Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഇനി യാത്രകള്‍ സ്മാര്‍ട്ടാക്കാം; വഴിവിളക്കായി ഓഫ്‌ലൈൻ ആപ്പുകള്‍

ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഇനി യാത്രകള്‍ സ്മാര്‍ട്ടാക്കാം; വഴിവിളക്കായി ഓഫ്‌ലൈൻ ആപ്പുകള്‍

Media Mangalam 4 months ago

യാത്രകളെ പ്രണയിക്കുന്നവർ എപ്പോഴും നേരിടുന്ന ഏറ്റവും വലിയ വില്ലനാണ് പെട്ടെന്ന് നഷ്ടമാകുന്ന മൊബൈല്‍ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി.

അപരിചിതമായ സ്ഥലങ്ങളില്‍ കൃത്യമായ നാവിഗേഷനും വിവരങ്ങളും നല്‍കാൻ ഫോണില്‍ നിരവധി ആപ്ലിക്കേഷനുകള്‍ ലഭ്യമാണെങ്കിലും, ഇന്റർനെറ്റ് ഇല്ലാത്ത സാഹചര്യങ്ങളില്‍ ഇവ പലപ്പോഴും നിഷ്ക്രിയമാകാറുണ്ട്. ഈ പ്രതിസന്ധി മൂലം വഴിയറിയാതെ യാത്രകള്‍ വഴിമുട്ടിയ അനുഭവങ്ങള്‍ ഭൂരിഭാഗം സഞ്ചാരികള്‍ക്കുമുണ്ടാകും. എന്നാല്‍, മൊബൈല്‍ ഡാറ്റയോ വൈഫൈ കണക്ഷനോ ഇല്ലെങ്കിലും ഒരു തടസ്സവുമില്ലാതെ പ്രവർത്തിക്കുന്ന ചില മികച്ച ഓഫ്‌ലൈൻ ആപ്പുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇവ മുൻകൂട്ടി ഫോണില്‍ ഇൻസ്റ്റാള്‍ ചെയ്താല്‍ ഏത് ഉള്‍പ്രദേശങ്ങളിലും തികച്ചും 'ടെൻഷൻ ഫ്രീ' ആയി സുരക്ഷിത യാത്ര ആസ്വദിക്കാൻ സാധിക്കും.

1. ഗൂഗിള്‍ മാപ്സ് (Google Maps - Offline Mode)

യാത്രക്കാർക്ക് ഏറെ പരിചിതമായ ഗൂഗിള്‍ മാപ്സില്‍ ഇന്റർനെറ്റ് ഇല്ലാതെ തന്നെ മാപ്പ് ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. നമ്മള്‍ പോകുന്ന നഗരത്തിന്റെയോ പ്രദേശത്തിന്റെയോ മാപ്പ് മുൻകൂട്ടി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാൻ ഇതിലൂടെ സാധിക്കും. ഇങ്ങനെ സേവ് ചെയ്താല്‍, ഇന്റർനെറ്റ് ഇല്ലെങ്കിലും നാവിഗേഷൻ, കൃത്യമായ ദിശാസൂചനകള്‍, സ്ഥലങ്ങള്‍ തെരയല്‍ എന്നിവയെല്ലാം ഓഫ്‌ലൈനായി തന്നെ പ്രവർത്തിക്കും. മൊബൈല്‍ സിഗ്നല്‍ അടിക്കടി നഷ്ടപ്പെടുന്ന വലിയ നഗരങ്ങള്‍ ചുറ്റിക്കാണാൻ ഇത് ഏറെ സഹായകരമാണ്.

2. മാപ്സ്.മി (Maps.me)

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും മാറി ഉള്‍പ്രദേശങ്ങളിലേക്കും കാടുകളിലേക്കും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ആപ്പാണിത്. ഇന്റർനെറ്റിന്റെ സഹായമില്ലാതെ തന്നെ നടക്കാനും സൈക്കിള്‍ ചവിട്ടാനും വാഹനം ഓടിക്കാനുമുള്ള വിശദമായ വഴികള്‍ ഈ ആപ്പ് നല്‍കുന്നു. പ്രധാനപ്പെട്ട റെസ്റ്റോറന്റുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഓഫ്‌ലൈനായി അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഫോണിന്റെ മെമ്മറി അധികം കവരാത്ത ലൈറ്റ് വെയ്റ്റ് ആപ്പായതിനാല്‍ ബഡ്ജറ്റ് ഫോണുകളിലും ആപ്പ് നന്നായി പ്രവർത്തിക്കും.

3. ഹിയർ വിഗോ (HERE WeGo)

നൂറിലധികം രാജ്യങ്ങളിലെ ഓഫ്‌ലൈൻ മാപ്പുകളും നാവിഗേഷനും നല്‍കുന്ന ആപ്പാണിത്. മാപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ മൊബൈല്‍ ഡാറ്റ ഇല്ലെങ്കിലും 'ടേണ്‍-ബൈ-ടേണ്‍' (Turn-by-turn) ദിശാസൂചനകള്‍ ഇതിലൂടെ ലഭ്യമാകും. പല പ്രമുഖ നഗരങ്ങളിലെയും പൊതുഗതാഗത റൂട്ടുകളും യാത്രാസമയവും വരെ ഇന്റർനെറ്റ് ഇല്ലാതെ തന്നെ ഈ ആപ്പില്‍ അറിയാൻ സാധിക്കും. ദീർഘദൂര റോഡ് യാത്രകള്‍ക്ക് ഇത് വളരെ ഉപകാരപ്രദമാണ്.

4. ഓസ്മാൻഡ് (OsmAnd)

'ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ്' ഡാറ്റയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഓഫ്‌ലൈൻ നാവിഗേഷൻ ആപ്പാണിത്. ഓഫ്‌ലൈൻ മാപ്പുകള്‍ക്ക് പുറമെ ജിപിഎസ് നാവിഗേഷൻ, വനങ്ങളിലെയും മലകളിലെയും കാല്‍നടപ്പാതകള്‍ എന്നിവയും ഇതില്‍ നിന്ന് അറിയാൻ കഴിയും. ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കില്‍ പോലും ഭൂപ്രകൃതിയുടെ ഉയർച്ചതാഴ്ചകള്‍ വ്യക്തമായി കാണാൻ സാധിക്കുമെന്നതിനാല്‍ ട്രെക്കിംഗ് നടത്തുന്നവർക്കും സൈക്കിള്‍ യാത്രക്കാർക്കും സാഹസിക സഞ്ചാരികള്‍ക്കും ഇത് ഏറെ അനുയോജ്യമാണ് ഈ ആപ്പ്.

5. ഗൂഗിള്‍ ട്രാൻസ്ലേറ്റ് (Google Translate - Offline Mode)

അപരിചിതമായ സ്ഥലങ്ങളില്‍ ഭാഷാ ബുദ്ധിമുട്ടുകള്‍ മറികടക്കാൻ ഗൂഗിള്‍ ട്രാൻസ്ലേറ്റിന്റെ ഓഫ്‌ലൈൻ ഫീച്ചർ സഹായിക്കും. തങ്ങള്‍ക്ക് ആവശ്യമുള്ള ഭാഷകളുടെ 'ലാംഗ്വേജ് പാക്കുകള്‍' (Language packs) മുൻകൂട്ടി ഡൗണ്‍ലോഡ് ചെയ്താല്‍ ഇന്റർനെറ്റ് ഇല്ലാതെ തന്നെ വാക്കുകളും വാചകങ്ങളും വിവർത്തനം ചെയ്യാം. ചില ഭാഷകളില്‍ ഓഫ്‌ലൈൻ മോഡില്‍ തന്നെ വോയ്‌സ് ഇൻപുട്ടും ക്യാമറ ഉപയോഗിച്ചുള്ള ട്രാൻസ്ലേഷനും (ക്യാമറ ബോർഡുകള്‍ക്ക് നേരെ പിടിച്ച്‌ അർത്ഥം മനസ്സിലാക്കുന്നത്) ഈ ആപ്പില്‍ ലഭിക്കും.

6. ട്രയല്‍ വാലറ്റ് (Trail Wallet)

യാത്രകള്‍ക്കിടയിലെ ചെലവുകള്‍ കൃത്യമായി ട്രാക്ക് ചെയ്യാൻ സഞ്ചാരികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു ലളിതമായ ഓഫ്‌ലൈൻ ആപ്പാണിത്. ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കില്‍ പോലും ദിവസേനയുള്ള ചെലവുകള്‍ രേഖപ്പെടുത്താനും അവയെ വിവിധ കാറ്റഗറികളായി തിരിക്കാനും ബഡ്ജറ്റ് നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. ഒന്നിലധികം കറൻസികളെ പിന്തുണയ്ക്കുന്ന ഈ ആപ്പ്, ഓഫ്‌ലൈൻ ആയിരിക്കുമ്പോള്‍ തന്നെ കറൻസി മൂല്യങ്ങള്‍ മാറ്റാനും സഹായിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam