ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസ്സപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഗുരുതരമായ അവസ്ഥയാണ് ഹൃദയാഘാതം. ഹൃദയാഘാതം ഹൃദയത്തിന് സ്ഥിരമായ കേടുപാടുകള്‍ വരുത്തുകയോ മരണത്തിന് കാരണമാവുകയോ ചെയ്തേക്കാം.
ലോകത്താകമാനം ഹൃദയാഘാതം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ലോകാരോഗ്യസംഘടന പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ചാണെങ്കില്‍ പ്രതിവർഷം ഏകദേശം 28.6 ലക്ഷം പേരാണ് ഹൃദയ-രക്തധമനീ സംബന്ധമായ രോഗങ്ങള്‍ മൂലം മരണത്തിന് കീഴടങ്ങുന്നത്. ഇന്ത്യയില്‍ നാലിലൊന്ന് എന്ന നിരക്കില്‍ ഹൃദ്രോഗം മരണകാരണമായി മാറുന്നുണ്ടെന്നാണ് കണക്കുകള്‍.
രാജ്യത്ത് ഹൃദയ-രക്തധമനി സംബന്ധമായ രോഗങ്ങള്‍ മൂലമുണ്ടാകുന്ന ആകെ മരണങ്ങളില്‍ ഏകദേശം 62 ശതമാനവും 40-നും 69-നും ഇടയില്‍ പ്രായമുള്ളവരിലാണ്. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, അമിതവണ്ണം, മാനസിക സമ്മർദ്ദം, മറ്റ് ജീവിതശൈലീ ഘടകങ്ങള്‍ എന്നിവയാണ് വർധിച്ചുവരുന്ന ഹൃദ്രോഗമരണനിരക്കിന് കാരണമാകുന്നത്.
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ഒറ്റയടിക്ക് ചെയ്യാവുന്ന കുറുക്കുവഴികള്‍ ഒന്നുമില്ല. എന്നാല്‍ ഹൃദയാഘാതസാധ്യതകള്‍ കുറയ്ക്കുന്നത് പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്ന് പറയുകയാണ് ലണ്ടനിലെ ഹാർട്ട് സർജനായ ഡോ.ജെറിമി. ഇതിനായി ജീവിതശൈലിയില്‍ അഞ്ച് പ്രധാന മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടതുണ്ടെന്നും ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു.
'60 സെക്കൻഡോ അതില്‍ കുറവോ സമയത്തിനുള്ളില്‍ ഹൃദയാഘാതം എങ്ങനെ തടയാം എന്ന് ഒരു ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനോട് ചോദിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഹൃദയ-രക്തധമനികളുടെ ആരോഗ്യം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍, പുകവലിയില്‍ നിന്നും വിട്ടുനില്‍ക്കണം. അതിനൊപ്പം വീട്ടിലിരുന്ന് തന്നെ രക്തസമ്മർദ്ദം കൃത്യമായി നിരീക്ഷിക്കേണ്ടതും അത്യാവശ്യമാണ്. കൂടാതെ കൊളസ്‌ട്രോളും ഷുഗർ നിലയും കൃത്യമായി പരിശോധിക്കണം. മാറ്റം വരുത്തേണ്ട അഞ്ച് ജീവിതശൈലികള്‍ എന്തെല്ലാമെന്ന് നോക്കിയാലോ?
കൊളസ്‌ട്രോള്‍ നിയന്ത്രിക്കണം
"ഇത് ഹൃദ്രോഗത്തിന് കാരണമാകുമെന്ന് എനിക്കറിയാം. അതിനാല്‍ നിങ്ങളുടെ കൊളസ്‌ട്രോള്‍ പരിശോധനാഫലങ്ങള്‍ കൃത്യമായി അറിഞ്ഞിരിക്കണം".
രക്തസമ്മർദം പരിശോധിക്കുക
രക്തസമ്മർദം ഉയർന്നിട്ടാണോ എന്ന് നോക്കണം. ഉയർന്ന രക്തസമ്മർദം രക്തക്കുഴലുകള്‍ക്ക് പ്രശ്‌നമാണ്. വീട്ടില്‍വെച്ച് തന്നെ രക്തസമ്മർദം പരിശോധിക്കാം.
പുകവലി ഒഴിവാക്കണം
ഏത് തരത്തിലുള്ള പുകവലിയും ഒഴിവാക്കണം. അതാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറയുന്നു.
പഞ്ചസാര കുറയ്ക്കണം
ഡോ.ജെറിമിയുടെ അഭിപ്രായത്തില്‍,
ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് തീരെ പരിമിതപ്പെടുത്തുകയോ കുറയ്ക്കുകയോ വേണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി ഒരേപോലെ നിലനിർത്താൻ ഇത് സഹായിക്കും.
ഏകാന്തത ഒഴിവാക്കുക
ഹൃദ്രോഗത്തിനുള്ള ശക്തമായൊരു കാരണം സാമൂഹികബന്ധങ്ങളില്ലാത്തതാണെന്ന് അദ്ദേഹം പറയുന്നു. ഒറ്റപ്പെടലും ഏകാന്തതയും ഒഴിവാക്കി, നല്ലൊരു സാമൂഹികബന്ധം കെട്ടിപ്പടുക്കുന്നതും ഹൃദയാരോഗ്യത്തിന് നല്ലതാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം

