Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇലക്‌ട്രിക് വാഹനങ്ങള്‍ ടാക്‌സിയാക്കാൻ പറ്റില്ലെന്ന് ആര് പറഞ്ഞു? യാതൊരു തടസ്സവുമില്ലെന്ന് എംവിഡി, വ്യാജപ്രചരണങ്ങളില്‍ വിശദീകരണം

ഇലക്‌ട്രിക് വാഹനങ്ങള്‍ ടാക്‌സിയാക്കാൻ പറ്റില്ലെന്ന് ആര് പറഞ്ഞു? യാതൊരു തടസ്സവുമില്ലെന്ന് എംവിഡി, വ്യാജപ്രചരണങ്ങളില്‍ വിശദീകരണം

Media Mangalam 1 week ago

ലക്‌ട്രിക് വാഹനങ്ങളുപയോഗിക്കന്നവരുടെ എണ്ണം ഇന്ന് ഇന്ധനവണ്ടികളുടെ ഒപ്പം തന്നെ എത്തിക്കൊണ്ടിരിക്കുകയാണ്. നിരവധിപേർ സ്വകാര്യ-വാണിജ്യ ആവശ്യങ്ങള്‍ക്കായി ഇലക്‌ട്രിക് വാഹനങ്ങള്‍ ഉപയോഗിച്ച്‌ വരുന്നു.

ഇലക്‌ട്രിക് വാഹനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള ഫ്‌ളീറ്റ് ഓപ്പറേറ്റർമാരും ഇന്ത്യയില്‍ സജീവമാണ്. കേരളത്തിലും ടാക്‌സിയായി ഓടുന്ന ഇലക്‌ട്രിക് കാറുകളും ഓട്ടോറിക്ഷകളും നിരവധിയാണ്.

ഈ യാഥാർഥ്യം നിലനില്‍ക്കെയാണ് കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ടാക്‌സി പെർമിറ്റും രജിസ്‌ട്രേഷനും നല്‍കുന്നില്ലെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ ഉയരുന്നത്. ഈ വ്യാജപ്രചരണങ്ങള്‍ക്കെതിരേ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളത്തിലെ മോട്ടോർ വാഹന വകുപ്പ്. ഇത്തരം വാർത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വസ്തുതകള്‍ നിരത്തി തെളിയിക്കുകയാണ് എംവിഡി.

കേന്ദ്ര-സംസ്ഥാന മോട്ടോർ വാഹന നിയമങ്ങള്‍ അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഏത് ഇലക്‌ട്രിക് വാഹനത്തിനും ആർ.ടി.ഒ. വഴി ടാക്‌സി രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇലക്‌ട്രിക് വാഹനങ്ങള്‍ ടാക്‌സിയാക്കി മാറ്റുന്നതിന് പ്രത്യേകിച്ച്‌ തടസ്സങ്ങളോ നിരോധനങ്ങളോ നിലവില്‍ ഇല്ലെന്നുമാണ് മോട്ടോർ വാഹന വകുപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ അറിയിക്കുന്നത്.

മോട്ടോർ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

കേന്ദ്ര-സംസ്ഥാന മോട്ടോർ വാഹന നിയമങ്ങള്‍ (CMVR/KMVR) അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഏത് ഇലക്‌ട്രിക് വാഹനത്തിനും ആർ.ടി.ഒ വഴി ടാക്‌സി രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കും.

ഈ വിഷയത്തില്‍ യഥാർത്ഥ വസ്തുതകള്‍ താഴെ പറയുന്നവയാണ്:

കേരളത്തില്‍ ഒരു ഇലക്‌ട്രികോ അല്ലാത്തതോ ആയ വാഹനം ടാക്‌സിയായി രജിസ്റ്റർ ചെയ്യണമെങ്കില്‍ മോട്ടോർ വാഹന നിയമപ്രകാരമുള്ള കാര്യങ്ങള്‍ ഇവയാണ്:

CMVR 118 പ്രകാരം വേഗത 80 km/h ആയി ക്രമീകരിക്കുന്ന, AIS 018 മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്പീഡ് ഗവേണർ ഘടിപ്പിച്ചിരിക്കണം.
CMVR 125H, KMVR 151A എന്നിവ പ്രകാരമുള്ള AIS 0140 മാനദണ്ഡങ്ങള്‍ പാലിക്കുന്ന അംഗീകൃത വെഹിക്കിള്‍ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് നിർബന്ധമാണ്.
CMVR 50, 51 പ്രകാരം ഇലക്‌ട്രിക് ടാക്‌സികള്‍ക്ക് നിർബന്ധമാക്കിയിട്ടുള്ള പച്ച പശ്ചാത്തലത്തില്‍ മഞ്ഞ അക്ഷരങ്ങളുള്ള നമ്പർ പ്ലേറ്റ് വേണം ഉപയോഗിക്കാൻ.
ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ബാധകമായ ടാക്‌സേഷൻ നിയമപ്രകാരമുള്ള നികുതി അടച്ചിരിക്കണം.
ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ടാക്‌സിയാകാൻ പ്രത്യേകിച്ചൊരു നിരോധനമോ മറ്റ് തടസ്സങ്ങളോ നിലവിലില്ല.

മേല്‍പ്പറഞ്ഞ സാങ്കേതിക സജ്ജീകരണങ്ങളെല്ലാം പൂർത്തിയാക്കി അപേക്ഷിക്കുന്ന പക്ഷം, ടാക്‌സിയായി രജിസ്റ്റർ ചെയ്യുന്നതിന് വകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരു തടസ്സവുമില്ല. കൂടാതെ നിലവില്‍ പെർമിറ്റ് ആവശ്യമില്ല എന്ന ആനുകൂല്യം കൂടിയുണ്ട്.

എന്നാല്‍, വാഹന നിർമ്മാതാക്കള്‍ ചില മോഡലുകള്‍ 'വ്യക്തിഗത ഉപയോഗത്തിന്' (Personal Vehicle) വേണ്ടിയും മറ്റു ചിലത് 'കമേഴ്സ്യല്‍/ഫ്‌ളീറ്റ്' ആവശ്യങ്ങള്‍ക്ക് വേണ്ടിയുമാണ് നിർമ്മിക്കുന്നത്. വ്യക്തിഗത ആവശ്യത്തിന് വാങ്ങുന്ന വാഹനങ്ങള്‍ പിന്നീട് ടാക്‌സിയായി മാറ്റുമ്പോള്‍ (NTV to TV) മോട്ടോർ വാഹന വകുപ്പ് അത് തടയുന്നില്ല.

അതേസമയം, ചില കമ്പനികളുടെ മോഡലുകള്‍ വ്യക്തിഗത വാഹനങ്ങള്‍ ടാക്‌സിയായി മാറ്റി ഉപയോഗിക്കുന്നതിനും നിർമ്മാതാക്കള്‍ നല്‍കുന്ന വാറന്റി, ഇൻഷുറൻസ് ആനുകൂല്യങ്ങള്‍ എന്നിവയിലും കമ്പനികള്‍ക്ക് അവരുടേതായ നയപരമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കാം. വാഹനം നിർമ്മിച്ച കമ്പനിയുടെ ഈ നയപരമായ നിബന്ധനകളും MVD യുടെ രജിസ്‌ട്രേഷൻ നടപടികളും തമ്മില്‍ കൂട്ടിക്കുഴച്ചാണ് രജിസ്‌ട്രേഷൻ നിഷേധിക്കുന്നു എന്ന തരത്തില്‍ തെറ്റായ വാർത്തകള്‍ പ്രചരിക്കുന്നത്.

നിയമാനുസൃതമായ സ്പീഡ് ഗവേണറും ട്രാക്കിങ് ഡിവൈസും ഘടിപ്പിച്ച്‌ ആവശ്യമായ നടപടികള്‍ പൂർത്തിയാക്കുന്ന ഏത് വാഹനത്തിനും കേരളത്തില്‍ ടാക്‌സി രജിസ്‌ട്രേഷൻ ലഭിക്കുന്നതാണ്. അതിനാല്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ടാക്‌സി രജിസ്‌ട്രേഷൻ നിഷേധിക്കുന്നുവെന്ന പ്രചാരണങ്ങളില്‍ വസ്തുതയില്ല എന്നറിയിച്ചുകൊള്ളുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam