികുതിയും ഇല്ലാതെ അന്താരാഷ്ട്ര ചരക്കുനീക്കത്തിനായി ഉടനടി തുറന്നുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കടലിടുക്കില്‍ സ്ഥാപിച്ചിട്ടുള്ള മൈനുകള്‍ നീക്കം ചെയ്യുന്ന നടപടികള്‍ ഇറാൻ പൂർത്തിയാക്കണമെന്നും ട്രംപ് വ്യക്തമാക്കി.

ഇറാനിലെ ആണവ അവശിഷ്ടങ്ങള്‍ അമേരിക്കയുടെയും ചൈനയുടെയും സാങ്കേതിക സഹായത്തോടെ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ മേല്‍നോട്ടത്തില്‍ പുറത്തെടുത്ത് നശിപ്പിക്കുമെന്നും ട്രംപ് അറിയിച്ചു. ഇതിനായി യാതൊരുവിധ സാമ്പത്തിക ഇടപാടുകളും നടത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി സിറ്റുവേഷൻ റൂമില്‍ ഉപദേശകരുമായി കൂടിക്കാഴ്ച നടത്തുകയാണെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്.

കരാറിന്റെ അന്തിമ പ്രഖ്യാപനം ഞായറാഴ്ച ഉണ്ടായേക്കുമെന്നാണ് സൂചന. പുതിയ കരാർ പ്രകാരം 60 ദിവസത്തെ വെടിനിർത്തലാണ് ഇരുരാജ്യങ്ങളും വിഭാവനം ചെയ്യുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam